വിമാനയാത്രയില്‍ മുല്ലപ്പൂവ് കൈവശം വച്ചതിന് ഒന്നേകാൽ ലക്ഷം രൂപ പിഴശിക്ഷ കിട്ടിയ വിവരം തുറന്നു പറഞ്ഞ് നടി നവ്യ നായർ. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിൽ വച്ചാണ് താരത്തിന്റെ കൈയിൽ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തേടനുബന്ധിച്ചുള്ള പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം.
പരിപാടിയില്‍ സംസാരിക്കവെ, നവ്യ തന്റെ അനുഭവം പങ്കുവച്ചു. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂമാലയാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നത്. 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ പറഞ്ഞു.
നവ്യയുടെ വാക്കുകൾ – ‘ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛന് പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വയ്ക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു.
എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴിവുകഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്.’ -നവ്യ നായർ പറഞ്ഞു.




