Featured Oddly News

വെറുമൊരു ഫുഡ് ഡെലിവറി ബോയ്, സമ്പാദിച്ചത് 1.4 കോടി രൂപ ! എങ്ങനെയെന്നറിയണ്ടേ?

ഫുഡ് ഡെലിവറി ജോലി മാത്രം ചെയ്ത് 1.4 കോടി സമ്പാദിച്ച യുവാവിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലൂടെയാണ് ചൈനയിലെ ഒരു ഫുഡ് ഡെലിവറി ഏജന്റിന്റെ നേട്ടത്തിന്റെ കഥ പുറത്ത് വന്നത്. അഞ്ച് വര്‍ഷത്തെ കഠിനാധ്വാനവും മിതമായ ജീവിതശൈലിയും കൊണ്ടാണ് 25 -കാരനായ ഷാങ് സൂക്വിയാങ് ഇത്രയും രൂപ സമ്പാദിച്ചത്.

ഫുജിയാന്‍ പ്രവിശ്യയിലെ ഷാങ്ഷൗ നഗരത്തില്‍ ഒരു സുഹൃത്തിനൊപ്പം ബ്രേക്ക് ഫാസ്റ്റ് കട നടത്തുകയായിരുന്നു ഷാങ്. എന്നാല്‍ ആ സംരംഭം പൂട്ടിപ്പോയി, 50,000 യുവാന്‍ (7,000 യുഎസ് ഡോളര്‍) കടവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. പുതിയൊരു തുടക്കം തേടി അദ്ദേഹം ഷാങ്ഹായിലേക്ക് താമസം മാറുകയായിരുന്നു. തുടര്‍ന്ന് ഫുഡ് ഡെലിവറി ജോലി ചെയ്ത് തുടങ്ങി. ആഴ്ചയില്‍ ഏഴ് ദിവസവും, 13 മണിക്കൂറുകള്‍ വച്ച് ഷാങ് ജോലി ചെയ്യും. ചൈനീസ് സ്പ്രിങ് ഫെസ്റ്റിവലിനാണ് കുറച്ച് ദിവസം ഓഫ് എടുക്കുന്നത്. രാവിലെ 10.40 മുതല്‍ രാത്രി ഒരു മണി വരെയാണ് ഷാങ് ജോലി ചെയ്യുക. ദിവസം 8 മണിക്കൂര്‍ ഉറക്കവും ഉറപ്പാക്കും.

വര്‍ഷങ്ങളായി, അദ്ദേഹം ഒരു മാസം ശരാശരി 300 -ലധികം ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓരോ ഡെലിവറിക്കും ഏകദേശം 25 മിനിറ്റാണ് എടുക്കുന്നത്, 324,000 കിലോമീറ്ററാണ് ആകെ സഞ്ചരിച്ചത്. നവംബര്‍ അവസാനമാണ്, ഷാങ് സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്യുന്നത്, അഞ്ച് വര്‍ഷത്തിനിടെ താന്‍ ആകെ 1.4 മില്ല്യണ്‍ യുവാന്‍ സമ്പാദിച്ചതായി അതില്‍ ഷാങ് വെളിപ്പെടുത്തി. കടങ്ങളും അത്യാവശ്യം ജീവിതച്ചെലവുകളും എല്ലാം കഴിഞ്ഞ ശേഷമാണ് ഈ പണമുണ്ടാക്കാന്‍ തനിക്കായത് എന്നും ഷാങ് പറയുന്നു.