Featured Good News

താജ്മഹൽ പാലസ് ഹോട്ടല്‍ മുറ്റത്ത് കിടന്നുറങ്ങുന്ന തെരുവ് നായ ! രത്തൻ ടാറ്റയുടെ മൃഗസ്നേഹം- ഹൃദയസ്പര്‍ശിയായ ചിത്രം

ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്ന അന്തരിച്ച രത്തൻ ടാറ്റയ്ക്ക് നായ്ക്കളോടും തെരുവ് മൃഗങ്ങളോടുമുള്ള സ്നേഹം പേരുകേട്ടതാണ്. ഇവിടെ മുംബൈയിലെ പ്രശസ്തമായ താജ്മഹൽ പാലസ് ഹോട്ടലിന് സമീപത്തുകൂടി കടന്നുപോകുമ്പോൾ പ്രസാധകയും എഡിറ്ററുമായ ഫർസാന കോൺട്രാക്ടർ കണ്ട ഒരു കാഴ്ച തന്റെ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഒരു വികാരഭരിതമായ പോസ്റ്റകയി അവര്‍ പങ്കുവച്ചു.

ഹോട്ടലിന് പുറത്ത് താൻ കണ്ട കാഴ്ചകൾ ഓർമ്മിച്ചുകൊണ്ട് അവർ എഴുതി, “ഇന്നലെ രാത്രി ഞാൻ താജിൽ നിന്ന് ഇറങ്ങുമ്പോൾ, റോണി പൂമുഖത്ത് സമാധാനത്തോടെ ഉറങ്ങുകയായിരുന്നു, ബീമറുകളും ജാഗുകളും വണ്ടിയോടിച്ചു വരുന്നത് ശ്രദ്ധിക്കാതെ. ഈ താജ് വളർത്തുമൃഗങ്ങളിൽ ഞാൻ കാണുമ്പോഴെല്ലാം, രത്തൻ ടാറ്റയെ ഓർമ്മ വരുന്നു, അദ്ദേഹത്തിന്റെ ആത്മാവ് എത്ര സന്തോഷവാനായിരിക്കും. ഈ കാരുണ്യം മനസിലാകണമെങ്കില്‍ പോസ്റ്റിലെ രണ്ടാമത്തെ ചിത്രം പരിശോധിക്കുക. അതിലിങ്ങനെ എഴുതിയിരിക്കുന്നു. അതിഥികള്‍ ഇവിടെയുള്ള നായകളെ തൊടുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്- തീർച്ചയായും വിവേകപൂർണ്ണമാണ്, താജിന്റെ ഒരു സ്പർശം.”

താജ്മഹൽ പാലസ് ഹോട്ടലിന് മുന്നിൽ വിശ്രമിക്കുന്ന നായകളെ ‘താജ് വളർത്തുമൃഗങ്ങൾ’ എന്നാണ് സ്നേഹത്തോടെ വിശേഷിപ്പിക്കുന്നത്. ഇവയെ ബഹുമാനിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള ബോർഡുകൾ ഹോട്ടലിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ നായകൾ താജ് ഹോട്ടലിന്റെ കാരുണ്യത്തിന്റെ പ്രതീകങ്ങളായി മാറിയിരിക്കുന്നു.

രത്തൻ ടാറ്റക്ക് തെരുവുനായകളോടുള്ള സ്നേഹം വളരെ വലുതായിരുന്നു. വാക്കുകളിൽ ഒതുങ്ങാത്ത ഈ സ്നേഹം താജ്മഹൽ പാലസിലും ടാറ്റാ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിലുമെല്ലാം അദ്ദേഹം തെളിയിച്ചു. അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഓടിച്ചുവിടാതെ മാന്യമായി സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശങ്ങൾ നൽകി.

ഫർസാനയുടെ പോസ്റ്റ് ഓർമ്മിപ്പിക്കുന്നത്, ഈ നായകൾ വെറും മൃഗങ്ങളല്ല, മറിച്ച് താജ് ഹോട്ടലിന്റെ തന്നെ ഒരു ഭാഗമാണെന്നാണ്. രത്തൻ ടാറ്റ കാത്തുസൂക്ഷിച്ച കാരുണ്യത്തിൻ്റെയും സഹാനുഭൂതിയുടെയും പാരമ്പര്യം ഈ നായകളിലൂടെ ഇന്നും തുടരുന്നു. ആഡംബര കാറുകൾ കടന്നുപോകുമ്പോഴും ശാന്തമായി ഉറങ്ങുന്ന ‘റോണി’ എന്ന നായ, രത്തൻ ടാറ്റയുടെ ഈ പാരമ്പര്യത്തിന് ഒരു ഉദാഹരണമാണ്. രത്തൻ ടാറ്റയുടെ കാരുണ്യം താജ് ഹോട്ടലിന്റെ മതിലുകളിൽ മാത്രമല്ല, അവിടുത്തെ നാലുകാലുള്ള അന്തേവാസികളുടെ സമാധാനപരമായ ഉറക്കത്തിലും ജീവിക്കുന്നു എന്ന് ഈ പോസ്റ്റ് വ്യക്തമാക്കുന്നു.