Crime

ഹിജാബ് ധരിച്ചില്ല; ടെഹ്റാനില്‍ 16 കാരിയെ ഇറാനിലെ മതപ്പോലീസ് തല്ലിച്ചതച്ചു; കൗമാരക്കാരി കോമയില്‍

പാരീസ്: കടുത്ത യാഥാസ്ഥിതരായ ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താല്‍ ടെഹ്റാന്‍ സബ്വേയില്‍ കനത്ത ആക്രമണത്തിന് ഇരയായ 16 കാരി ഇറാനിയന്‍ പെണ്‍കുട്ടി കോമയില്‍. ഇവര്‍ കനത്ത സുരക്ഷയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുയാണെന്ന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കുപ്രസിദ്ധമായ സദാചാര പോലീസിനെ കുറ്റപ്പെടുത്തി ഒരു അവകാശ സംഘടന ചൊവ്വാഴ്ച പറഞ്ഞു.

ടെഹ്റാന്‍ മെട്രോയില്‍ വനിതാ പോലീസുകാര്‍ ഗുരുതരമായി മര്‍ദ്ദിച്ച അര്‍മിത ഗരാവന്ദ് എന്ന കൗമാരക്കാരിക്ക് ഗുരുതരമായി പരിക്കേറ്റതായി കുര്‍ദിഷ് കേന്ദ്രീകൃത അവകാശ സംഘടനയായ ഹെന്‍ഗാവ് പറഞ്ഞു. അതേസമയം മര്‍ദ്ദന വാര്‍ത്ത ഇറാന്‍ അധികൃതര്‍ നിഷേധിച്ചു. രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടി ബോധരഹിതയായതെന്നും അതില്‍ സുരക്ഷാ സേനയുടെ ഒരു പങ്കാളിത്തവും ഇല്ലെന്നും പറയുന്ന ഇറാന്‍ അധികാരികള്‍ ആരോപണങ്ങളെല്ലാം നിഷേധിച്ചു.

സ്ത്രീകളുടെ ഇറാനിലെ കര്‍ശനമായ വസ്ത്രധാരണ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ മഹ്സ അമിനിയുടെ കസ്റ്റഡി മരണം നടന്ന് ഒരു വര്‍ഷത്തിനുശേഷവും സാമൂഹ്യഎതിര്‍പ്പ് ഉണരാതിരിക്കാന്‍ ഇറാനിയന്‍ അധികാരികള്‍ അതീവ ജാഗ്രതയിലാണ്.

അവളുടെ മരണം ഇറാന്റെ വൈദിക നേതൃത്വത്തെ അലട്ടുന്ന നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ആയിരക്കണക്കിന് പേര്‍ അറസ്റ്റിലാകുകയും നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ചെയ്യപ്പെട്ടതായി മനുഷ്യാവകാശ വിഭാഗം പറയുന്നു. ഞായറാഴ്ച ടെഹ്റാനിലെ ഷൊഹാദ മെട്രോ സ്റ്റേഷനില്‍ വെച്ച് ഗരാവന്ദ് സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന ഏജന്റുമാരുടെ പിടിയിലാവുകയും ശാരീരികമായി ആക്രമണത്തിന് ഇരയാവുകയും ചെയ്തതിനെ തുടര്‍ന്നാണ് ഗുരുതരമായ പരിക്കിന് ഇരയായതെന്നാണ് ആരോപണം. ഞായറാഴ്ച ടെഹ്‌റാനിലെ മെട്രോ സ്‌റ്റേഷില്‍ വെച്ച് ഗുരുതരമായ രീതിയില്‍ മര്‍ദ്ദനമേറ്റതിന്റെ തെളിവാണ് അവളുടെ ശരീരത്തിലെ പരിക്കുകളെന്ന് ഹംഗാവ് ആരോപിക്കുന്നു.

ടെഹ്‌റാനിലെ ഫജ്ര്‍ ഹോസ്പിറ്റലില്‍ കര്‍ശന സുരക്ഷയിലാണ് അവള്‍ ചികിത്സയിലിരിക്കുന്നതെന്നും ഇരയെ സന്ദര്‍ശിക്കാന്‍ അവളുടെ കുടുംബാംഗങ്ങളെ പോലും അനുവദിക്കുന്നുമില്ലെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്. അവളുടെ ആശുപത്രി കിടക്കയില്‍ ഗരാവന്ദിന്റെ തലയും കഴുത്തും കനത്തില്‍ ബാന്‍ഡേജ് ചെയ്ത് ഫീഡിംഗ് ട്യൂബില്‍ ഘടിപ്പിച്ചിരിക്കുന്നതായി കാണിക്കുന്ന ഒരു ചിത്രം പിന്നീട് സംഘടന പ്രസിദ്ധീകരിച്ചു. അവളുടെ ബോധാവസ്ഥയില്‍ മാറ്റമില്ല, അത് കൂട്ടിച്ചേര്‍ത്തു.