തിരക്കുപിടിച്ച ജീവിതത്തില്‍ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകാനുള്ള നെട്ടോട്ടത്തില്‍ ഭൂരിഭാഗം പേർക്കും നേരിടേണ്ടിവരുന്ന ഒന്നാണ് സമ്മര്‍ദ്ദം (Stress). എങ്ങനെ സമ്മർദ്ദം നിയന്ത്രിക്കാം എന്നതിനെക്കുറിച്ച് ധാരാളം ഉപദേശങ്ങൾ ലഭ്യമാണ്- ഡീപ് ബ്രീത്തിംഗ് മുതൽ ഡിജിറ്റൽ ഡിറ്റോക്സ് വരെ- അതിൽ മിക്കതും യാഥാർത്ഥ്യത്തിന് നിരക്കാത്തതോ താൽക്കാലികമോ ആണ്.
എന്നാൽ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കൂടുതൽ വെള്ളം കുടിച്ചാല്‍ മതിയോ? ലളിതമായ ഈ കാര്യം ഇതിന് സഹായകമായാലോ? സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ വലിയ പങ്ക് ജലാംശത്തിന് (Hydration) ഉണ്ടെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
സമ്മർദ്ദം നമ്മുടെ ശരീരത്തെ എങ്ങനെ ബാധിക്കുന്നു?
സമ്മർദ്ദം നിങ്ങളുടെ ശരീരത്തിൽ കോർട്ടിസോൾ (Cortisol), അഡ്രിനാലിൻ (Adrenaline) പോലുള്ള ഹോർമോണുകൾ പുറത്തുവിടുന്നു. ഇവ ചെറിയ തോതിൽ ഗുണകരമാണ്. അവ നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുകയും പ്രവർത്തിക്കാൻ തയ്യാറാക്കുകയും ചെയ്യുന്നു. എന്നാൽ സമ്മർദ്ദം വിട്ടുമാറാതെ നിൽക്കുമ്പോൾ, നിങ്ങളുടെ ശരീരം അമിതാവസ്ഥയിൽ തുടരുന്നു. തലവേദന, ക്ഷീണം, ദേഷ്യം, ഏകാഗ്രതക്കുറവ്, ദഹനപ്രശ്നങ്ങൾ എന്നിവയെല്ലാമാണ് ഇതിന്റെ ഫലം . മാത്രമല്ല, സമ്മർദ്ദം ശരീരത്തിന്റെ ‘പോരാടുക അല്ലെങ്കിൽ പലായനം ചെയ്യുക’ (Fight-or-Flight) സംവിധാനങ്ങളെ സജീവമാക്കുന്നതിനാൽ, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വർദ്ധിപ്പിക്കുന്ന അഡ്രിനാലിൻ, കോർട്ടിസോൾ എന്നിവ പുറത്തുവിടുന്നു. ഇത് തുടർച്ചയായി സംഭവിക്കുമ്പോൾ രക്താതിമർദ്ദം (Hypertension), ധമനികളിലെ തടസ്സം (Atherosclerosis), ഉയർന്ന ഹൃദയ രോഗ സാധ്യത എന്നിവയ്ക്ക് കാരണമാകും.
അതുപോലെ, നെഞ്ചെരിച്ചിൽ, ഓക്കാനം, വയറിളക്കം, മലബന്ധം എന്നിവയും ഉണ്ടാക്കാം. പേശികൾ വലിഞ്ഞ് മുറുകുന്നത് തലവേദനയ്ക്കും ശരീരവേദനയ്ക്കും ഇടയാക്കും. ഇത് പ്രതിരോധശേഷിയെ കുറയ്ക്കും. അണുബാധകളും മുറിവുകൾ ഉണങ്ങുന്നതും വഷളാകും. ഇൻസുലിൻ പ്രതിരോധത്തിനും ഭാരംകൂടുന്നതിനും കാരണമാകുന്ന തരത്തിൽ ഹോർമോൺ, മെറ്റബോളിക് ബാലൻസിനെ ഇത് മാറ്റും. ഉത്കണ്ഠ, ദേഷ്യം, ഏകാഗ്രത-ഓർമ്മ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ എന്നിവയും ഉണ്ടാക്കും. ഇത് ലൈംഗിക താൽപ്പര്യം കുറയ്ക്കാനും ലൈംഗിക ശേഷിക്കുറവിനും ആർത്തവ ക്രമക്കേടുകൾക്കും കാരണമാവുകയും ചെയ്യാം.
