ന്യൂഡൽഹി: തനിയാ പുരി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആയിട്ടാണ് ജോലി ചെയ്യുന്നത്. തന്റെ കരിയറിൽ നിരവധി ഒളിഞ്ഞുകിടന്ന കേസുകൾ അവർ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. എങ്കിലും, ഒരു സംഭവം അവർ പ്രത്യേകം ഓർക്കുന്നു; ഒരു പ്രമുഖ ബോളിവുഡ് നടന്റെ ഭാര്യ ഭർത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനായി അവരെ സമീപിച്ച സംഭവമാണത്.
സിദ്ധാർത്ഥ് കണ്ണനുമായുള്ള സംഭാഷണത്തിലാണ് തനിയ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തൽ നടത്തിയത്. രണ്ടു കുട്ടികളുടെ പിതാവായ ആ പ്രമുഖ നടൻ, തന്നേക്കാള്‍ പ്രായം കുറഞ്ഞ നടിമാരുമായി പല ബന്ധങ്ങളുമുണ്ടായിരുന്നതായി ആരോപിക്കപ്പെട്ടിരുന്നു . തുടർന്ന്, നടന്റെ ഭാര്യ വിഷയം അന്വേഷിക്കുന്നതിനായി അവരെ ചുമതലപ്പെടുത്തി.
സിനിമാലോകത്തെ നിരവധി അവിഹിത ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചശേഷമാണ് തനിയാ പുരി ഈ വെളിപ്പെടുത്തൽ നടത്തിയത്. 2000-ൽ വിവാഹിതരായ സെലിബ്രിറ്റി ദമ്പതികളിലെ ഭാര്യ, ഭർത്താവിന്റെ ചതി അന്വേഷിക്കുന്നതിനായി തന്നെ ഏർപ്പാടാക്കിയെന്ന് അവർ പറഞ്ഞു. “ബോളിവുഡിൽ ധാരാളം വിവാഹേതര കേസുകളുണ്ട്, പക്ഷേ ആളുകൾ അതിനെക്കുറിച്ച് സംസാരിക്കില്ല. കാരണം ആരാധകര്‍ക്ക് മുമ്പില്‍ അവർ ഒരു മികച്ച ഇമേജ് കാണിക്കാൻ ആഗ്രഹിക്കുന്നു. 2000-ന്റെ തുടക്കത്തിൽ വിവാഹിതരായ, അത്ര പ്രായമില്ലാത്ത ഒരു ദമ്പതികളെക്കുറിച്ചാണ് ഞാൻ പറയുന്നത്. അവരുടെ ബന്ധത്തിൽ, ഭർത്താവ് ഭാര്യയെ പരസ്യമായി ചതിക്കുന്നുണ്ടായിരുന്നു, അദ്ദേഹത്തിന് പ്രായം കുറഞ്ഞ നടിമാരുമായി ബന്ധമുണ്ടായിരുന്നു. 2-3 സിനിമകൾ ചെയ്ത നടന് അതിലെ യുവനടിമാരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്,” അവർ പറഞ്ഞു.
ഭർത്താവിന്റെ ബന്ധങ്ങളെക്കുറിച്ച് ഭാര്യക്ക് അറിയാമായിരുന്നെങ്കിലും കുട്ടികളുണ്ടായിരുന്നതുകൊണ്ട് അവർ മറ്റ് നടപടിയെടുത്തില്ലെന്നും തനിയ കൂട്ടിച്ചേർത്തു. “ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യക്കും അറിയാം, അവരുടെ കുട്ടികൾക്ക് പോലും അറിയാം. അച്ഛൻ എന്താണ് ചെയ്യുന്നതെന്ന് മക്കൾക്ക് നന്നായി അറിയാം, പക്ഷേ ക്യാമറകൾക്ക് മുന്നിൽ അവർ ഒരു തികഞ്ഞ ദമ്പതികളാണ്. ഭാര്യ വളരെ വിദ്യാസമ്പന്നയാണ്. ക്യാമറയ്ക്ക് മുന്നിൽ അവർ നന്നായി ഒരുമിച്ച് പ്രവർത്തിക്കും. എന്നാൽ തിരശ്ശീലയ്ക്ക് പിന്നിൽ അദ്ദേഹം ധാരാളം സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുണ്ട്.” അവർ തുടർന്നു:
എങ്ങനെയായിരുന്നു അന്വേഷണം?
നടന്റെ ഭാര്യ എങ്ങനെയാണ് അവരെ ബന്ധപ്പെട്ടതെന്നും അന്വേഷണം എങ്ങനെയാണ് നടന്നതെന്നും ചോദിച്ചപ്പോൾ തനിയ വിശദീകരിച്ചു: “മാനേജർമാരിൽ ഒരാൾ വഴിയാണ് ഞങ്ങൾക്ക് കേസ് ലഭിച്ചത്. ഞങ്ങളെ സമീപിക്കാനുള്ള അധികാരം ഭാര്യ മാനേജർക്ക് നൽകി. ഞങ്ങൾ നടനെക്കുറിച്ച് അന്വേഷിക്കുകയും അദ്ദേഹം നിരവധി സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കുകയും ചെയ്തു. അവർ നൽകുന്നതിന്റെ പ്രത്യുപകാരമായി അദ്ദേഹം നടിമാർക്ക് ധാരാളം കാര്യങ്ങൾ നൽകും.”




