രാജ്യത്തെ സുരക്ഷാസംവിധാനത്തില്‍ പരമപ്രധാന പരിഗണനയുള്ള വിഷയമാണ് പ്രധാനമന്ത്രിയുടെ സുരക്ഷ. രാജ്യത്തെ ഏറ്റവും വിലപ്പെട്ട ജീവനുകളില്‍ പെടുന്നതിനാല്‍ ഇവരുടെ സുരക്ഷയ്ക്കായി മിക്കവാറും നല്‍കുക പുരുഷന്മാരുടെ സംഘത്തെയാകും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷഗാര്‍ഡുകളുടെ സംഘത്തില്‍ പെടുന്ന അദാസോ കപേസയെക്കുറിച്ച് കേട്ടിട്ടുണ്ടോ?. മണിപ്പൂരുകാരിയായ അദാസേയുടെ നേട്ടം രാജ്യത്തിന് സൈനികസേവനം ചെയ്യാന്‍ കൊതിക്കുന്ന രാജ്യമെമ്പാടുമുള്ള അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാണ്.
പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ വനിതാ എസ്പിജി കമാന്‍ഡോയാണ് അദാസോ കപേസ. സുരക്ഷാ സംവിധാനത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ആ സ്ത്രീയുടെ ഔദ്യോഗിക നാമം ഇന്‍സ്‌പെക്ടര്‍ അദാസോ കപേസ എന്നാണ്. മണിപ്പൂര്‍ നിവാസിയായ അദാസോയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഒരു ചിത്രം അടുത്തിടെ വൈറലായതോടെയാണ് ശ്രദ്ധേയയായത്. രാജ്യത്തെ ഏറ്റവും പ്രത്യേക സുരക്ഷാ യൂണിറ്റായ എസ്പിജി യുടെ യൂണിഫോമിലായിരുന്നു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ വനിതാ എസ്പിജി കമാന്‍ഡോയായിട്ടാണ് അദാസോ കപേസ മാറിയത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിനായി രൂപീകരിച്ച ഒരു പ്രത്യേക സുരക്ഷാ യൂണിറ്റാണ് എസ്പിജി അതായത് സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്. ഈ യൂണിറ്റ് കേന്ദ്ര സര്‍ക്കാരിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അതിലെ കമാന്‍ഡോകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. മാനസികവും ശാരീരികവുമായ തലങ്ങളില്‍ പരിശോധനകള്‍ ഉള്ളതിനാല്‍ ഈ യൂണിറ്റില്‍ ചേരുന്നത് വളരെ ബുദ്ധിമുട്ടാണ്.
മണിപ്പൂരിലെ സിനേപതി ജില്ലയിലെ ‘കൈബി’ എന്ന ചെറിയ ഗ്രാമത്തിലെ മാവോ നാഗ ഗോത്രത്തില്‍ നിന്നുമാണ് അദാസോ വരുന്നത്. പഠന ശേഷം, അവര്‍ എസ്എസ്ബിയില്‍ (സശാസ്ത്ര സീമ ബാല്‍) ചേര്‍ന്നു. പിത്തോരഗഢിലെ (ഉത്തരാഖണ്ഡ്) 55-ാം ബറ്റാലിയനില്‍ ജോലി ചെയ്തു. അവിടെ നിന്ന് എസ്പിജിയിലെത്തി. ധൈര്യം കൊണ്ട് മാത്രമല്ല, അച്ചടക്കത്തിലും കഠിനാധ്വാനത്തിലും അവര്‍ സ്വയം തെളിയിച്ചു.
എസ്പിജിയില്‍ നേരിട്ടുള്ള റിക്രൂട്ട്മെന്റ് ഇല്ല. സിആര്‍പിഎഫ്, സിഐഎസ്എഫ്, എസ്എസ്ബി അല്ലെങ്കില്‍ ഐടിബിപി തുടങ്ങിയ ഏതെങ്കിലും അര്‍ദ്ധസൈനിക സേനയില്‍ ഇതിനകം പ്രവര്‍ത്തിക്കുന്നവരെ മാത്രമേ ഉള്‍പ്പെടുത്തൂ. തിരഞ്ഞെടുത്താല്‍ ആയുധ പരിശീലനം, ആയോധനകല, ബോംബ് നിര്‍വീര്യമാക്കല്‍, രഹസ്യ ദൗത്യങ്ങള്‍, മാനസിക ശക്തി തുടങ്ങിയ പ്രത്യേക പരിശീലനം നല്‍കിയാണ് അയയ്ക്കുന്നത്.
എസ്പിജി കമാന്‍ഡോകള്‍ക്ക് ആകര്‍ഷകമായ ശമ്പളവും അലവന്‍സുമുണ്ട്. പ്രതിമാസ ശമ്പളം 84,000 മുതല്‍ 2.4 ലക്ഷം വരെയാകാം. ഇതിന് പുറമെ പ്രത്യേക റിസ്‌ക് അലവന്‍സ്, ഡ്രസ് അലവന്‍സ്, യാത്രാ അലവന്‍സ്, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയും ലഭിക്കും.




