ദിവസവും രണ്ടുനേരവും കുളിക്കാന്‍ പറ്റുമെങ്കില്‍ അത്രയും നല്ലത് എന്ന് കരുതുന്നവരാണ് മലയാളികള്‍. എന്നാല്‍ സ്ഥിരമായി കുളിക്കുന്നത് ചർമ്മത്തിന് ദോഷകരമാകുമെന്ന് ഡെർമറ്റോളജിസ്റ്റുകളുടെ പഠനവും മുന്നറിയിപ്പും. ദിനംപ്രതി കുളിക്കുന്നത് ശുചിത്വത്തിന്റെ ഭാഗമാണെന്ന് ആളുകൾ കരുതുന്നു. എന്നാൽ ചൂടുവെള്ളവും, കഠിനമായ സോപ്പും സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ സംരക്ഷണ പാളിയെ ദുർബലമാക്കും.
നമ്മുടെ ചർമ്മത്തിന്റെ സംരക്ഷണത്തിന് സ്വാഭാവിക എണ്ണ വളരെ പ്രധാനപ്പെട്ടതാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു. ഇത് നഷ്ടപ്പെടുന്നത് ചർമ്മം വരണ്ടതാക്കാനും അണുബാധകൾക്ക് സാധ്യത കൂട്ടാനും കാരണമാകും. അമിതമായി കുളിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ചർമ്മ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ചില ഗവേഷണങ്ങൾ പറയുന്നു. കാരണം ദുർബലമായ ചർമ്മത്തിൽ സൂര്യന്റെ ദോഷകരമായ രശ്മികളുടെയും മലിനീകരണത്തിന്റെയും പ്രഭാവം കൂടുതലായിരിക്കും.
നമ്മുടെ ചർമ്മത്തിൽ കാണുന്ന ഗുണകരമായ ബാക്ടീരിയകളാണ് ‘സ്കിൻ മൈക്രോബയോം’. ഈ ബാക്ടീരിയകൾ ചർമ്മത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. കൂടുതൽ നേരം കുളിക്കുന്നതും, ചൂടുവെള്ളം, കഠിനമായ സോപ്പ് എന്നിവ ഉപയോഗിക്കുന്നതും ഈ ബാക്ടീരിയകളെ ദുർബലമാക്കുന്നു. അതുമൂലം ചർമ്മത്തിൽ വരൾച്ചയും, ചുവപ്പ് നിറവും, ചൊറിച്ചിലും ഉണ്ടാകാൻ സാധ്യതയുണ്ട്.
ഓരോ ദിവസവും ചർമ്മം പൂർണ്ണമായും വൃത്തിയാക്കേണ്ട ആവശ്യമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇളം ചൂടുവെള്ളവും, മൃദുവായ സോപ്പും ഉപയോഗിച്ച് കുളിക്കുന്നത് മിക്ക ആളുകൾക്കും മതിയാകും.
ദിവസവും കുളിക്കേണ്ടത് ആരെല്ലാം?
- ശരീരത്തിൽ വിയർപ്പ് കൂടുതലുള്ളവർ
- വൃത്തിയില്ലാത്തതും, മലിനവുമായ അന്തരീക്ഷത്തിൽ ജീവിക്കുന്നവർ
- ശാരീരിക പ്രവർത്തനങ്ങൾ കൂടുതലുള്ളവർ
ഈ സാഹചര്യങ്ങളിൽ, കക്ഷം, തുടകൾ, കാലുകൾ തുടങ്ങിയ വിയർക്കുന്ന ശരീരഭാഗങ്ങൾ മാത്രം വൃത്തിയാക്കാൻ ഡെർമറ്റോളജിസ്റ്റുകൾ ശുപാർശ ചെയ്യുന്നു. ഇത് ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിക്ക് കേടുപാടുകൾ വരുത്താതെ നിലനിർത്തും.
ചർമ്മത്തെ സംരക്ഷിക്കാൻ ചില വഴികൾ
- ഇളം ചൂടുവെള്ളം ഉപയോഗിക്കുക: കൂടുതൽ ചൂടുള്ള വെള്ളം ചർമ്മത്തിലെ ഈർപ്പം ഇല്ലാതാക്കും.
- കുറഞ്ഞ സമയം മാത്രം കുളിക്കുക: 5-10 മിനിറ്റ് മതിയാകും.
- മൃദുവായ, സുഗന്ധമില്ലാത്ത സോപ്പ് തിരഞ്ഞെടുക്കുക: കഠിനമായ സോപ്പ് ചർമ്മത്തിൽ ജലാംശം ഇല്ലാതാക്കും.
- ഉടൻ മോയ്സ്ചറൈസർ പുരട്ടുക: കുളി കഴിഞ്ഞ് 3 മിനിറ്റിനുള്ളിൽ മോയ്സ്ചറൈസർ പുരട്ടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
- പ്രധാന ഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധിക്കുക: ദിവസവും കുളിക്കണമെങ്കിൽ വിയർക്കുന്ന ഭാഗങ്ങൾ മാത്രം വൃത്തിയാക്കുക.
വിദഗ്ദ്ധര്‍ പറയുന്നത്
ചർമ്മ സംരക്ഷണം നിലനിർത്തേണ്ടത് പ്രധാനമാണെന്ന് ഡെർമറ്റോളജിസ്റ്റുകൾ ഊന്നിപ്പറയുന്നു. അമിതമായി കുളിക്കുന്നത് ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ പാളിയെ ദുർബലപ്പെടുത്തും, ഇത് വരൾച്ചയ്ക്കും, ചൊറിച്ചിലിനും മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ചർമ്മരോഗങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കും. ദിവസവും കുളിക്കുന്നത് അത്യാവശ്യമല്ല. ശരിയായ മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് ചർമ്മം ആരോഗ്യകരവും ഈർപ്പമുള്ളതുമായി നിലനിർത്താനും അതുപോലെ ചർമ്മരോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കും.




