Sports

ലോകകപ്പില്‍ ഗോള്‍ഡന്‍ ബാറ്റ് ആരു നേടും? ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍ ഈ അഞ്ചുപേര്‍

ലോകകപ്പ് ക്രിക്കറ്റില്‍ മിക്കവാറും എല്ലാ ടീമുകളും മൂന്ന് മത്സരം വീതം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ചില ടീമുകള്‍ നാലും. ഇനി മുതല്‍ ടീമുകള്‍ കൂടുതല്‍ കടുപ്പമുള്ള പോരാട്ടത്തിലേക്ക് നീങ്ങുമ്പോള്‍ അവര്‍ പ്രതീക്ഷയോടെ നോക്കുന്ന ബാറ്റുകള്‍ക്കും കനം കൂടുകയാണ്. ലോകകപ്പിലെ ഇതുവരെയുള്ള മത്സരങ്ങള്‍ വെച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാകാന്‍ കാത്തിരിക്കുകയാണ് ഓരോ ടീമിലെയും സൂപ്പര്‍ ബാറ്റ്‌സ്മാന്‍. അതേസമയം ഐസിസിയുടെ ഗോള്‍ഡന്‍ ബാറ്റിന് ആര് അര്‍ഹനാകുമെന്ന് നോക്കുകയാണ് ആരാധകര്‍.

ഇതുവരെയുള്ള ഇന്നിംഗ്‌സുകള്‍ വെച്ച് അഞ്ചുപേരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ന്യൂസിലന്റിന്റെ ഡെവണ്‍ കോണ്‍വോയിയാണ്. ഒരു റണ്‍സിന്റെ വ്യത്യാസത്തില്‍ പാക് ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാനും നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ റണ്‍സുമായി മുന്നില്‍ നില്‍ക്കുന്ന അഞ്ചുപേരില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുമുണ്ട്. ഇന്ത്യയുടെ മൂന്‍ നായകന്‍ വിരാട് കോഹ്ലി ആദ്യപത്തില്‍ ഒമ്പതാമതാണ്.

ഒരു മത്സരം പോലും തോല്‍ക്കാതെ എല്ലാ കളികളും ജയിച്ച് മുന്നേറിയ ന്യൂസിലന്റിനായി തിളക്കമാര്‍ന്ന പ്രകടനമാണ് ഡെവണ്‍ കോണ്‍വോയി നടത്തുന്നത്. പട്ടികയില്‍ ഒന്നാമതുള്ള അദ്ദേഹം ഇതുവരെ നാല് ഇന്നിംഗ്‌സുകള്‍ ബാറ്റ് ചെയ്തു കോണ്‍വോയ് 249 റണ്‍സാണ് കുറിച്ചിരിക്കുന്നത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ഇംഗ്‌ളണ്ടിനെതിരേ സെഞ്ച്വറി നേടിക്കൊണ്ടാണ് കോണ്‍വോയി തുടങ്ങിയത്. 152 റണ്‍സായിരുന്നു ഈ മത്സരത്തില്‍ കോണ്‍വോയി അടിച്ചുകൂട്ടിയത്.

തൊട്ടുപിന്നില്‍ പാകിസ്താന്റെ മുഹമ്മദ് റിസ്വാന്‍ നില്‍ക്കുന്നുണ്ട്. മൂന്ന് ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത റിസ്വാന്‍ ഒരു റണ്‍സിനാണ് രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കാണ് പട്ടികയില്‍ മൂന്നാമന്‍ മൂന്ന് ഇന്നിംഗ്‌സുകള്‍ ബാറ്റ് ചെയ്ത ഡീകോക്ക് രണ്ടു സെഞ്ച്വറികള്‍ ഇതിനകം നേടിക്കഴിഞ്ഞു. 229 റണ്‍സും ദക്ഷിണാഫ്രിക്കയ്ക്കായി നേടി.

ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധശതകവും അടക്കം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ മൂന്ന് കളിയില്‍ നിന്നും 217 റണ്‍സ് നേടിക്കഴിഞ്ഞു. പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നില്‍ക്കുന്നത്. 207 റണ്‍സുമായി കുശാല്‍ മെന്‍ഡിസാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. മൂന്ന് ഇന്നിംഗ്‌സ് ഇതുവരെ കുശാല്‍ മെന്‍ഡിസ് നേടി.