Lifestyle

AI ഉപയോഗിക്കുന്നുണ്ടോ? ജിമെയിൽ ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ആക്രമണം; ഗൂഗിൾ റെഡ് അലേർട്ട്

ഗൂഗിളിന്റെ 1.8 ബില്യൺ വരുന്ന ജിമെയിൽ ഉപയോക്താക്കൾക്ക് പുതിയ സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് . ‘ഇൻഡയറക്ട് പ്രോംപ്റ്റ് ഇൻജക്ഷൻ’ എന്നറിയപ്പെടുന്ന ഈ സൈബർ ആക്രമണത്തിലൂടെ, ഹാക്കർമാർ അപകടകരമായ നിർദ്ദേശങ്ങൾ ഇമെയിലുകളിൽ ഒളിപ്പിച്ചുവെച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു.

പുതിയ ഭീഷണികളെക്കുറിച്ച് ഗൂഗിൾ മുന്നറിയിപ്പ്

ലോകമെമ്പാടുമുള്ള 1.8 ബില്യൺ ജിമെയിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട്, ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട ഒരു പുതിയതരം സൈബർ സുരക്ഷാ ഭീഷണിയെക്കുറിച്ച് ഗൂഗിൾ അറിയിച്ചതായി ‘മെൻസ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. “ഇൻഡയറക്ട് പ്രോംപ്റ്റ് ഇൻജക്ഷൻ” എന്ന് പേരിട്ടിട്ടുള്ള ഈ സൈബർ ആക്രമണരീതിയെക്കുറിച്ചാണ് ഗൂഗിൾ എല്ലാവർക്കും മുന്നറിയിപ്പ് നൽകിയത്.

ഈ ഭീഷണി വ്യക്തികളെ മാത്രമല്ല, സ്ഥാപനങ്ങളെയും സർക്കാരുകളെയും വരെ ബാധിക്കുമെന്നും ഗൂഗിൾ വിശദീകരിക്കുന്നു. ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ പറഞ്ഞതനുസരിച്ച്, “ജനറേറ്റീവ് എഐയുടെ അതിവേഗത്തിലുള്ള വ്യാപനം കാരണം, എഐ സിസ്റ്റങ്ങളെ തന്നെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയതരം ഭീഷണികൾ ഉയർന്നുവരുന്നുണ്ട്. അത്തരത്തിലുള്ള ഒരു ആക്രമണമാണ് ഇൻഡയറക്ട് പ്രോംപ്റ്റ് ഇൻജക്ഷൻ.”

ഹാക്കർമാർ ഗൂഗിൾ എഐ ജെമിനി ഉപയോഗിച്ച് പാസ് വേര്‍ഡുകൾ മോഷ്ടിക്കുന്നു

സാധാരണ സൈബർ ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഈ രീതിയിൽ ഹാക്കർമാർ എഐ പ്രോംപ്റ്റുകളിൽ നേരിട്ട് കമാൻഡുകൾ നൽകാതെ, ഇമെയിലുകൾ, രേഖകൾ, കലണ്ടർ ഇൻവിറ്റേഷൻ തുടങ്ങിയവയിൽ അപകടകരമായ നിർദ്ദേശങ്ങൾ ഒളിപ്പിച്ചുവെക്കുന്നു. ഇങ്ങനെ ഒളിപ്പിച്ച നിർദ്ദേശങ്ങൾ എഐ ഉപയോഗിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്താനും മറ്റ് ദുരുപയോഗങ്ങൾ നടത്താനും ഇടയാക്കുമെന്ന് ഗൂഗിൾ ബ്ലോഗ് വിശദീകരിക്കുന്നു.

കൂടുതൽ സർക്കാരുകളും സ്ഥാപനങ്ങളും വ്യക്തികളും ജനറേറ്റീവ് എഐ ഉപയോഗിക്കുന്ന ഈ സാഹചര്യത്തിൽ, ഈ ആക്രമണരീതി കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ടെന്നും ഇതിന് ഉടനടി ശക്തമായ സുരക്ഷാ നടപടികൾ ആവശ്യമാണെന്നും ഗൂഗിൾ മുന്നറിയിപ്പ് നൽകി.
ടെക് വിദഗ്ദ്ധനായ സ്കോട്ട് പോൾഡർമാൻ പറഞ്ഞത്, ഹാക്കർമാർ ഗൂഗിളിന്റെ എഐ അസിസ്റ്റന്റായ ജെമിനി ഉപയോഗിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ മോഷ്ടിക്കുന്നുണ്ടെന്നാണ്. ഉപയോക്താവ് അറിയാതെ തന്നെ ജെമിനിയെക്കൊണ്ട് പാസ്സ്വേർഡുകൾ വെളിപ്പെടുത്തുന്ന രീതിയിലുള്ള കമാൻഡുകൾ ഹാക്കർമാർ ഇമെയിലുകളിൽ ഒളിപ്പിച്ചു വെക്കുന്നുണ്ടെന്ന് ‘ദി മിറർ’ റിപ്പോർട്ട് ചെയ്യുന്നു.

സ്കോട്ട് വിശദീകരിക്കുന്നത്, ഈ അക്രമരീതി എഐ-ക്ക് എതിരെ എഐ ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ ആക്രമണങ്ങൾക്ക് ഇത് വഴിവെക്കുമെന്നാണ്. കൂടാതെ, ഈ ആക്രമണം നടക്കാൻ ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും, ജെമിനി തന്നെ ഉപയോക്താക്കൾ അപകടത്തിലാണെന്ന് മുന്നറിയിപ്പ് നൽകുന്ന മെസ്സേജ് കാണിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോഗിൻ വിവരങ്ങളോ അല്ലെങ്കിൽ ഫ്രോഡിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ഗൂഗിൾ ഒരിക്കലും ജെമിനി വഴി ആവശ്യപ്പെടില്ലെന്ന് അദ്ദേഹം എല്ലാവരെയും ഓർമ്മിപ്പിച്ചു.