Hollywood

ജേസണ്‍ സ്റ്റാതത്തിന്റെ പുതിയ തകര്‍പ്പന്‍ അടിപ്പടം ‘ദി ബീ കീപ്പര്‍’ അടുത്ത വര്‍ഷം തീയറ്ററുകളിലെത്തും

ഹോളിവുഡ് ആക്ഷന്‍ഹീറോ ജേസണ്‍ സ്റ്റാതവും സംവിധായകന്‍ ഡേവിഡ് അയറും ഒന്നിക്കുന്ന ആക്ഷന്‍ചിത്രമായ ‘ദി ബീ കീപ്പര്‍’ അടുത്തവര്‍ഷം ജനുവരി 12 ന് തീയറ്ററുകളില്‍ എത്തും. ആമസോണ്‍ എംജിഎം സ്റ്റുഡിയോയും മിറാമാക്‌സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി.

‘ദി ബീ കീപ്പര്‍’ എന്നറിയപ്പെടുന്ന ശക്തവും രഹസ്യാത്മകവുമായ ഒരു സംഘടനയുടെ മുന്‍ പ്രവര്‍ത്തകനായിട്ടാണ് സിനിമയില്‍ സ്റ്റാതം അഭിനയിക്കുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെ പരമ്പരയില്‍ ഒരു സുഹൃത്തിനോട് തെറ്റ് ചെയ്ത ഒരു ദുഷിച്ച സംഘടനയെ അദ്ദേഹം ഒറ്റയ്ക്ക് നേരിടുന്നതിന്റെ കഥയാണ് സിനിമ പറയുന്നത്. എക്സ്പെന്‍ഡബിള്‍സ് 4-ന്റെ സഹ എഴുത്തുകാരനും 2008-ലെ സ്ട്രീറ്റ് കിംഗ്സില്‍ അയറുമായി സഹകരിക്കുകയും ചെയ്ത കുര്‍ട്ട് വിമ്മറാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയത്.

2022ല്‍ കാന്‍ വിപണിയില്‍ പ്രൊജക്റ്റ് അരങ്ങേറിയതിന് ശേഷം, ഇതിനെ ഒരു ഫ്രാഞ്ചൈസിയാക്കുക എന്ന ലക്ഷ്യത്തോടെ എംജിഎം ദി ബീകീപ്പറിന്റെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. അതേസമയം ജേസണ്‍ നായകനായ മുന്‍ ചിത്രം എക്‌സ്പാന്‍ഡബിള്‍സ് 4 ന് കാര്യമായ വിജയം നേടാനായിരുന്നില്ല.