Health

മഞ്ഞുകാലത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാം, അസുഖങ്ങള്‍ അവഗണിക്കരുത്

മഞ്ഞുകാലത്തുണ്ടാകുന്ന രോഗങ്ങളെ തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെങ്കിലും രോഗികളായാവരുടെ രോഗം മൂര്‍ച്ഛിക്കാതിരിക്കാനുള്ള ശ്രദ്ധയും അതിനോടൊപ്പം പ്രധാനപ്പെട്ടവയാണ്. കാലാവസ്ഥയിലെ വ്യതിയാനം രോഗത്തിന്റെ കാഠിന്യം കൂട്ടുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മഞ്ഞുകാലത്ത് പ്രത്യേക കരുതല്‍ എടുക്കേണ്ടത് ആവശ്യമാണ്.

ചൂട് കാലാവസ്ഥയില്‍ നിന്ന് മഞ്ഞുകാലത്തിന്റെ തണുപ്പിലേക്ക് പാതിയെ പ്രവേശിച്ച് തുടങ്ങുകയാണ്. തണുത്ത പ്രഭാതങ്ങളില്‍ മൂടിപ്പുതച്ചുറങ്ങാനും വൈകി എഴുന്നേല്‍ക്കാനും കൊതിക്കുന്നവരാണ് ഏറെയും. വെയിലിന്റെ ചൂട് മാറി അന്തരീക്ഷം തണുപ്പെത്തുമ്പോള്‍ പല രോഗങ്ങളും തലപൊക്കാനുള്ള സാധ്യതയുണ്ട്.

കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി പനി, ജലദോഷം, തൊണ്ടവേദന തുടങ്ങിയ അസുഖങ്ങള്‍ കടന്നു വരുന്നു.

ആസ്ത്മ രോഗികള്‍ കരുതലോടെ

മഞ്ഞുകാലത്ത് പ്രധാനമായും കാണപ്പെടുന്ന രോഗമാണ് ആസ്ത്മ. മനോഹരമായ മഞ്ഞുകാലം ആസ്ത്മ രോഗികള്‍ക്ക് പേടി സ്വപ്നമാണ്. തണുപ്പ് കൂടുന്നതോടെ ആസ്ത്മ ഇരട്ടിയാകാന്‍ ഇടയുണ്ട്. മൂക്കില്‍ നിന്നും ശ്വാസകോശങ്ങളിലെ നേര്‍ത്ത അറകളിലേക്ക് വായു എത്തിക്കുന്ന ശ്വാസക്കുഴല്‍ ചുരുങ്ങി ശ്വാസതടസം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ത്മ.

ശ്വാസംമുട്ടും കുറുകലും ചുമയുമാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങള്‍. ആസ്ത്മ രോഗികള്‍ മഞ്ഞുകാലത്ത് പ്രത്യേകം കരുതല്‍ സ്വീകരിക്കണം. വീടും മുറികളും പൊടിപടലങ്ങളില്ലാതെ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വാതിലുകളും ജനലുകളും അടച്ചിടാറുണ്ട്. അതിലൂടെ ശുദ്ധവായു വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടസമുണ്ടാക്കുന്നു. ഉള്ളിലുള്ള വായുവില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വര്‍ധിക്കുന്നു. ഇതില്‍ ആസ്ത്മ രോഗികള്‍ക്ക് അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഉണ്ടാകാം.

അതുകൊണ്ട് ജനലുകളും വാതിലുകളും പൂര്‍ണമായി അടച്ചിടുന്ന ശീലം മാറ്റുക. ജനലുകളുടെ ഒരു പാളിയെങ്കിലും തുറന്നിട്ട് ശുദ്ധവായു അടത്തുകടക്കാന്‍ അനുവദിക്കണം. ഇത് വീടിനുള്ളിലെ വായുവില്‍ അടങ്ങിയിരിക്കുന്ന അലര്‍ജി വസ്തുകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്നു.

രാത്രികാലങ്ങളില്‍ ആസ്ത്മ രോഗികള്‍ തണുപ്പ് ഏല്‍ക്കാതിരിക്കാന്‍ കരുതലുകളെടുക്കണം. മരുന്നുകള്‍ കഴിക്കുന്നവര്‍ മഞ്ഞുകാലത്ത് അവ മുടക്കരുത്. ആസ്ത്മ രോഗികള്‍ക്ക് രാവിലെയുള്ള നടത്തം ആരോഗ്യത്തിന് നല്ലതാണെങ്കിലും മഞ്ഞുകാലത്ത് അതിരാവിലെയുള്ള നടത്തം ഒഴിവാക്കുന്നതാണ് ഉചിതം.

