Celebrity Fitness

9കിലോ കുറച്ചത് കാർഡിയോയിലൂടെ; ഫിറ്റ്‌നസ് രഹസ്യങ്ങൾ വെളിപ്പെടുത്തി കീർത്തി സുരേഷ്

കാർഡിയോ വ്യായാമങ്ങളിലൂടെ താൻ ഏകദേശം 9 കിലോഗ്രാം കുറച്ചതായി കീർത്തി സുരേഷ് . കുട്ടിക്കാലത്ത് മെലിഞ്ഞിരുന്നെങ്കിലും അഭിനയം തുടങ്ങുന്നത് വരെ വ്യായാമത്തിന് പ്രാധാന്യം നൽകിയിരുന്നില്ലെന്നും നടി പറഞ്ഞു.

ആരോഗ്യത്തോടെയിരിക്കാനുള്ള ആദ്യ ശ്രമം അമിതമായ കാർഡിയോ ആയിരുന്നു, ഇത് പേശികളുടെ വലിയ നഷ്ടത്തിന് കാരണമായി. പാൻഡെമിക് സമയത്താണ് താരം യോഗ കണ്ടെത്തുകയും കൂടുതൽ സമീകൃതമായ ഫിറ്റ്‌നസ് രീതിയിലേക്ക് മാറുകയും ചെയ്തത്.

ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബും ഉള്ള ഡയറ്റ്

ബിഹൈൻഡ്‌വുഡ്‌സ് ഹിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ കീർത്തി പറഞ്ഞത് ഇങ്ങനെ: “ഞാൻ ചെറുതായി മെലിഞ്ഞിരുന്നു, പക്ഷേ വർക്കൗട്ട് ഉണ്ടായിരുന്നില്ല. 18 വയസ്സ് വരെ എന്റെ ജീവിതത്തിൽ ഞാൻ വർക്കൗട്ടുകളോ സ്‌പോർട്‌സോ ചെയ്തിട്ടില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ ടെന്നീസ് കളിക്കുമായിരുന്നു, പക്ഷേ അഭിനയം തുടങ്ങിയ ശേഷം ജോലി, ഉറക്കം, ഭക്ഷണം, വീണ്ടും ജോലി എന്ന നിലയിലായി. ഞാൻ ആദ്യം ചെയ്തത്, ഒരുപാട് കാർഡിയോ ചെയ്തു . അമിതമായ കാർഡിയോ ചെയ്തപ്പോൾ എനിക്ക് ധാരാളം മസിലുകൾ നഷ്ടപ്പെടുകയും ഞാൻ വല്ലാതെ മെലിയുകയും ചെയ്തു.

ഞാൻ കടുത്ത ഡയറ്റൊന്നും എടുത്തില്ല. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബും ഉള്ള ഭക്ഷണമാണ് ഞാൻ കഴിച്ചത്, ഇപ്പോഴും അത് തുടരുന്നു. ഒരുപാട് കാർഡിയോ ചെയ്തിട്ടും ഞാൻ അധികം കൊഴുപ്പ് കഴിച്ചിരുന്നില്ല. എനിക്ക് ഒരുപാട് ഭാരം കുറഞ്ഞു, അപ്പോൾ ജിം എനിക്ക് ചേർന്നതല്ല എന്ന് ഞാൻ തെറ്റിദ്ധരിച്ചു.” കഴിഞ്ഞ രണ്ട് വർഷമായി താൻ ഭാരം കുറച്ചതിന്റെ ക്രെഡിറ്റ് സ്ട്രെങ്ത് ട്രെയിനിങ്ങിന് നൽകുന്നു എന്ന് കീർത്തി പറഞ്ഞു. പ്രോട്ടീൻ ധാരാളമുള്ളതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ഒരു ഫ്ലെക്സിബിൾ ഡയറ്റാണ് താൻ പിന്തുടരുന്നതെന്നും നടി വെളിപ്പെടുത്തി. ഒന്നിലധികം മുട്ടയുടെ വെള്ള, പനീർ, ടോഫു, സോയ, പയറുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കീർത്തിയുടെ പതിവ് ഭക്ഷണം. ഇത് ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ നേടാൻ സഹായിച്ചു.

ഒരു ഡയറ്റും പിന്തുടർന്നിട്ടില്ല

“പാൻഡെമിക് സമയത്താണ് ഞാൻ യോഗ ചെയ്യാൻ തുടങ്ങിയത്, അത് എനിക്ക് കൂടുതൽ മികച്ചതായി തോന്നി. യോഗ വളരെ നല്ലതാണെന്നും തുടരണമെന്നും ഞാൻ വിചാരിച്ചു. പിന്നീട് സ്ട്രെങ്ത് ട്രെയിനിങ്ങിനും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ സ്ട്രെങ്ത് ട്രെയിനിംഗ് ചെയ്യുന്നു. ഇന്നുവരെ ഞാൻ ഒരു ഡയറ്റും ചെയ്തിട്ടില്ല. കീറ്റോ ഡയറ്റോ മറ്റേതെങ്കിലും ഡയറ്റോ ചെയ്തിട്ടില്ല. ഉയർന്ന പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റും മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്, കൂടാതെ എനിക്ക് ഇഷ്ടമുള്ളതെല്ലാം ഞാൻ കഴിക്കുകയും ചെയ്യും.

ഭക്ഷണത്തിന്റെ കാര്യത്തിൽ എനിക്ക് നിയന്ത്രിക്കാൻ കഴിയാത്തതായി ഒന്നുമില്ല… എനിക്ക് എന്തെങ്കിലും കഴിക്കാൻ ആഗ്രഹം തോന്നിയാൽ ഞാൻ അത് കഴിക്കും, കാരണം എനിക്ക് ഇഷ്ടമുള്ളതെന്തും കഴിക്കാൻ കഴിയണം. ഒരുകാര്യം കണ്ടിട്ട് അത് കഴിക്കാതെ പോകേണ്ട അവസ്ഥ ഉണ്ടാകരുത്. അതിനാൽ, ഇപ്പോൾ എന്റെ ജീവിതത്തിലെ ഏറ്റവും ആരോഗ്യകരമായ ഘട്ടമാണിതെന്ന് ഞാൻ കരുതുന്നു… ഞാൻ ഒരു ദിവസം ധാരാളം മുട്ടയുടെ വെള്ള കഴിക്കാറുണ്ട്, ഏകദേശം ആറോ ഏഴോ മുട്ടയുടെ വെള്ള; പനീർ, ടോഫു, സോയ, പയറുവർഗ്ഗങ്ങൾ എന്നിവ കഴിക്കും, സത്യം പറഞ്ഞാൽ ഞാൻ പ്രോട്ടീൻ ഷേക്ക് പോലും ഉപയോഗിക്കുന്നില്ല,” കീർത്തി പറഞ്ഞു.