Entertainment

ലതാമങ്കേഷ്‌ക്കര്‍ വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? അസാധാരണമായ ഒരു പ്രണയകഥ

സംഗീതലോകത്ത് ഇന്ത്യന്‍ വസന്തം തീര്‍ത്തയാളാണ് ഗായിക ലതാ മങ്കേഷ്‌ക്കര്‍. ഇന്ത്യയിലെ 36 ഭാഷകളിലായി എട്ടു ദശകത്തോളം സംഗീത വേദിയില്‍ നിറഞ്ഞു നിന്ന അവര്‍ ഇന്ത്യയിലെ 36 ഭാഷകളിലായി ഏറ്റവും കൂടുതല്‍ റെക്കോഡ് ചെയ്യപ്പെട്ട ഗായികമാരില്‍ ഒരാളായി ഇന്നും ആരാധകരുടെ മനസ്സുകളില്‍ ജീവിക്കുന്നു. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശിക ഭാഷകളില്‍ അനേകം കാമുകിഭാവങ്ങള്‍ക്ക് ശബ്ദം നല്‍കിയ ലതാ മങ്കേഷ്‌ക്കര്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിഞ്ഞു. ഇതിന് കാരണം അസാധാരണമായ ഒരു ലവ്‌സ്‌റ്റോറി ആയിരുന്നു.

ഡിഎന്‍എയാണ് ഈ പ്രണയകഥ പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റും ബോളിവുഡും തമ്മില്‍ അഭേദ്യമായി ബന്ധമുള്ള ഇന്ത്യയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മൂന്‍ മാനേജര്‍ രാജ് സിംഗ് ദുംഗാര്‍പൂര്‍ ആണ് ഈ കഥയിലെ നായകന്‍. ദുംഗര്‍പൂര്‍ ഭരണാധികാരിയായിരുന്ന മഹാരാവല്‍ ലക്ഷ്മണ്‍ സിംഗ്ജിയുടെ ഇളയ മകനായ രാജ് സിംഗ് ദുംഗര്‍പൂരിന് രാജകീയ പശ്ചാത്തലമുണ്ടായിരുന്നു. യൗവ്വന കാലത്ത് മികച്ച ക്രിക്കറ്റ് കളിക്കാരനായിരുന്ന അദ്ദേഹം രാജസ്ഥാനില്‍ നിന്നുള്ള മീഡിയം ഫാസ്റ്റ് ബൗളറും സംഗീതഭ്രാന്തനുമായിരുന്നു.

മറാത്തി സംഗീതജ്ഞനും നാടക നടനുമായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കറുടെ ഇന്‍ഡോറില്‍ ജനിച്ച മകള്‍ ലത മികച്ച ഗായികയും കടുത്ത ക്രിക്കറ്റ് ആരാധികയും ആയിരുന്നു. ഈ ടേസ്റ്റാണ് രണ്ടുപേരെയും സുഹൃത്തുക്കളും പിന്നീട് പ്രണയികളുമാക്കി മാറ്റിയത്.

ലതാ മങ്കേഷ്‌കറിന്റെ ഇളയ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍ വഴിയാണ് ഇരുവരും കണ്ടുമുട്ടിയത്. ക്രിക്കറ്റ്താരമായ രാജ് സിംഗ് നിയമം പഠിക്കാന്‍ മുംബൈയിലേക്ക് പോയി. അവിടെ ലതയുടെ സഹോദരന്‍ ഹൃദയനാഥും രാജും ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിരുന്നു, ഇത് ലതയുടെ വീട്ടിലേക്ക് രാജിന്റെ പ്രവേശനത്തിന് കാരണമായി. അവരുടെ ആദ്യ സൗഹൃദം ക്രമേണ പ്രണയമായി രൂപാന്തരപ്പെട്ടു.

നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം രാജ് ദുംഗര്‍പൂരില്‍ തിരിച്ചെത്തി ലതയെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാല്‍ രാജകുടുംബം ഈ പ്രണയത്തെ അംഗീകരിച്ചില്ല. കുടുംബം ലതയെ വിവാഹം കഴിക്കാന്‍ രാജിനെ അനുവദിച്ചില്ല. ജീവിതത്തില്‍ ഒരുമിക്കാന്‍ കഴിയാതിരുന്ന ഇരുവരും വിവാഹം കഴിക്കാതെ് തന്നെ തുടര്‍ന്നും പ്രണയം മുമ്പോട്ടു കൊണ്ടുപോയി. ഇരുവരും അവിവാഹിതരായി തുടര്‍ന്നു.

രാജ് സിംഗ് ദുംഗര്‍പൂരിന്റെ മരുമകളായ ബിക്കാനീര്‍ രാജകുമാരി രാജശ്രീയുടെ ജീവചരിത്രമായ ‘പാലസ് ഓഫ് ക്ലൗഡ്സ് – എ മെമ്മോയര്‍’ എന്ന തലക്കെട്ടിലുള്ള തന്റെ ഓര്‍മ്മക്കുറിപ്പ് ആത്മകഥയിലാണ് ഈ അസാധാരണ പ്രണയകഥ ഉള്‍പ്പെട്ടിരിക്കുന്നത്. രാജ് സിംഗ് ദുംഗര്‍പൂര്‍ ലതാ മങ്കേഷ്‌കറിനെ സ്നേഹപൂര്‍വ്വം ‘മിഥു’ എന്ന് വിളിച്ചിരുന്നതായും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. 2009-ല്‍ രാജ് സിംഗിന്റെ മരണശേഷം ലതാ മങ്കേഷ്‌കര്‍ രഹസ്യമായി ദുംഗര്‍പൂര്‍ സന്ദര്‍ശിച്ചിരുന്നതായും പുസ്തകം പറയുന്നു.