Health

പാലില്‍ മായം ചേര്‍ത്തിട്ടുണ്ടോ? വീട്ടിൽ വെച്ച് തന്നെ മായം കണ്ടെത്താൻ 5 എളുപ്പവഴികൾ

പാലില്‍ മായം ചേർക്കുന്നത് വ്യാപകമായ ഒരു പ്രശ്നമാണ്. വെള്ളം, അന്നജം (starch), ഡിറ്റർജന്റ്, ഫോർമാലിൻ, കൃത്രിമ പാൽ (synthetic milk) തുടങ്ങിയ കലർപ്പുകൾ സാധാരണയായി പാലിൽ കണ്ടുവരുന്നു. ഈ മായംചേർക്കലുകൾ പാലിന്റെ പോഷകമൂല്യത്തെ കുറയ്ക്കുകയും ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമായവർക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

അവശ്യ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നൽകുന്നതിനാൽ ഇന്ത്യൻ വീടുകളിൽ പാൽ സാധാരണമാണ്. എന്നാല്‍, വെള്ളം, അന്നജം, ഡിറ്റർജന്റ്, കൃത്രിമ പാൽ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഉപയോഗിച്ച് പാലില്‍ മായം ചേർക്കുന്ന രീതികളെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

പാലിൽ മായം ചേർക്കുന്നത് പോഷകഗുണം കുറയ്ക്കുക മാത്രമല്ല, ഗുരുതരമായ ആരോഗ്യപരമായ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. പാലിലെ മായംചേർക്കൽ വർധിക്കുന്ന സാഹചര്യത്തിൽ, നമ്മൾ ഉപയോഗിക്കുന്ന പാൽ സുരക്ഷിതമാണോ (ശുദ്ധമാണോ) എന്ന് നിർണ്ണയിക്കേണ്ടത് അത്യാവശ്യമാണ്. വീട്ടിൽ വെച്ച് തന്നെ പാലിന്റെ ശുദ്ധി പരിശോധിക്കാൻ ലളിതമായ ചില വഴികളുണ്ട്.

വെള്ളം ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ (Water Test)

പാൽ ശുദ്ധിയുള്ളതാണോയെന്ന് വീട്ടിൽ പരിശോധിക്കുന്നതിനുള്ള ഒരു ലളിതമായ നടപടിക്രമമാണ് വാട്ടർ ടെസ്റ്റ്. കുറച്ച് പാൽ ഒരു വൃത്തിയുള്ള, തെളിഞ്ഞ ഗ്ലാസ്സിൽ ഒഴിച്ച് വെളിച്ചത്തിന് നേരെ ഉയർത്തിപ്പിടിക്കുക. പാൽ നേർത്തതോ വെള്ളം ചേർത്തതുപോലെയോ തോന്നുകയാണെങ്കിൽ, അല്ലെങ്കിൽ അമിതമായി തെളിഞ്ഞതായി കാണപ്പെടുകയാണെങ്കിൽ, അതില്‍ വെള്ളം ചേർത്തിട്ടുണ്ടെന്നും പാലിന്റെ ഗുണമേന്മയിലും സുരക്ഷയിലും കുറവുണ്ടെന്നും മനസിലാക്കാം..

അന്നജം (Starch) ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ

തണുപ്പിച്ച പാലില്‍നിന്ന് അല്‍പ്പമെടുത്ത് അതിലേയ്ക്ക് ഏതാനും തുള്ളി അയഡിൻ്റെ ലായനി (iodine tincture) ചേർക്കുന്നത് അന്നജം ചേർത്തിട്ടുണ്ടോയെന്ന് തിരിച്ചറിയാൻ സഹായിക്കും. പാൽ നീല നിറമായി മാറുകയാണെങ്കിൽ, അതിൽ അന്നജം കലർന്നിട്ടുണ്ട് എന്നും പാലിന്റെ പോഷകമൂല്യം കുറഞ്ഞിരിക്കുന്നു എന്നും മനസ്സിലാക്കാം. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.

ഡിറ്റർജൻ്റ് ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ

ഒരു കുപ്പിയിലെ പാൽ സാമ്പിളിലേക്ക് തുല്യ അളവിൽ വെള്ളം ചേർത്ത് കുലുക്കിയാൽ, ഡിറ്റർജൻ്റ് ചേർത്തിട്ടില്ലെങ്കിൽ, നേർത്തതും പെട്ടെന്ന് അപ്രത്യക്ഷമാകുന്നതുമായ പത മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. ഡിറ്റർജൻ്റ് ചേർത്ത പാൽ കൂടിയ അളവിലുള്ളതും കട്ടിയുള്ളതും കൂടുതൽ നേരം നിലനിൽക്കുന്നതുമായ പത സൃഷ്ടിക്കും, അത് സോപ്പ് കുമിളകൾ പോലെ കാണപ്പെടും.

തിളപ്പിച്ച് നോക്കാം (Boiling Test)

പാലിന്റെ ഗുണനിലവാരം പരിശോധിക്കാൻ, കുറച്ച് പാൽ എടുത്ത് ഒരു പരന്ന പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുക. ഗുണനിലവാരമുള്ള പാലാണെങ്കിൽ ഗണ്യമായ അളവിൽ പത ഉണ്ടാകും. പാൽ തിളപ്പിക്കുമ്പോൾ പത ഉണ്ടാകുന്നില്ലെങ്കിൽ, പാലിൽ വെള്ളം ചേർക്കുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും ദ്രാവകം ഉപയോഗിച്ച് മായം കലർത്തുകയോ ചെയ്തിരിക്കാം എന്ന് മനസിലാക്കാം.

ഫോർമാലിൻ (Formalin) ചേർത്തിട്ടുണ്ടോയെന്ന് കണ്ടെത്താൻ

പാലിൽ ഫോർമാലിൻ ചേർത്തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, ഒരു ടെസ്റ്റ് ട്യൂബിൽ 10 മില്ലി പാൽ എടുത്ത് അതിലേക്ക് 2-3 തുള്ളി സാന്ദ്രീകൃത സൾഫ്യൂരിക് ആസിഡ് ചേർക്കുക. പാലിന് നിറം മാറ്റം സംഭവിക്കുന്നില്ലെങ്കിൽ, പാൽ മായം ചേർക്കാത്തതാണ്. ഒരു പർപ്പിൾ അല്ലെങ്കിൽ നീല നിറത്തിലുള്ള വലയം രൂപപ്പെടുകയാണെങ്കിൽ, അത് ഫോർമാലിൻ്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ഈ പാൽ മനുഷ്യന് ഉപയോഗിക്കാൻ പാടില്ലാത്തതും ആരോഗ്യത്തിന് സുരക്ഷിതമല്ലാത്തതുമാണ്.