മഞ്ഞുകാലങ്ങളിലെ വിനോദയാത്ര ആസ്ത്മ രോഗികള്‍ക്ക് അപകടം ക്ഷണിച്ച് വരുത്തുമെന്നതിനാല്‍ വിനോദ യാത്ര ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അത്യാവശ്യ ഘട്ടങ്ങളിലെ യാത്രകളില്‍ മാസ്‌ക് ഉപയോഗിക്കാന്‍ മറക്കരുത്. തണുത്താഹാരങ്ങള്‍ കഴിക്കാതിരിക്കുക. ചെറുചൂടു വെള്ളം കുടിക്കുന്നതാണ് നല്ലത്.

വൈറല്‍ പനി അവഗണിക്കരുത്

തണുപ്പുകാലത്ത് ഉണ്ടാകാവുന്ന മറ്റൊരു രോഗമാണ് വൈറല്‍ പനി. ക്ഷീണം ശരീരവേദന, സന്ധിവേദന, വയറിളക്കം, തലവേദന എന്നിവയോടുകൂടിയ പനിയാണ് വൈറല്‍ പനി. പരിപൂര്‍ണ വിശ്രമമാണ് വൈറല്‍ പനിയെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം.

ഈ സമയത്ത് ലഘുവായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക. കര്‍ശനമായ ശുചിത്വം പാലിക്കേണ്ടതും ഒരു ആവശ്യകതയാണ്. സാധാരണ പനിയാണെന്ന് കരുതി സ്വയം ചികിത്സ അപകടങ്ങള്‍ക്ക് കാരണമാകും. അതിരാവിലെയും രാത്രിയിലും പുറത്തിറങ്ങാതെ ഇരിക്കുക.

ചൂട് വെള്ളം, ചൂട് ഭക്ഷണം മാത്രം കഴിക്കാനും ശ്രദ്ധിക്കുക. കുട്ടികളിലാണ് മഞ്ഞുകാലത്ത് കൂടുതലായും വൈറല്‍ പനി കണ്ടുവരുന്നത്. അതിനാല്‍ ചെറിയ കുട്ടികളുടെ ചെവി മൂടുന്ന തരത്തിലുള്ള കമ്പിളിത്തൊപ്പികള്‍ ഉപയോഗിക്കുക. അതിരാവിലെയും രാത്രിയിലുമുള്ള ഇരുചക്രവാഹനങ്ങളിലെ യാത്ര ഒഴിവാക്കുക.

ടോണ്‍സിലൈറ്റിസ് വരാതിരിക്കാന്‍

മഞ്ഞുകാലമാകുന്നതോടെ ടോണ്‍സിലൈറ്റിസ് മൂലമുണ്ടാകുന്ന തൊണ്ടവേദനയ്ക്ക് സാധ്യതയേറെയാണ്. ഈ രോഗം പ്രത്യേകിച്ചും കുട്ടികളിലാണ് കൂടുതലായും കണ്ടുവരുന്നത്.

തൊണ്ടവേദന, ആഹാരവും ഉമിനീരും ഇറക്കാനുള്ള ബുദ്ധിമുട്ട്, പനി എന്നിവയാണ് പ്രധാനമായും രോഗലക്ഷണങ്ങള്‍. വേദന തുടങ്ങുമ്പോള്‍ തന്നെ ചെറുചൂടോടെ ഉപ്പുവെള്ളം കൊണ്ട് കവിള്‍ കൊള്ളുന്നത് നന്നാണ്.

ടോണ്‍സിലൈറ്റിസ് രോഗികള്‍ മഞ്ഞുകാലത്ത് ആഹാരകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. തണുത്ത ആഹാരം രോഗത്തിന്റെ തീവ്രത കൂട്ടും. തണുത്ത ഭക്ഷണം, തണുത്ത വെള്ളം എന്നിവ ഇത്തരം രോഗികള്‍ക്ക് കൊടുക്കരുത്.

ഇളം ചൂടോടെ കൂടിയ വെള്ളവും ഭക്ഷണ സാധാനങ്ങളും കൊടുക്കുക. രോഗികള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ കഴിക്കുക. മഞ്ഞുകാലത്ത് അധിക വേദനയോ ചുവപ്പോ ഉണ്ടെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

ജലദോഷം വന്നാല്‍ വിശ്രമം വേണം

കുട്ടികളിലും മുതിര്‍ന്നവരിലും മഞ്ഞുകാലത്ത് ജലദോഷം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വിവിധതരം വൈറസുകള്‍ ഇതിന് കാരണമാകുമെങ്കിലും റൈനോ വൈറസാണ് കൂടുതല്‍ കണ്ടുവരുന്നത്. തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, ചുമ, തലവേദന, ചെറിയ പനി എന്നിവ ഉണ്ടാകുന്നു.

വൈറസ് രോഗമായതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമില്ല. ഫാന്‍, ഏസി എന്നിവ ഉപയോഗിക്കുമ്പോള്‍ അവയുടെ തണുത്ത കാറ്റ് നേരിട്ട് ഏല്‍ക്കാത്ത വിധം ഉപയോഗിക്കുക. തണുപ്പില്‍ നിന്നുള്ള പ്രതിരോധത്തിന് കട്ടിയുള്ള കോട്ടണ്‍ ഡ്രസുകള്‍, കമ്പിളി ഉടുപ്പുകള്‍ എന്നിവ ഉപയോഗിക്കാം. തണുത്ത ഭക്ഷണം, തണുത്ത വെള്ളം എന്നിവ കൊടുക്കരുത്.

