Crime

രാജ്യത്തെ ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്ന് ; 18 കിലോ സ്വര്‍ണ്ണവും വജ്രവുമായി 25 കോടിയുടെ മോഷണം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കവര്‍ച്ചകളില്‍ ഒന്നില്‍ മൂന്ന് പ്രതികളെ ഛത്തീസ്ഗഡില്‍ നിന്നും അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ബോഗല്‍ ഏരിയയിലെ ഒരു ആഭരണക്കടയില്‍ നിന്നും 25 കോടിയുടെ കവര്‍ച്ചയാണ് നടന്നത്. പ്രതികളില്‍ നിന്നും പോലീസ് വന്‍തോതില്‍ സ്വര്‍ണ്ണം കണ്ടെത്തി.

ലോകേഷ് ശ്രീവാസ്തവ, ശിവ ചന്ദ്രവംശി, പേര് വെളിപ്പെടുത്താത്ത വ്യക്തി എന്നിങ്ങനെ പ്രതികളെ തിരിച്ചറിഞ്ഞതായി ബിലാസ്പൂര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു. 12.50 ലക്ഷം രൂപ പണമായും 18 കിലോയിലധികം സ്വര്‍ണവും വജ്രവും പ്രതികളില്‍ നിന്നും കണ്ടെത്തി. ഈ പ്രതികള്‍ മോഷണവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡിലും ആന്ധ്രാപ്രദേശിലുമായി സജീവമാണ്.

രാജ്യതലസ്ഥാനത്തെ ഏറ്റവും വലിയ മോഷണമാണ്. പ്രതികള്‍ കട കുത്തിത്തുറക്കുകയും സ്‌ട്രോംഗ് റൂമില്‍ ഒരു വലിയ ദ്വാരം ഉണ്ടാക്കുകയും 20 കോടിയില്‍ അധികം മൂല്യം വരുന്ന ആഭരണങ്ങളും അഞ്ചുലക്ഷം രൂപയും ഈ ആഴ്ച ആദ്യം എടുത്തിരുന്നു. ദക്ഷിണ ഡല്‍ഹിയിലെ ഭോഗലില്‍ ഉംറാവോ ജ്വല്ലേഴ്‌സ് എന്ന കടയായിരുന്നു കൊള്ളയടിക്കപ്പെട്ടത്. ഇതിന്റെ സിസിടിവി ക്യാമറകള്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ കേടായി. ഞായറാഴ്ച രാത്രി എട്ടോടെ കടയടച്ച ഉടമ ചൊവ്വാഴ്ച രാവിലെ 10.30ഓടെ കട തുറന്നപ്പോഴാണ് സംഭവം അറിയുന്നത്.

കടയോട് ചേര്‍ന്നുള്ള നാല് നില കെട്ടിടത്തിന്റെ ടെറസിലാണ് ആദ്യം മോഷ്ടാക്കള്‍ കയറിയത്. അവിടെ നിന്ന് സ്ട്രോങ്റൂം സ്ഥിതി ചെയ്യുന്ന താഴത്തെ നിലയില്‍ എത്തി സിസിടിവി കാമറകള്‍ വിച്ഛേദിച്ച് ഭിത്തിയില്‍ തുളയിട്ട് അതിലൂടെ ലോക്കറിനുള്ളില്‍ പ്രവേശിച്ചു. ലോക്കറിലെ ആഭരണങ്ങള്‍ കൂടാതെ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും മോഷ്ടാക്കള്‍ അപഹരിച്ചു.