Hollywood

ബാര്‍ബി നായകനും നായികയും ഇനി നടത്താന്‍ പോകുന്നത് കൊള്ള ; മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും ഓഷ്യന്‍സ് ഇലവന്‍ പ്രീക്വലില്‍

ഹോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ ബാര്‍ബിയിലെ നായകനും നായികയും ഇനി അവിടെ നിന്നും പോകുന്നത് കൊള്ള നടത്താന്‍. ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നും കോമഡി കൊള്ളയുമായ ഓഷ്യന്‍സ് ഇലവന്‍ പ്രീക്വല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ബാര്‍ബി നായികാനായകന്മാരായ മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും. സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

1960ലെ കോമഡി-ക്രൈം ചിത്രമായ ഓഷ്യന്‍സ് ഇലവനെ അടിസ്ഥാനമാക്കിയാണ് ഓഷ്യന്റെ മുഴുവന്‍ ഫിലിം ഫ്രാഞ്ചൈസിയും രൂപപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജ് ക്ലൂണി, മാറ്റ് ഡാമണ്‍, ബ്രാഡ് പിറ്റ്, ജൂലിയ റോബര്‍ട്ട്‌സ് എന്നിവരടങ്ങുന്ന ഒരു താരനിരയെ ഉള്‍പ്പെടുത്തി 2001-ല്‍ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് അതേ പേരില്‍ സിനിമ റീബൂട്ട് ചെയ്ത സിനിമ ലോകമെമ്പാടുമുള്ള ബോക്‌സോഫീസില്‍ വന്‍ വിജയമായിരുന്നു.

സുഹൃത്തുക്കളായ ഡാനി ഓഷ്യനും റസ്റ്റി റയാനും ഡാനിയുടെ മുന്‍ ഭാര്യ ടെസിന്റെ കാമുകനായ ഒരു കാസിനോ ഉടമയില്‍ നിന്ന് 160 മില്യണ്‍ ഡോളര്‍ കൊള്ളയടിക്കാന്‍ പദ്ധതിയിടുന്നതായിരുന്നു സിനിമയുടെ കഥ. അതേസമയം പ്രീക്വലിന്റെ ഇതിവൃത്തം അറിവായിട്ടില്ല. എന്നിരുന്നാലും, 2022 മുതല്‍ അണിയറക്കാര്‍ ഇതിന്റെ കഥ തയ്യാറാക്കി കാത്തിരിക്കുകയാണ്. എമ്മി അവാര്‍ഡ് ജേതാവും ബോംബ്‌ഷെല്‍ സംവിധായകനുമായ ജെയ് റോച്ച് സിനിമ സംവിധാനം ചെയ്യുമെന്നാണ് വിവരം. ബാര്‍ബിയില്‍ മികച്ച രസതന്ത്രം കണ്ടെത്തിയ മാര്‍ഗരറ്റും റയാനും സിനിമയില്‍ പ്രധാന താരങ്ങളാകുമെന്ന് മാത്രമാണ് കേള്‍ക്കുന്ന സൂചന.

ഓഷ്യന്‍സ് ഇലവന്‍ പ്രീക്വലിന്റെ റിലീസ് തീയതി നിലവില്‍ അജ്ഞാതമാണ്. ഹോളിവുഡിലെ പണിമുടക്ക് ഓഷ്യന്‍സ് ഇലവന്‍ പ്രീക്വലിന്റെ നിര്‍മ്മാണത്തെ ബാധിച്ചിരുന്നു. ഇതോടെ ചിത്രത്തിന്റെ റിലീസ് തിയതി 2025-ലോ അതിനു ശേഷമോ ഉണ്ടാകാനാണ് സാധ്യത. അതേസമയം 2004 ലും 2007 ലും ഓഷ്യന്‍ ട്വല്‍വും ഓഷ്യന്‍ തെര്‍ട്ടീനും സോഡര്‍ബര്‍ഗ് തന്നെ സംവിധാനം ചെയ്തിരുന്നു 2018 ലാണ് ഫ്രാഞ്ചൈസിയുടെ അവസാന സിനിമ വന്നത്. അത് സ്ത്രീ പ്രധാന്യമുള്ള സിനിമയായ ഒഷ്യന്‍ എയ്റ്റ് ആയിരുന്നു.