ഇളം ചൂടോടെ വെള്ളം കൊടുക്കുക. ജലദോഷമുള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുക. രോഗി ഉപയോഗിക്കുന്ന വസ്തുകള്‍ ഉപയോഗിക്കാതെ ഇരുന്നാല്‍ ജലദോഷം മറ്റുള്ളവര്‍ക്കും പകരുന്നത് തടയാന്‍ കഴിയും. മഞ്ഞുകാലത്തെ ജലദോഷം തടയാന്‍ വ്യക്തി ശുചിത്വം അതിപ്രധാനമാണ്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായ് മൂടാന്‍ ശ്രദ്ധിക്കുക. ജലദോഷം നാലഞ്ച് ദിവസത്തിനുള്ളില്‍ മാറിയില്ലെങ്കില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക. എല്ലാ ദിവസവും രാവിലെയും രാത്രിയിലും ആവി കൊള്ളുന്നത് ജലദോഷം പോലുള്ള രോഗങ്ങള്‍ വരുന്നത് തടയുന്നു.

സന്ധിവാതമുള്ളവര്‍ ശ്രദ്ധിക്കുക

തണുപ്പുകാലമായാല്‍ പ്രായമായവരില്‍ സന്ധിവാതവുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, വേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ശരീരത്തിന്റെ ചെറുതും വലുതുമായ ഏതു സന്ധികളിലും ഇവ ബാധിക്കാം.

കാല്‍മുട്ട്, കൈമുട്ട്, കൈപ്പത്തി, കാല്‍പാദം, ഇടുപ്പ്, നട്ടെല്ല് എന്നി ഭാഗങ്ങളിലാണ് കൂടുതലായും സന്ധിവാതം അനുഭവപ്പെടുക. തണുപ്പ് കാലത്ത് കാല്‍മൂട്ടിലോ, കൈമൂട്ടിലോ മറ്റ് സന്ധികളിലോ വേദന, പിടുത്തം, കൈവിരലുകള്‍ക്ക് തരിപ്പ് തുടങ്ങിയവ ലക്ഷണങ്ങളാണ്. തണുപ്പുകാലത്താണ് സന്ധികള്‍ക്ക് വേദന കൂടുതലായിരിക്കും.

സന്ധിവാതമുള്ളവര്‍ക്ക് രാവിലെയും രാത്രിയിലും പുറത്തിറങ്ങാതിരിക്കുന്നതാണ് ഉചിതം. സന്ധിവാതമുള്ളവരില്‍ കൂടുതലും വീട്ടമ്മമാരാണ്. മഞ്ഞുകാലത്തിലെ വെള്ളത്തിന് തണുപ്പുള്ളത്തിനാല്‍ പാത്രം കഴുകുമ്പോഴും മറ്റും ചെറു ചൂടുവെള്ളം ഉപയോഗിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. രാത്രിയില്‍ കിടക്കുമ്പോള്‍ കാലിലും കൈയിലും കമ്പിളി ഗ്ലൗസുകള്‍ ധരിക്കുന്നതും നല്ലതാണ്. വേദനയുള്ള ഭാഗങ്ങളില്‍ ഇടയ്ക്ക് ചൂട് പിടിക്കുന്നത് വേദനയ്ക്ക് ശമനം നല്‍കും.

ചര്‍മ്മ രോഗങ്ങള്‍

പെട്ടെന്നുള്ള കാലാവസ്ഥ മാറ്റം കൊണ്ട് ചര്‍മ്മത്തിന് ഏറെ ബുദ്ധിമുട്ടുണ്ടാകും. ചുവന്ന പാടുകളും വരള്‍ച്ചയും ചൊറിച്ചിലുമെല്ലാം ഈ കാലാവസ്ഥയില്‍ സ്വാഭാവികമാണ്. ഗുണമേന്മയുള്ള മോയിസ്ച്ചറൈസറുകള്‍ ഉപയോഗിച്ച് ചര്‍മ്മത്തെ പരിരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

നന്നായി വെള്ളം കുടിച്ച് ചര്‍മ്മത്തെ സംരക്ഷിക്കേണ്ടത് ഈ കാലാവസ്ഥയില്‍ വളരെ അത്യാവശ്യമാണ്. ഇരട്ടിമധുരം ഇട്ട് തിളപ്പിച്ച കാപ്പി ചക്കരയോ കല്‍ക്കണ്ടമോ ചേര്‍ത്ത് മഞ്ഞുകാലത്ത് കുടിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ചര്‍മ്മത്തില്‍ ചൊറിച്ചില്‍ വരാതെ തടയുന്നതിന് വളരെ നല്ലതാണ്. ഒപ്പം ശരീരത്തിന്റെ പ്രതിരോധശേഷിയും വര്‍ധിക്കും.