Featured Healthy Food

പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞു, ഇനി നിങ്ങളുടെ കരളിന്റെ ആരോഗ്യം വീണ്ടെടുക്കണ്ടേ? ഈ ഭക്ഷണങ്ങൾ സഹായിക്കും

ന്യൂഡൽഹി: പുതുവർഷാഘോഷങ്ങളിലെ അമിതഭക്ഷണം, മദ്യപാനം, മധുരപലഹാരങ്ങൾ, ഉറക്കമിളയ്ക്കൽ എന്നിവയെല്ലാം കരളിന് വലിയ രീതിയിലുള്ള സമ്മർദ്ദം നൽകാറുണ്ട്. ശരീരത്തിലെ പ്രധാന വിഷഹരണ അവയവമായ കരൾ, വിഷാംശങ്ങളെ നീക്കം ചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ ജോലികളാണ് കരളിനുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരള്‍ നിരന്തരം പ്രവർത്തിക്കുന്നു. കരളിന്റെ പ്രവർത്തനക്ഷമതയ്ക്ക് മുകളിൽ സമ്മർദ്ദമുണ്ടാകുമ്പോൾ ക്ഷീണം, വയറുവീക്കം, അസിഡിറ്റി, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാം.

എന്നാൽ, ശരിയായ ഭക്ഷണക്രമത്തിലൂടെ കരളിന്റെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ സാധിക്കും. വീക്കം (inflammation) കുറയ്ക്കാനും എൻസൈമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഭക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

  1. കരളിന്റെ ആരോഗ്യത്തിന് പഴവർഗങ്ങൾ

ബ്ലൂബെറി, ക്രാൻബെറി തുടങ്ങിയ ബെറി പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കരൾ കോശങ്ങളെ സംരക്ഷിക്കുന്നു. ഗ്രേപ് ഫ്രൂട്ട് (Grapefruit), നാരങ്ങ, ഓറഞ്ച് എന്നിവയിലെ വൈറ്റമിൻ സി വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. കറുത്ത മുന്തിരിയിലുള്ള സസ്യ സംയുക്തങ്ങൾ കരളിനുണ്ടാകുന്ന വീക്കം കുറയ്ക്കാൻ ഫലപ്രദമാണ്.

  1. വിഷാംശം നീക്കം ചെയ്യാൻ പച്ചക്കറികൾ

ചീര പോലുള്ള ഇലക്കറികളിലെ ക്ലോറോഫിൽ ശരീരത്തിലെ ദോഷകരമായ രാസവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബ്രൊക്കോളി, കാബേജ് എന്നിവ കരളിന്റെ ശുദ്ധീകരണ പ്രക്രിയ സുഗമമാക്കും. ബീറ്റ്‌റൂട്ട് ജ്യൂസിലെ ബെറ്റാലൈനുകൾ (betalains) ഓക്സിഡേറ്റീവ് നാശം തടയുന്നു. വെളുത്തുള്ളി കഴിക്കുന്നത് കരൾ എൻസൈമുകളെ ഉത്തേജിപ്പിക്കാൻ നല്ലതാണ്.

  1. പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും

സാൽമൺ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. വാൾനട്ട്, ബദാം എന്നിവ വൈറ്റമിൻ ഇ-യാൽ സമ്പന്നമാണ്. ചിക്കൻ, പരിപ്പ് വർഗങ്ങൾ, ടോഫു തുടങ്ങിയ ലീൻ പ്രോട്ടീനുകൾ സംസ്‌കരിച്ച ഇറച്ചിയേക്കാൾ കരളിന് ഗുണകരമാണ്. ഒലീവ് ഓയിൽ ഉപയോഗിക്കുന്നത് എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും.

  1. പാനീയങ്ങളും ധാന്യങ്ങളും

ധാരാളം വെള്ളം കുടിക്കുന്നത് വിഷാംശം പുറന്തള്ളാൻ അത്യാവശ്യമാണ്. മിതമായ അളവിൽ കാപ്പി കുടിക്കുന്നത് കരൾ രോഗസാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ (catechins) കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും. ഓട്‌സ്, തവിട് കളയാത്ത അരി, ക്വിനോവ തുടങ്ങിയ ധാന്യങ്ങളിലെ നാരുകൾ ദഹനത്തിന് സഹായിക്കുന്നു.

പുതുവർഷ ആഘോഷങ്ങൾക്ക് ശേഷം ഇത്തരം പോഷകഗുണമുള്ള ഭക്ഷണങ്ങൾ ശീലിക്കുന്നത് നിങ്ങളുടെ ഊർജ്ജസ്വലത വീണ്ടെടുക്കാനും കരളിന്റെ പ്രവർത്തനം സുഗമമാക്കാനും സഹായിക്കും.