Featured Good News

ക്ഷേത്ര നിർമ്മാണത്തിന് യാചകയുടെ സംഭാവന 1.83 ലക്ഷം! ഞെട്ടിയത് കമ്മിറ്റിക്കാർ, 35 വർഷമായി ഭിക്ഷയെടുത്ത് ജീവിതം

റയ്ചൂർ-ജംബലദിന്നി റോഡരികിൽ ഭിക്ഷയെടുത്തു ജീവിക്കുന്ന രംഗമ്മ നാട്ടിലെ ക്ഷേത്രമായ ആഞ്ജനേയസ്വാമി ക്ഷേത്രത്തി​ന്റെ പുനരുദ്ധാരണത്തിന് സംഭാവനയായി നൽകിയത് 1.83 ലക്ഷം രൂപ. കഴിഞ്ഞ ആറു വർഷമായി ഭിഷയെടുത്ത് കിട്ടിയ പണമാണ് ഇവർ ക്ഷേത്രത്തിന് സംഭാവന ചെയ്തത്.

സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേ​ത്രം അടുത്തിടെയാണ് പൊതുജനങ്ങൾക്കായി നൽകിയത്. ഭിക്ഷയെടുത്തു കിട്ടിയ പണം സംഭാവന ചെയ്തതിന് ഇവരെ ക്ഷേ​ത്ര ഭാരവാഹികൾ ആദരിച്ചു.

ആന്ധ്രാ സ്വദേശിയാണ് രംഗമ്മ. എന്നാൽ കഴിഞ്ഞ 35 വർഷമായി ഇവർ ബിജനഗെരയിൽ താമസിക്കുകയായിരുന്നു. ഇത്രയും കാലം ഇവരുടെ ജീവിതമാർഗം ഭിക്ഷയായിരുന്നു. കിട്ടിയ പണമെല്ലാം ചാക്കിൽകെട്ടി സൂക്ഷിക്കുകയായിരുന്നു ഇവരുടെ പതിവ്. എന്നാൽ കിടപ്പ് റോഡരികിലായിരുന്നു. അടുത്തകാലത്ത് നാട്ടുകാർ ഇവർക്ക് ഒരു ചെറിയ വീട് വെക്കാൻ സഹായിച്ചു. അതിനു ചെലവായ ഒരു ലക്ഷം രൂപ ഇവരുടെ പണമായിരുന്നു. എങ്കിലും പലപ്പോഴും തെരുവിൽ തന്നെയാണ് ഇവരുടെ ഉറക്കം.

അപ്പോഴാണ് മുന്ന് ചാക്കു നിറയെ പണം നാട്ടുകാർ കാണുന്നത്. ഇത് ചോദിച്ച​പ്പോൾ അത് ക്ഷേത്രത്തിനുള്ള സംഭാവനയാണെന്ന് അവർ പറഞ്ഞു. നാട്ടുകാർ പണം എണ്ണിത്തിട്ടപ്പെടുത്തി. എല്ലാം നാണയങ്ങളായിരുന്നു. 20 പേർ ആറു മണിക്കൂർ എണ്ണിയപ്പോഴാണ് 1.83 ലക്ഷം രൂപയെന്ന് കണ്ടത്. അതിനിടയിൽ ചാക്കിൽ നനഞ്ഞ 20,000 രൂപയുടെ അധികം നോട്ടുകൾ ഉപയോഗ ശൂന്യമാവുകയും ചെയ്തു.. ബാക്കി തുക ക്ഷേത്രത്തിലേക്ക് നൽകുകയും ചെയ്തു.

ബൈക്ക് യാത്രക്കാരിൽ നിന്നും ഓട്ടോക്കാർ അടക്കം വിവിധ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്നും മാത്രമായിരുന്നു ഇവർ ഭിക്ഷ യാചിച്ചിരുന്നതെന്ന് പറയുന്നു. ആദ്യം തുക കണ്ട് ക്ഷേത്ര ഭാരവാഹികൾ ഞെട്ടുകയും തുക സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ താനിത് ക്ഷേത്രത്തിന് നൽകാൻ വെച്ച തുകയാണെന്ന് രംഗമ്മ തന്നെ പറഞ്ഞതോടെയാണ് ഒടുവിൽ തുക സ്വീകരിച്ചത്.