ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ പ്രതിസന്ധി ആറാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. വിവാഹ ചടങ്ങിനു പോകുന്നവര്, കുടുംബാംഗങ്ങളെ കാണാൻ പോകുന്നവർ, വിദേശികൾ, ജോലിക്കാർ തുടങ്ങി നിരവധി പേർ ഇക്കൂട്ടത്തിലുണ്ട്. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇത്തരത്തിൽ വൈറലായ ഒരു വീഡിയോയിൽ, വിമാനങ്ങൾ റദ്ദാക്കിയതുമൂലം സ്വന്തം വിവാഹത്തിന് എത്താൻ കഴിയാതെ വിമാനത്താവളത്തിൽ കുടുങ്ങിയ ഒരു വരനെ കാണാം. വിമാനത്തിന്റെ വിവരങ്ങൾ അറിയാനായി എൻക്വയറി കൗണ്ടറിന് മുന്നിൽ മറ്റ് യാത്രക്കാർക്കൊപ്പം നിൽക്കുന്ന ഇയാൾ, സാഹചര്യത്തിന്റെ വിരോധാഭാസം ഓർത്ത് പൊട്ടിച്ചിരിച്ചുകൊണ്ടാണ് സംസാരിക്കുന്നത്.
“ഞാനാണ് കല്യാണച്ചെക്കൻ,” എന്ന് ചിരിച്ചുകൊണ്ട് ഇയാൾ പറയുന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. “എന്റെ സ്വന്തം കല്യാണമാണ്… പക്ഷേ എനിക്ക് പോകാൻ കഴിയുന്നില്ല,” എന്ന് അയാൾ പറയുന്നതും വീഡിയോയിലുണ്ട്.
സോഷ്യൽ മീഡിയ പ്രതികരണങ്ങൾ
വിവാഹദിവസം വിമാനത്താവളത്തിൽ കുടുങ്ങിയിട്ടും അത് ചിരിച്ചുകൊണ്ട് നേരിട്ട വരന്റെ വീഡിയോ വലിയ ചർച്ചയായി. “പുറത്ത് ചിരിക്കുന്നുണ്ടെങ്കിലും ഉള്ളിൽ തകർന്നിരിക്കുകയാകും,” എന്നാണ് ഒരാൾ എക്സിൽ (X) കുറിച്ചത്. “ഓൺലൈനായി വിവാഹം നടത്തൂ” എന്നും “പുരുഷന്മാർക്ക് അവരുടെ കണ്ണുനീർ വേഗത്തിൽ പുറത്ത് കാണിക്കാനാകില്ല” എന്നുമൊക്കെയുള്ള കമന്റുകൾ വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലായിരുന്നു ഇത്തരമൊരു സംഭവമെങ്കിൽ എയർലൈൻ കമ്പനി കോടിക്കണക്കിന് രൂപ നഷ്ടപരിഹാരം നൽകേണ്ടി വരുമായിരുന്നുവെന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.




