സര്‍പ്പട്ടൈ പരമ്പര കണ്ടവരൊന്നും എളുപ്പം മറക്കാനിടയില്ലാത്ത പേരാണ് ദുഷാരാ വിജയനെന്നത്. സിനിമയില്‍ ആര്യയുടെ നായികയായി എത്തിയ സുന്ദരി ഒട്ടും ഗ്ളാമറില്ലാതെയാണ് പ്രത്യക്ഷപ്പെട്ടത്. അസാധാരണമായ അഭിനയമികവ് കാഴ്ചവെച്ച നടി ഇനി വരാന്‍ പോകുന്നത് സൂപ്പര്‍താരം രജനീകാന്തിനും മുന്‍ മരുമകന് ധനുഷിനും ഒപ്പമാണ്. താരത്തിന്റെ അടുത്ത രണ്ടു സിനിമകള്‍ ഇവര്‍ക്കൊപ്പമാണ്.
തമിഴ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്തിന്റെ ജയ്ഭീം സംവിധായകന് ടി.ജി. ജ്ഞാനവേലിന്റെ ചിത്രത്തില്‍ ദുഷാരാ വിജയനും ഉണ്ടാകുമെന്ന് സിനിമയുമായി ബന്ധപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ട ആദ്യ വിവരമാണ്. ദുഷാരാ വിജയന് സിനിമയുടെ ഭാഗമാകുന്ന വിവരം ലെയ്ക്ക പ്രൊഡക്ഷന്‍സ് അവരുടെ എക്സ് ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഏതാനും സിനികളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ചെയ്ത സിനിമകളില്‍ മികച്ച പ്രകടനം നടത്തിയ നടിയാണ് ദുഷാര. രജനീകാന്തിന്റെ മരുമകന് ധനുഷിന്റെ 50-ാം സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നടിയിപ്പോള്‍. പാ രഞ്ജിത്തിന്റെ സര്‍പ്പട്ടൈ പരമ്പരൈ, നച്ചത്തിരങ്ങള് നഗഗിറത് എന്നീ സിനിമകളില്‍ നായികയായുള്ള ദുഷാരയുടെ പെര്‍ഫോമന്‍സ് ശ്രദ്ധേയമായിരുന്നു. അര്‍ജുന്‍ദാസ് നായകനായി എത്തിയ അനീതി എന്ന സാമൂഹ്യപ്രസക്തമായ വിഷയം സംസാരിച്ച സിനിമയിലും നടി അഭിനയിച്ചിരുന്നു.
രജനീകാന്തിന്റെ 170-ാമത് ചിത്രമായിട്ടാണ് ജ്ഞാനവേലിന്റെ സിനിമ എത്തുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ ഷൂട്ട് ചെയ്യുന്ന സിനിമയില്‍ രജനീകാന്ത് ഒരു മുസ്ളീം കഥാപാത്രമായാണ് എത്തുന്നതെന്നാണ് ഏറ്റവും പുതിയ വിവരം. രജനി ചിത്രത്തില്‍ നായികയായിട്ടല്ല നടിയെത്തുന്നത് ഒരു പ്രധാന വേഷത്തിലാണ്.