Crime

കൊളംബിയയെ വിറപ്പിക്കുന്ന ‘ലേഡി ഡോൺ’, 23 വയസ്സ് മാത്രം: മുൻകാമുകനെ കൊലപ്പെടുത്തിയ ‘ലാ മുനേക്ക’

പ്രായം 23 വയസ് മാത്രം. പക്ഷേ, കൊളംബിയയില്‍ ദ ഡോൾ (ലാ മുനേക്ക) എന്ന പേരിൽ അറിയപ്പെടുന്ന ഈ യുവതിക്കെതിരെയുള്ളത് ഒട്ടേറെ കൊലപാതക കേസുകള്‍. കൊളംബിയയെ വിറപ്പിക്കുന്ന ക്രിമിനൽ സംഘങ്ങളുമായി വളരെ അടുത്ത ബന്ധമാണ് വാടക കൊലയാളിയും ഗുണ്ടാ നേതാവുമായ കാരൻ ജൂലിയത്ത് ഒഗീഡ റോഡ്രിഗസിന്.

കൊളംബിയയിലെ ബറാങ്കബെർമെജയില്‍ ഒട്ടേറെ കൊലപാതകങ്ങൾക്കാണ് കാരൻ നേതൃത്വം നൽകിയതെന്ന് പൊലീസ് കരുതുന്നു. വാടക കൊലയാളികളുടെ സംഘത്തെ നയിക്കുന്ന കാരൻ ലോസ് ഡേലാ എം ഗ്യാങ്ങിനു വേണ്ടിയും കൊലപാതകങ്ങൾ നടത്തിയെന്ന് പൊലീസ് കണ്ടെത്തി .

മുൻ കാമുകനായ ഡേവി ജീസസും കാരനും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി . ഇത് പരിഹരിക്കാനായി കാരൻ വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു ഡേവി. പക്ഷേ, ബൈക്കിലെത്തിയ രണ്ടുപേർ ഡേവിയെ കൊലപ്പെടുത്തി. കഴിഞ്ഞ വർഷം ജൂലൈ 23നാണ് കാരന്റെ നിർദേശമനുസരിച്ച് സംഘാംഗങ്ങൾ ഈ കൊലപാതകം നടത്തിയത്. തുടർന്ന് കഴിഞ്ഞവർഷം ഡിസംബറിൽ കാരനെയും പൗലാ വലന്റീനാ ജോയ റൂയിഡെയും പൊലീസ് പിടികൂടി. മുൻ കാമുകൻ ഉൾപ്പെടെ ഒട്ടേറെ പേരുടെ കൊലപാതക കേസുകളിൽ കാരൻ വിചാരണ കാത്ത് കഴിയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.