Oddly News

മദ്യപിച്ച് ലക്കുകെട്ട വാച്ച്മാന്‍ ഉറങ്ങിയത് വിദ്യാര്‍ഥികള്‍ക്കുള്ള ചോറിൽ കാല് വെച്ച്- വീഡിയോ വൈറല്‍

ഏതൊരു സ്ഥാപനത്തിലായാലും വീടുകളിലായാലുമൊക്കെ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത് സുരക്ഷിതത്വത്തിന്റെ ഭാഗമായി ആണ്. മിക്ക ആളുകളും തങ്ങളുടെ ജോലി വളരെ കൃത്യമായി ചെയ്യാറാണ് പതിവ്. എന്നാല്‍ തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജിലെ ഒരു വാച്ച്മാന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കി വെച്ച ചോറ് നിറച്ച പാത്രത്തിനുള്ളില്‍ കാല് വെച്ച് ഉറങ്ങുന്ന സെക്യൂരിറ്റിയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. തെലങ്കാനയിലെ ഇസ്മായില്‍ഖാന്‍ പേട്ടയില്‍ സ്ഥിതി ചെയ്യുന്ന ഒരു പോളിടെക്നിക്ക് കോളേജിലെ ഹോസ്റ്റലിലായിരുന്നു സംഭവം. കോളേജിലെ വാച്ച്മാനായ ചന്ദ്രശേഖര്‍ എന്നയാളാണ് വേവിച്ച ചോറ് നിറച്ച പാത്രത്തിനുള്ളില്‍ കാല് വെച്ച് കിടന്നുറങ്ങിയത്. ഇത് കോളേജ് അധികൃതരിലും വിദ്യാര്‍ഥികളിലും വലിയ ഞെട്ടലുണ്ടാക്കി. മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുന്നതിനാല്‍ മറ്റ് തൊഴിലാളികള്‍ക്ക് ഇയാളെ ഉണര്‍ത്താനും കഴിഞ്ഞില്ലെന്ന് ഡെക്കാണ്‍ ക്രോണിക്കിളിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇയാള്‍ കാലുവെച്ച് കിടന്നുറങ്ങിയ പാത്രത്തിലെ ചോറ് മുഴുവന്‍ നശിപ്പിച്ചു കളഞ്ഞു. വാച്ച്മാനെ ഈ അവസ്ഥയില്‍ കണ്ടെത്തിയ വിദ്യാര്‍ഥികള്‍ വിവരം ഭക്ഷണമുണ്ടാക്കുന്നയാളെ അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥികള്‍ ഈ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയുമായിരുന്നു. വീഡിയോ പ്രചരിച്ചതോടെ ജില്ലാ കളക്ടര്‍ പ്രവീണ വിഷയത്തില്‍ വേഗത്തില്‍ ഇടപെടുകയും ഇയാളെ ജോലിയില്‍ നിന്ന് മാറ്റാന്‍ ഉത്തരവിടുകയും ചെയ്തു.