ആദ്യമായി സൗത്ത് ഇന്ത്യന്‍ സംവിധായകന് ആറ്റ്ലിയ്ക്കൊപ്പം കൂടിയപ്പോള്‍ ഷാരൂഖിന് കിട്ടിയത് ഈ വര്‍ഷം രണ്ടാം തവണ 1000 കോടി കളക്ഷന്‍ വാരുന്ന വമ്പന്‍ ഹിറ്റുകളിലൊന്നായ ജവാനായിരുന്നു. സംവിധായകന് നെല്‍സണുമായി ചേര്‍ന്നപ്പോള്‍ രജനീകാന്തിന് കിട്ടിയതാകട്ടെ 600 കോടി ഇതിനകം കളക്ട് ചെയ്തു കഴിഞ്ഞ ജയിലറെന്ന തകര്‍പ്പന്‍ സൂപ്പര്‍ഹിറ്റും. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടനാരെന്ന സര്‍വേയില്‍ തെളിഞ്ഞത് ഇവര്‍ രണ്ടുപേരുമല്ല മറ്റൊരു നടന്.
ഇന്ത്യയിലെ ഒരു മുന്‍നിര മീഡിയാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഇന്ത്യന്‍ സിനിമാതാരങ്ങളുടെ റാങ്കിംഗ് നിര്‍ണ്ണയിച്ചു. ഷാരൂഖും രജനീകാന്തും സല്‍മാന്‍ഖാനും ജൂനിയര്‍ എന്‍ടിആറും അല്ലു അര്‍ജുനുമെല്ലാം ഉള്‍പ്പെടുന്ന ആഗസ്റ്റിലെ ടോപ്ടെന് പട്ടികയില്‍ ഒന്നാമത് വന്നത് സാക്ഷാല്‍ ഇളയ ദളപതി വിജയ് ആയിരുന്നു. ബോളിവുഡ് ഐക്കണും ഈ വര്‍ഷം രണ്ടു സിനിമകള്‍ 1000 കോടിയ്ക്ക് മുകളിലേക്ക് കളക്ഷന്‍ വാരി റെക്കോഡ് ഇട്ട ഷാരൂഖ് രണ്ടാമതായിപ്പോയി.
വമ്പന്‍ സൂപ്പര്‍ഹിറ്റുമായി എത്തിയ തമിഴ് സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍ മന്നന് പട്ടിയില്‍ രാംചരണ്‍ തേജയ്ക്കും പിന്നില്‍ പത്താമതാണ്. ബോളിവുഡില്‍ നിന്നും മൂന്ന് പേരും തെലുങ്കില്‍ നിന്നും നാലുപേരും ഉള്‍പ്പെട്ട പട്ടികയില്‍ മൂന്നാം സ്ഥാനത്ത് വന്നത് ബാഹുബലി താരം പ്രഭാസായിരുന്നു. നാലാമത് അക്ഷയ്കുമാറും അഞ്ചാമത് തമിഴ്നടന്‍ അജിത്തും വന്നു. സല്മാന്ഖാന് ആറാം സ്ഥാനത്താണ്. ഏഴും എട്ടും സ്ഥാനങ്ങള്‍ ജൂനിയര്‍ എന്‍ടിആറും അല്ലു അര്‍ജുനുമാണ്.
അതേസമയം, വിജയ് ചിത്രം ‘ലിയോ’ ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ എത്തും. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജും വിജയ്യും ആദ്യമായി ഒന്നിക്കുന്ന മാസ്റ്റര്‍ വന്‍ ഹിറ്റായിരുന്നു. ലിയോയ്ക്ക് ഇരുപത് ഫോര്‍ ഹൗ ഫാന്‍ ഷോ കേരളത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വിജയ് ഫാന്‍ പ്രിയത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ പുല്ലുവിളയിലെ എസ് എ മള്‍ട്ടി പ്ലെക്സിലാണ് മാരത്തണ്‍ ഷോകള്‍ സംഘടിപ്പിക്കുന്നത്.