കൂടുതൽ വെള്ളം കുടിക്കുന്നത് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമോ?
ജലാംശം കുറയുന്നത് (Dehydration) ഈ ലക്ഷണങ്ങളെ വർദ്ധിപ്പിക്കും. നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുമ്പോൾ, നിങ്ങളുടെ ശരീരം അതിനെ ഒരുതരം സമ്മർദ്ദമായി കണക്കാക്കുന്നു. ഇത് നിങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുന്ന കോർട്ടിസോളിന്റെ അളവ് വീണ്ടും വർദ്ധിപ്പിക്കും. ജലാംശ നിലയും സമ്മർദ്ദത്തോടുള്ള പ്രതികരണശേഷിയും തമ്മിൽ ബന്ധമുണ്ടെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ലളിതമായി പറഞ്ഞാൽ, നിങ്ങൾ എത്ര കുറവ് വെള്ളം കുടിക്കുന്നുവോ, അത്രയധികം നിങ്ങളുടെ ശരീരം സമ്മർദ്ദത്തോട് അമിതമായി പ്രതികരിക്കും.’ജേണൽ ഓഫ് അപ്ലൈഡ് ഫിസിയോളജി’യിൽ പ്രസിദ്ധീകരിച്ച, ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയിലെ 2025-ലെ ഒരു പഠനം, വ്യത്യസ്ത അളവിൽ വെള്ളം കുടിക്കുന്ന മുതിർന്നവരെ പഠനവിധേയമാക്കി. സ്ഥിരമായി കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നവർ, നന്നായി ജലാംശമുള്ളവരെ അപേക്ഷിച്ച്, ഒരു മാനസിക- സാമൂഹിക സമ്മർദ്ദ പരിശോധനയ്ക്കിടെ ഉമിനീരിലെ കോർട്ടിസോൾ അളവിൽ ഗണ്യമായ വർദ്ധനവ് കാണിച്ചു. രസകരമെന്നു പറയട്ടെ, രണ്ട് ഗ്രൂപ്പുകളും സമാനമായ ഉത്കണ്ഠയാണ് രേഖപ്പെടുത്തിയത്. ഇത് സൂചിപ്പിക്കുന്നത് സമ്മർദ്ദത്തിലെ വ്യത്യാസം മാനസികമല്ല, മറിച്ച് ജൈവപരമാണ് എന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, രണ്ട് സാഹചര്യങ്ങളിലും നിങ്ങളുടെ തലച്ചോറിന് തുല്യമായ ഉത്കണ്ഠ തോന്നിയേക്കാം, പക്ഷേ നിങ്ങൾ ജലാംശം കുറഞ്ഞ അവസ്ഥയിലായിരിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന്റെ ശാരീരിക പ്രതികരണം (സമ്മർദ്ദ ഹോർമോണുകളിലൂടെ) വളരെ കൂടുതലായിരിക്കും.
ശാസ്ത്രം എന്താണ് പറയുന്നത്
മനഃസ്ഥിതിയിലും സമ്മർദ്ദത്തിലും ജലാംശത്തിനുള്ള സ്വാധീനം പുതിയ കാര്യമല്ല, എന്നാൽ പുതിയ പഠനങ്ങൾ ശക്തമായ തെളിവുകൾ നൽകിയിട്ടുണ്ട്. 2014-ൽ, ഗവേഷകർ “കൂടുതൽ വെള്ളം കുടിക്കുന്നവരുടെയും” (ഒരു ദിവസം ഏകദേശം 2.5 ലിറ്റർ കുടിക്കുന്നവർ) “കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നവരുടെയും” (1.2 ലിറ്ററിൽ താഴെ കുടിക്കുന്നവർ) മാനസികാവസ്ഥ പഠിച്ചു. കുറഞ്ഞ അളവിൽ കുടിക്കുന്നവർ അവരുടെ വെള്ളം കഴിക്കുന്നത് 2.5 ലിറ്ററായി വർദ്ധിപ്പിച്ചപ്പോൾ, അവർക്ക് ക്ഷീണവും ആശയക്കുഴപ്പവും കുറഞ്ഞതായി അനുഭവപ്പെട്ടു. നേരെമറിച്ച്, കൂടുതൽ കുടിക്കുന്നവരോട് വെള്ളം കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ, അവരുടെ ശാന്തതയും സംതൃപ്തിയും കുറഞ്ഞു.
