Celebrity

അയ്യോ… ഇത് സൗന്ദര്യ അല്ലേ? ആണോ ? സിനിമാതാരം സൗന്ദര്യയുടെ രൂപസാദൃശ്യമുള്ള യുവതിയുടെ വീഡിയോ വൈറല്‍

തെന്നിന്ത്യ മുഴുവന്‍ നിറഞ്ഞു നിന്ന നായികയായിരുന്നെങ്കിലും മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന താരമായിരുന്നു സൗന്ദര്യ. 1992ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ബാ നന്ന പ്രീതിസുവിലൂടെ ആണ് സൗന്ദര്യ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. പിന്നീടിങ്ങോട്ട് നായിക യായും സഹോദരിയായും ചിരഞ്ജീവി, രജനികാന്ത്, മോഹൻലാല്‍, ജയറാം തുടങ്ങി മലയാളത്തിലും തമിഴിലും തെലുങ്കിലും സൂപ്പര്‍താരങ്ങളുടെ നായികയായി സൗന്ദര്യ തിളങ്ങി. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് അവിചാരിതമായി 2004ല്‍ നടന്ന വിമാനാപകടത്തില്‍ സൗന്ദര്യ അന്തരിച്ചത്. പിന്നീട് പലപ്പോഴും പല സംവിധായകരും തിരക്കഥാകൃത്തുക്കളും സൗന്ദര്യ എന്ന താരത്തിന്റെ വേര്‍പാട് വരുത്തിയ നഷ്ടം പങ്കുവച്ചിട്ടുണ്ട്.
ഇപ്പോള്‍ സൗന്ദര്യയുടെ മുഖസാദൃശ്യമുള്ള ചിത്ര എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. ഒരാളെ പോലെ ഏഴ് പേര്‍ ഉണ്ടാകുമെന്ന ചൊല്ലിനെ സത്യമാക്കുകയാണ് ചിത്ര. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സൗന്ദര്യയുടെ മുഖ സാദൃശ്യമാണ് ഈ യുവതിയ്ക്ക് ഉള്ളത്. ഒറ്റനോട്ടത്തില്‍ ഇത് സൗന്ദര്യ അല്ലായെന്ന് ആരും പറയില്ല. സൗന്ദര്യയുടെ സിനിമകളുടെ ഡയലോഗുകളും പാട്ടുകളും അനുകരിക്കാറുണ്ട് ചിത്ര. നാല് ലക്ഷത്തോളം ഫോളോവേഴ്സാണ് ചിത്രയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.

കഴിഞ്ഞ ദിവസം ‘എഐ സംവിധാനമല്ല, അല്‍പ്പം ഫില്‍റ്റര്‍ മാത്രം…’ എന്ന ക്യാപ്ഷനും നല്‍കി ചിത്ര ഒരു വീഡിയോ പങ്കിട്ടിരുന്നു. അതില്‍ സൗന്ദര്യ തന്നെയാണിതെന്ന് ആരാധകര്‍ക്ക് തോന്നിപ്പോകും. സൗന്ദര്യയും മോഹൻലാലും തകര്‍ത്തഭിനയിച്ച കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ വീഡിയോ റീല്‍ ചിത്ര ചെയ്തിരുന്നു. ഈ വീഡിയോയ്ക്ക് താഴെ മലയാളികളടക്കം നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ‘സൗന്ദര്യയെ പോലെ ഇരിക്കുന്നു, മരിച്ചുപോയ ആളെ നേരില്‍ കണ്ടു, പെട്ടെന്ന് ഞെട്ടി സൗന്ദര്യ ആണെന്ന് വിചാരിച്ചു’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. ‘‘യഥാര്‍ത്ഥത്തില്‍ ഞാൻ സൗന്ദര്യ മാമിനെ പോലെയല്ല. എന്നാല്‍ എനിക്ക് അവരുടെ അനുഗ്രഹം ലഭിച്ചതായി ഞാൻ കരുതുകയാണ്…’’ എന്നാണ് ഈ കമന്റുകള്‍ക്ക് ചിത്ര നല്‍കുന്ന മറുപടി.

സിനിമാ താരങ്ങളുടെ മുഖവുമായി സാമ്യമുള്ളവരെ കാണുന്നത് എപ്പോഴും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. പലപ്പോഴും മുഖസാമ്യമുള്ളവരുടെ വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ സില്‍ക് സ്മിതയുടെ അപരയെ സോഷ്യല്‍ മീഡിയ വൈറലാക്കിയിരുന്നു. ഇത്തരത്തിലുള്ള അപരന്മാരെ കാണുക എന്നത് ശരിക്കും കൗതുകമാണ്.

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

https://www.instagram.com/reel/CwMWSe4prOa/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==