ഐപിഎൽ 2026-ൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒഴികെയുള്ള എല്ലാ ടീമുകളും ഇതിനോടകം മൂന്ന് മത്സരങ്ങൾ വീതം കളിച്ചു കഴിഞ്ഞു. ടൂർണമെന്റ് അതിന്റെ ആദ്യ ഘട്ടത്തിലാണെങ്കിലും, ലേലത്തിൽ കോടികൾ വാരിക്കൂട്ടിയ പല പ്രമുഖ താരങ്ങളും ഇതുവരെ ഫോമിലെത്തിയിട്ടില്ല എന്നതാണ് നിലവിലെ കാഴ്ച. രാജസ്ഥാൻ റോയൽസിന്റെ സ്പിന്നർ രവി ബിഷ്ണോയി മാത്രമാണ് തന്റെ വിലയ്ക്കൊത്ത പ്രകടനം പുറത്തെടുക്കുന്നത്.
ഈ സീസണിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന പത്ത് താരങ്ങൾക്കായി ടീമുകൾ ആകെ ചെലവാക്കിയത് 125.20 കോടി രൂപയാണ്. ഇതിൽ മികച്ച പ്രകടനം നടത്തുന്ന ബിഷ്ണോയിയെ (7.20 കോടി) ഒഴിവാക്കിയാൽ ബാക്കി ഒൻപത് താരങ്ങൾക്കുമായി ചിലവായത് 118 കോടി രൂപയാണ്. എന്നാൽ ഇവരിലൊരാൾ പോലും തങ്ങൾക്ക് ലഭിച്ച വലിയ തുകയോട് ഇതുവരെ നീതി പുലർത്തിയിട്ടില്ല.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന 10 താരങ്ങളുടെ പ്രകടനം ഇതാ:
കാമറൂൺ ഗ്രീൻ (KKR – 25.20 കോടി): ലക്നൗവിനെതിരെ രണ്ട് ഓവർ എറിഞ്ഞ ഗ്രീൻ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. നാല് മത്സരങ്ങളിൽ നിന്നായി ബാറ്റിങ്ങിൽ നേടിയത് വെറും 56 റൺസ് മാത്രം. മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റ് ചെയ്യുന്ന താരത്തിൽ നിന്ന് ഇതിലും മികച്ച പ്രകടനമാണ് കൊൽക്കത്ത പ്രതീക്ഷിക്കുന്നത്.
മതീഷ പതിരണ (KKR – 18 കോടി): ലോകകപ്പിനിടെ പരിക്കേറ്റ പതിരണ ഇതുവരെ മത്സരങ്ങൾ കളിച്ചു തുടങ്ങിയിട്ടില്ല. നെറ്റ്സിൽ പരിശീലനം തുടങ്ങിയെങ്കിലും എപ്പോൾ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
കാർത്തിക് ശർമ (CSK – 14.20 കോടി): വമ്പൻ അടിക്കാരനായ ഈ യുവതാരം മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയത് 18, 1, 6 എന്നിങ്ങനെ ചെറിയ സ്കോറുകൾ മാത്രമാണ്.
പ്രശാന്ത് വീർ (CSK – 14.20 കോടി): ചെന്നൈ വലിയ പ്രതീക്ഷയർപ്പിച്ച മറ്റൊരു യുവതാരമാണ് പ്രശാന്ത്. ബെംഗളൂരുവിനെതിരെ 43 റൺസ് നേടിയെങ്കിലും മറ്റ് മത്സരങ്ങളിൽ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല.
ലിയാം ലിവിങ്സ്റ്റൺ (SRH – 13 കോടി): ഹൈദരാബാദിനായി ഇതുവരെ ഒരു മത്സരം മാത്രം കളിച്ച താരം 14 റൺസാണ് നേടിയത്.
മുസ്തഫിസുർ റഹ്മാൻ (KKR – 9.20 കോടി): ബംഗ്ലാദേശ് പേസറായ മുസ്തഫിസുറിന് ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപേ തന്നെ ഐപിഎല്ലിൽ കളിക്കാൻ അനുമതി നിഷേധിക്കപ്പെട്ടു.
ജോഷ് ഇംഗ്ലിസ് (LSG – 8.60 കോടി): ഈ ഓസ്ട്രേലിയൻ താരം ഇതുവരെ ഒരു മത്സരത്തിലും കളിച്ചിട്ടില്ല.
ഔഖിബ് നബി (DC – 8.40 കോടി): ജമ്മു കശ്മീരിൽ നിന്നുള്ള ഈ പേസ് താരം ഇതുവരെ പ്ലേയിങ് ഇലവനിൽ ഇടം നേടിയിട്ടില്ല.
രവി ബിഷ്ണോയി (RR – 7.20 കോടി): വിലകൂടിയ താരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത് ബിഷ്ണോയിയാണ്. നാല് മത്സരങ്ങളിൽ നിന്നായി താരം ഒന്‍പത് വിക്കറ്റുകൾ വീഴ്ത്തിക്കഴിഞ്ഞു.
ജേസൺ ഹോൾഡർ (GT – 7.20 കോടി): വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറായ ഹോൾഡർ ഗുജറാത്തിനായി ഇതുവരെ മൈതാനത്തിറങ്ങിയിട്ടില്ല.




