Lifestyle

അബദ്ധത്തില്‍ ചവിട്ടിയത് ആക്സിലേറ്റര്‍; ഷോറൂമിന്റെ ഒന്നാംനിലയില്‍ നിന്ന് ഥാര്‍ ‘പറന്നത്’ റോഡിലേക്ക്- വീഡിയോ

ഒരു പുത്തന്‍ വാഹനം വാങ്ങുക എന്നുള്ളത് സന്തോഷം നിറഞ്ഞ കാര്യം തന്നെയാണ്. ആളുകള്‍ അത്തരം നിമിഷങ്ങള്‍ പരമാവധി ആഘോഷമാക്കാറുണ്ട്. ഡല്‍ഹിയില്‍ പുത്തന്‍ മഹീന്ദ്ര ഥാർ വാങ്ങിയ യുവതിയുടെ ഈ സന്തോഷം നീണ്ടുനിന്നത് മിനിറ്റുകള്‍ക്ക് മാത്രമാണ്. വാഹനം വാങ്ങിയതിനു പിന്നാലെ ഷോറൂമില്‍വച്ച് അബദ്ധത്തില്‍ ആക്സിലേറ്റര്‍ ചവിട്ടിയതിനെ തുടര്‍ന്ന് വാഹനം ഒന്നാം നിലയിൽനിന്ന് റോഡിലേക്ക് കുതിക്കുകയായിരുന്നു.

ഡൽഹിയിലെ നിർമ്മൻ വിഹാറിലെ മഹീന്ദ്ര ഷോറൂമിൽനിന്നാണ് 29കാരിയായ മാണി പവാർ 27 ലക്ഷം രൂപ വിലമതിക്കുന്ന തന്റെ പുതിയ ഥാര്‍ വാങ്ങിയത്. ഷോറൂമിൽനിന്ന് കാർ മുന്നോട്ട് എടുക്കുന്നതിന് മുന്‍പ് പതിവുപോലെ ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കി പുതുവാഹനത്തിലെ യാത്രകള്‍ക്ക് ശുഭാരംഭം കുറിക്കാനായിരുന്നു മാണി പവാർ ആഗ്രഹിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

ഷോറൂമിന്റെ ഒന്നാം നിലയിലായിരുന്നു വാഹനം. ടയറിന്റെ അടിയില്‍ ചെറുനാരങ്ങവച്ച് മുന്നോട്ടെടുക്കാന്‍ യുവതി ശ്രമിച്ചു. പക്ഷേ അബദ്ധത്തിൽ അമർത്തിയത് ആക്സിലറേറ്ററില്‍ ആയിരുന്നു. പെട്ടെന്ന് വാഹനം മുന്നോട്ടുകുതിച്ചു. ഷോറൂമിന്റെ ചില്ല് തകര്‍ത്ത് ഒന്നാം നിലയില്‍ നിന്ന് താഴെ റോഡിലേക്ക് വീഴുകയായിരുന്നു വാഹനം. യുവതിയും ഷോറൂം ജീവനക്കാരനുമാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തിന് ശേഷമുള്ള വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഭാഗ്യത്തിന് വാഹനത്തിലെ എയർബാഗുകൾ കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെയും ഷോറൂം ജീവനക്കാരനെയും ഉടന്‍ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രഥമശുശ്രൂഷയ്ക്ക് ശേഷം വിട്ടയയ്ക്കുകയും ചെയ്തു.