ഗോളടി കുറഞ്ഞതിന്റെ പേരില്‍ ബഞ്ചിലിരുത്തിയ പരിശീലകന് കളത്തിലിറക്കിയപ്പോള്‍ ചുട്ട മറുപടി നല്കി അര്‍ജന്റീന താരം ലൗട്ടേരോ മാര്‍ട്ടീനസ്. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്മിലാന് താരം 27 മിനിറ്റിനുള്ളില്‍ നേടിക്കൊടുത്തത് നാലു ഗോളുകളാണ്. ശനിയാഴ്ച ഇറ്റാലിയന്‍ സീരി എ യിലെ എതിരാളികളുടെ ഹോംഗ്രൗണ്ടായ സാലെനിറ്റാനയില് അവര്‍ക്കെതിരേയാണ് മാരക പ്രകടനം നടത്തിയത്. കളിയുടെ 55-ാം മിനിറ്റില്‍ അര്‍ജന്റീനതാരം മൈതാനത്ത് എത്തുമ്പോള്‍ ഇരുടീമുകളും ഗോളുകള്‍ സ്കോര്‍ ചെയ്തിരുന്നില്ല. അടുത്ത അര മണിക്കൂറിനുള്ളില്‍ ലോകകപ്പ് ജേതാവ് നാല് ഗോളുകള്‍ നേടി ഇന്റര്‍ വിജയം പിടിച്ചെടുത്തു. പകരക്കാരനായി ഒരു കളിയില്‍ നാല് ഗോളുകള്‍ നേടുന്ന സീരി എയിലെ ആദ്യ കളിക്കാരനായിട്ടാണ് ഇതോടെ മാര്‍ട്ടിനെസ് മാറിയത്.പരിശീലകന് ഇന്‍സാഗിക്ക് കീഴില്‍ ഈ സീസണില്‍ മികച്ച തുടക്കമാണ് ഇന്ററിന് കിട്ടിയതെങ്കിലും കഴിഞ്ഞ മത്സരത്തില്‍ സാസോളുവിനോട് 2-1 ന് തോറ്റത് ഇന്ററിന് തിരിച്ചടിയായിരുന്നു. എന്നിട്ടും ചൊവ്വാഴ്ച യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ബെനഫിക്കയ്ക്ക് എതിരേ മാര്‍ട്ടീനസിനെ ഇറക്കിയിരുന്നില്ല. മത്സരത്തില്‍ ഇന്റര്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിച്ചതോടെയാണ് ഇന്‍സാഗി മാര്‍ട്ടീനെസിനെ കൊണ്ടുവന്നത്. എന്നാല്‍ താരം കളത്തിലെത്തി ഏഴു മിനിറ്റിനുള്ളില്‍ ഹാട്രിക് നേടി. ഇതോടെ സീരി എ യില്‍ ഒമ്പത് ഗോളുകളുമായി ടോപ് സ്കോറര്‍മാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണ് മാര്‍ട്ടീനസ്.
