കുളിക്കുമ്പോഴോ മുടി ചീകുമ്പോഴോ മുടി കൊഴിയുന്നത് കണ്ട് ആകുലപ്പെടാത്തവർ കുറവായിരിക്കും. എന്നാൽ നമ്മുടെ മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യത്തിന്റെയും കാര്യത്തിൽ ഇത് എന്താണ് അർത്ഥമാക്കുന്നത് എന്ന് പലർക്കും അറിയില്ല. കാലിഫോർണിയയിലെ ഫങ്ഷണൽ മെഡിസിൻ വിദഗ്ദ്ധയായ ഡോ. ക്ലിയോ ടെറ്റ്‌സ്‌ലോഫ് ഇൻസ്റ്റാഗ്രാമിലൂടെ മുടികൊഴിച്ചിൽ സൂചിപ്പിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കാമെന്നും വിശദീകരിച്ചു.
1. കുറഞ്ഞ ഫെറിറ്റിൻ അളവ് രക്തത്തിലെ ഫെറിറ്റിൻ അളവ് 50 ng/mL-ൽ താഴെയാണെങ്കിൽ, മുടിവേരുകൾക്ക് ആവശ്യമായ പോഷണം ലഭിക്കുന്നില്ലെന്നാണ് അർത്ഥം.
- പരിഹാരം: ആഴ്ചയിൽ രണ്ടുതവണ ലിവർ ഗുളികകൾ കഴിക്കുക, വൈറ്റമിൻ സി വർദ്ധിപ്പിക്കുക.
- ദഹന എൻസൈമുകൾ, പ്രോബയോട്ടിക്സ് എന്നിവ ഉപയോഗിച്ച് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക.
- പോഷകങ്ങൾ ആഗിരണം ചെയ്യാനായി ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പും ശേഷവും വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.
2. ഹോർമോൺ വ്യതിയാനങ്ങൾ ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, ടെസ്റ്റോസ്റ്റിറോൺ എന്നിവയുടെ കുറവോ ആൻഡ്രോജനുകളുടെ വർദ്ധനവോ (PCOS പോലുള്ളവ) മുടിയുടെ വളർച്ചാ ചക്രത്തെ ബാധിക്കുന്നു.
- പരിഹാരം: ഹോർമോൺ പരിശോധന നടത്തുക. സസ്യാഹാരത്തിലൂടെയുള്ള ‘സീഡ് സൈക്ലിംഗ്’ പരീക്ഷിക്കുക.
- ടെസ്റ്റോസ്റ്റിറോൺ സ്വാഭാവികമായി നിലനിർത്താൻ സ്ട്രെങ്ത് ട്രെയിനിംഗ് (ഭാരമുയർത്തിയുള്ള വ്യായാമം) ചെയ്യുക.
3. മാനസിക സമ്മർദ്ദ ഹോർമോണുകൾ (Stress) കഠിനമായ സമ്മർദ്ദം കോർട്ടിസോൾ അളവ് കൂട്ടുകയും മുടി കൊഴിച്ചിലിന് (Telogen Effluvium) കാരണമാകുകയും ചെയ്യുന്നു. ശരീരം നിലനിൽപ്പിനായി അത്യന്താപേക്ഷിതമല്ലാത്ത പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിന്റെ ഭാഗമാണിത്.
- പരിഹാരം: വൈറ്റമിൻ സി, മഗ്നീഷ്യം ഗ്ലൈസിനേറ്റ് എന്നിവ കഴിക്കുക.
- ശ്വസന വ്യായാമങ്ങൾ (Breathwork), നടത്തം, യോഗ എന്നിവ ശീലമാക്കുക.
4. മോശം കുടൽ ആരോഗ്യം (Poor Gut Health) കുടലിന് പോഷകങ്ങൾ ആഗിരണം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ സപ്ലിമെന്റുകൾ കഴിച്ചിട്ട് കാര്യമില്ല. വയർ വീർക്കുക, മലബന്ധം, നെഞ്ചെരിച്ചിൽ എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
- പരിഹാരം: ഭക്ഷണത്തിനൊപ്പം ദഹന എൻസൈമുകൾ കഴിക്കുക.
- എല്ല് സൂപ്പ് (Bone broth) ദിവസവും കുടിക്കുക.
- ഗ്ലൂറ്റൻ, പാലുൽപ്പന്നങ്ങൾ, പഞ്ചസാര എന്നിവ 30 ദിവസത്തേക്ക് ഒഴിവാക്കി മാറ്റം നിരീക്ഷിക്കുക.
5. പോഷകങ്ങളുടെ കുറവ് ശരീരത്തിന് മുടി എന്നത് ഒരു ‘ആഡംബര കല’ മാത്രമാണ്. പ്രധാന അവയവങ്ങളുടെ സംരക്ഷണത്തിനായി ശരീരം മുടിയിൽ നിന്നുള്ള പോഷകങ്ങൾ കവർന്നെടുക്കും.
- പരിഹാരം: സിങ്ക്, ബി-കോംപ്ലക്സ്, വൈറ്റമിൻ D3 + K2 എന്നിവ കഴിക്കുക.
- മൃഗങ്ങളിൽ നിന്നുള്ള പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
6. രക്തത്തിലെ പഞ്ചസാരയുടെ അളവ് പഞ്ചസാരയുടെ അളവിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ മുടിവേരുകളെ നേരത്തെ കൊഴിയുന്ന ഘട്ടത്തിലേക്ക് എത്തിക്കുന്നു.
- പരിഹാരം: എല്ലാ ഭക്ഷണത്തിലും പ്രോട്ടീനും കൊഴുപ്പും ഉൾപ്പെടുത്തുക (കുറഞ്ഞത് 30 ഗ്രാം പ്രോട്ടീൻ).
- ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡെർ വിനഗർ ഉപയോഗിക്കുക.
- ഭക്ഷണത്തിന് ശേഷം 10 മിനിറ്റ് നടക്കുക.
7. തൈറോയ്ഡ് അസന്തുലിതാവസ്ഥ മുടി വളരാൻ സജീവമായ തൈറോയ്ഡ് ഹോർമോൺ ആവശ്യമാണ്. ഇതില്ലാതെ വരുമ്പോൾ മുടിവേരുകൾ നിർജ്ജീവമാകുന്നു.
- പരിഹാരം: TSH, Free T3, Free T4 എന്നിവയുൾപ്പെടെയുള്ള പൂർണ്ണ തൈറോയ്ഡ് പരിശോധന നടത്തുക.
- ഭക്ഷണത്തിൽ സെലീനിയം, സിങ്ക്, മഗ്നീഷ്യം എന്നിവ ഉൾപ്പെടുത്തുക. ആവശ്യത്തിന് കലോറിയും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുക.