വെള്ളം കോർട്ടിസോളിനെ സ്വാധീനിക്കുന്നത് എങ്ങനെ?
“സമ്മർദ്ദ ഹോർമോൺ” എന്ന് വിളിക്കപ്പെടുന്ന കോർട്ടിസോൾ, വെല്ലുവിളികളോട് നമ്മുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. കോർട്ടിസോളിന്റെ ചെറിയ അളവ് ഉടനടി സമ്മർദ്ദം കൈകാര്യം ചെയ്യാൻ സഹായിക്കുമ്പോൾ, നിരന്തരമായ അളവ് വർദ്ധനവ് ഉറക്കം, മെറ്റബോളിസം, പ്രതിരോധശേഷി എന്നിവയെ തടസ്സപ്പെടുത്തും. ജലാംശവും കോർട്ടിസോളും സംബന്ധിച്ച 2025-ലെ ഒരു പഠനം ഈ ബന്ധത്തെ വ്യക്തമാക്കുന്നു. കുറഞ്ഞ ജലാംശം ഉയർന്ന കോർട്ടിസോൾ പ്രതികരണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഗവേഷകർ കണ്ടെത്തി. ഇതിനർത്ഥം നിർജ്ജലീകരണം നിങ്ങൾക്ക് സമ്മർദ്ദം അനുഭവപ്പെടുത്തുക മാത്രമല്ല, നിങ്ങളുടെ സമ്മർദ്ദ ഹോർമോണുകൾ ആവശ്യത്തിലധികം വർദ്ധിപ്പിക്കുകയും ചെയ്യും.
വെള്ളത്തിന് ശരിക്കും നിങ്ങളെ ശാന്തമാക്കാൻ കഴിയുമോ ?
ജലാംശം മാത്രം സമ്മർദ്ദത്തെ പൂർണ്ണമായി ഇല്ലാതാക്കില്ല. ഇത് ജീവിത വെല്ലുവിളികൾക്ക് ഒരു മാന്ത്രിക പരിഹാരമല്ല. എന്നാൽ ശരിയായ ജലാംശം സമ്മർദ്ദത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് ഈ പഠനങ്ങൾ സൂചിപ്പിക്കുന്നു. അടിസ്ഥാനപരമായി, ഇത് നിങ്ങളുടെ ശരീരത്തെ സമ്മര്‍ദ്ദം നേരിടാൻ സഹായിക്കുന്നു. നിങ്ങളുടെ കോശങ്ങൾക്ക് ജലാംശം ലഭിക്കുമ്പോൾ, നിങ്ങളുടെ തലച്ചോറ് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു, നിങ്ങളുടെ മാനസികാവസ്ഥ സ്ഥിരമായി നിലനിൽക്കുന്നു. നിങ്ങളുടെ ശരീരത്തിന്റെ ഹോർമോൺ ബാലൻസ് ഉറച്ചതായി നിലനിൽക്കുന്നു.
മറുവശത്ത്, നേരിയ നിർജ്ജലീകരണം പോലും തീരുമാനമെടുക്കുന്നതിനെ തടസ്സപ്പെടുത്തുകയും അതിനായി ശ്രമം വേണ്ടിവരുന്നതായി തോന്നിക്കുകയും ചെയ്യും, ഇത് ദൈനംദിന സമ്മർദ്ദങ്ങളെ ഭാരമുള്ളതായി തോന്നിക്കും. നിങ്ങളുടെ പ്രവർത്തന നില, കാലാവസ്ഥ, ഭക്ഷണക്രമം എന്നിവയെ ആശ്രയിച്ച് പ്രതിദിനം ഏകദേശം 2.5 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കാന്‍ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു (കൂടുതൽ അളവ് ആരോഗ്യത്തിന് ദോഷകരമാണ്). പഴങ്ങൾ, പച്ചക്കറികൾ, സൂപ്പുകൾ തുടങ്ങിയ വെള്ളം കൂടുതലുള്ള ഭക്ഷണങ്ങളും ജലാംശം നൽകാൻ സഹായിക്കുന്നു.




