അബുദാബി ബിഗ് ടിക്കറ്റിന്റെ 285-ാം സീരീസ് നറുക്കെടുപ്പിൽ കേരളത്തിൽ നിന്നുള്ള യുവസംരംഭകന് കോടികളുടെ മഹാഭാഗ്യം ലഭിച്ചു. ഷമോൺ ഷാജി എന്ന മലയാളി യുവാവിനെയാണ് 20 ദശലക്ഷം ദിർഹം (ഏകദേശം 45 കോടിയിലേറെ ഇന്ത്യൻ രൂപ) ഒന്നാം സമ്മാനമായി തേടിയെത്തിയത്. സൊമാലിയൻ പൗരനായ അഹമ്മദ് മുഹമ്മദിന് ആഡംബര വാഹനമായ മസെരാട്ടി ഗ്രെക്കേൽ കാറും സമ്മാനമായി ലഭിച്ചു. പ്രവാസികൾക്കിടയിൽ വലിയ പ്രതീക്ഷ നൽകിക്കൊണ്ടാണ് ബിഗ് ടിക്കറ്റ് ഈ വിജയികളെ പ്രഖ്യാപിച്ചത്.
ബിസിനസ് നടത്തുന്ന മുപ്പത്തിരണ്ടുകാരനായ ഷമോൺ ഷാജിക്ക് ഈ വിജയം തികച്ചും അപ്രതീക്ഷിതമായിരുന്നു. മാതാപിതാക്കളെ സന്ദർശിക്കാൻ ദുബായിൽ എത്തിയ ഷമോൺ കുടുംബാംഗങ്ങൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് തത്സമയ നറുക്കെടുപ്പ് മൊബൈലിലൂടെ കണ്ടത്. ടിക്കറ്റിലെ ഓരോ അക്കങ്ങളും ഒത്തുനോക്കുമ്പോൾ വലിയ ആകാംക്ഷയിലായിരുന്നു തങ്ങളെന്ന് ഷമോന്റെ ഭാര്യ ഓർത്തെടുക്കുന്നു.
വിജയിച്ചത് തങ്ങൾ തന്നെയാണെന്ന് ഉറപ്പായ നിമിഷം വലിയ ആവേശത്തോടെയാണ് കുടുംബം ആ വാർത്ത സ്വീകരിച്ചത്. ഏതാനും മാസങ്ങൾ മുൻപ് മാത്രം ബിഗ് ടിക്കറ്റ് എടുത്തു തുടങ്ങിയ ഈ ദമ്പതികൾക്ക് ഈ വലിയ നേട്ടം വിശ്വസിക്കാൻ ഇനിയും സാധിച്ചിട്ടില്ല. പെട്ടെന്ന് വലിയ തീരുമാനങ്ങൾ ഒന്നുമില്ലെന്നും ഈ സന്തോഷം ഉൾക്കൊള്ളാൻ കൂടുതൽ സമയം വേണമെന്നുമാണ് അവർ പറയുന്നത്.
അബുദാബി ബിഗ് ടിക്കറ്റിലൂടെ മസെരാട്ടി കാർ സമ്മാനമായി ലഭിച്ച സൊമാലിയൻ സ്വദേശി അഹമ്മദ് മുഹമ്മദിന്റെ വിജയം ഒരു കൂട്ടായ്മയുടെ ഫലമാണ്. ഷാർജയിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്ന അദ്ദേഹം തന്റെ 30 സഹപ്രവർത്തകർക്കൊപ്പം ചേർന്നാണ് ഭാഗ്യ ടിക്കറ്റ് സ്വന്തമാക്കിയത്. സമ്മാനമായി ലഭിച്ച ആഡംബര കാർ എല്ലാവരും ചേർന്ന് പങ്കിടുമെന്ന സന്തോഷത്തിലാണ് ഈ സുഹൃദ്സംഘം.




