Hollywood

ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു; പ്രിവ്യൂവില്‍ നേടിയത് 2.85 ദശലക്ഷം ഡോളര്‍

എക്‌സോര്‍സിസ്റ്റിന്റെ ആദ്യ ക്ലാസ്സിക് പിറന്ന് 50 വര്‍ഷങ്ങള്‍ക്ക് ശേഷം തീയറ്ററില്‍ എത്തിയിരിക്കുന്ന ദി എക്സോര്‍സിസ്റ്റ്: ബിലീവറും ആദ്യ ആഴ്ച പ്രേക്ഷകരെ ഭീതിപ്പെടുത്തി മുന്നേറുന്നു. ആഭ്യന്തര ബോക്സ് ഓഫീസില്‍ വ്യാഴാഴ്ച പ്രിവ്യൂവില്‍ സിനിമ നേടിയത് 2.85 ദശലക്ഷം ഡോളറായിരുന്നു. ഡേവിഡ് ഗോര്‍ഡന്‍ ഗ്രീന്‍ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം ഈ വാരാന്ത്യത്തില്‍ 40-ലധികം രാജ്യാന്തര വിപണികളില്‍ എത്തും.

ഇതിനകം രണ്ടു തുടര്‍ച്ചകള്‍ ആസൂത്രണം ചെയ്തിരിക്കുന്ന സിനിമയുടെ അവകാശത്തിനായി യൂണിവേഴ്‌സല്‍ 400 മില്യണ്‍ ഡോളര്‍ നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹാലോവീന്‍ ഫ്രാഞ്ചൈസിയില്‍ ചെയ്തതുപോലെ എക്‌സോര്‍സിസ്റ്റ് ബ്രാന്‍ഡിനെ പുനര്‍നിര്‍മ്മിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രീനും ബ്ലംഹൗസും. 2021-ല്‍ തന്നെ ഫ്രാഞ്ചൈസിയുടെ അവകാശങ്ങള്‍ക്കായി യൂണിവേഴ്‌സല്‍ എത്തിയിരുന്നു.

എക്‌സോര്‍സിസ്റ്റ് ബിലീവര്‍ ആഭ്യന്തരമായി 30 മില്യണ്‍ മുതല്‍ 35 മില്യണ്‍ ഡോളര്‍ വരെ സമ്പാദിക്കാമെന്നാണ് അണിയറക്കാരുടെ കണക്കു കൂട്ടാല്‍. എന്നാല്‍ സിനിമയ്ക്ക് കിട്ടിയിരിക്കുന്ന മോശം റേറ്റിംഗ് ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. റോട്ടന്‍ ടൊമാറ്റോസില്‍ സിനിമയക്ക്് 20 ശതമാനമാണ് സ്‌കോര്‍. എക്‌സോര്‍സിസ്റ്റ് സിനിമകള്‍ നിരൂപകരില്‍ മതിപ്പുളവാക്കുന്നത് സാധാരണയാണ്. എന്നാല്‍ വില്യം ഫ്രീഡ്കിന്റെ 1973-ലെ പ്രശസ്തമായ ക്ലാസിക്കിനൊപ്പം സമാരംഭിച്ച ഫ്രാഞ്ചൈസിയ്ക്ക് പക്ഷേ മുമ്പത്തെ നാല് തുടര്‍ച്ചകളിലൊന്നും കാര്യമായ പ്രശംസ ലഭിച്ചില്ല.

വിക്ടര്‍ ഫീല്‍ഡിംഗിന്റെ (ലെസ്ലി ഒഡോം ജൂനിയര്‍) മകളും (ലിഡിയ ജ്യൂവെറ്റ്) അവളുടെ സുഹൃത്തിനും (ഒലിവിയ മാര്‍കം) ആണ് ഇത്തവണ പ്രേതം കൂടിയിരിക്കുന്നത്. അതേസമയം എക്‌സോര്‍സിസ്റ്റിന്റെ ആദ്യ പതിപ്പായ 1973 ലെ സിനിമയില്‍ പ്രേതം കൂടിയ ക്രിസ് മക്‌നീല്‍ എന്ന പെണ്‍കുട്ടിയായി ഓസ്‌ക്കര്‍ നോമിനേഷന്‍ വരെ നേടിയ നടി എല്ലന്‍ ബര്‍സ്റ്റീന്‍ അരനൂറ്റാണ്ടിന് ശേഷമുള്ള എക്‌സോര്‍സിസ്റ്റില്‍ വീണ്ടും വരുന്നു എന്നത് സിനിമയുടെ പ്രത്യേകതയാണ്.