Celebrity Movie News

100 കോടിയുടെ ഫ്‌ളാറ്റ്, 50 കോടിയുടെ സ്വകാര്യ വിമാനം, ഹൈഎന്‍ഡ് വാഹനങ്ങള്‍; നയന്‍സ് വെറും സിനിമാനടി മാത്രമല്ല

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താരയ്ക്ക് ദക്ഷിണേന്ത്യന്‍ സിനിമാവേദിയില്‍ വിളിപ്പേര്. ഒറ്റയ്ക്ക് ഒരുസിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലെ അപൂര്‍വ്വം നടിമാരുടെ പട്ടികയിലാണ് നയന്‍സ്. നടി എന്നതിനപ്പുറത്ത് രാജ്യത്തെ ഏറ്റവും സുന്ദരിയും ധനികയുമായ സ്ത്രീയാണ് നയന്‍താര.

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 200 കോടി രൂപയോളമാണ് ആസ്തി കണക്കാക്കുന്നത്. ബംഗ്‌ളാവുകള്‍, ആഡംബര കാറുകള്‍ ഇന്ത്യയിലും വിദേശത്തുമായി വന്‍കിട ബിസിനസുകളില്‍ നിക്ഷേപം, സ്വകാര്യ വിമാനം പോലും താരത്തിനുണ്ട്. തമിഴ്‌നാട് മുതല്‍ മുംബൈ വരെ നീളുന്ന നാല് ആഡംബര സ്വത്തുക്കളില്‍ ഒന്നില്‍ താരത്തിനുണ്ട്.

നിലവില്‍ ഭര്‍ത്താവ് വിഘ്‌നേശ് ശിവനും കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്നത് തന്നെ 100 കോടിയുടെ 4 ബിഎച്ച്കെ ഫ്‌ളാറ്റിലാണ്. ഒരു സ്വകാര്യ സിനിമാ ഹാള്‍, നീന്തല്‍ക്കുളം, മള്‍ട്ടിഫങ്ഷണല്‍ ജിം എന്നിങ്ങനെ സവിശേഷമായ സൗകര്യങ്ങള്‍ ഈ വീട്ടില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ നയന്‍താരയ്ക്ക് 30 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാര്‍ട്ടുമെന്റുകളുമുണ്ട്.

താരത്തിന്റെ വാഹന കണക്കുകളില്‍ 1.76 കോടി രൂപ വിലമതിക്കുന്ന ബിഎംഡബ്ല്യു 7 സീരീസ്, ഒരു കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ജിഎല്‍എസ് 350 ഡി, ബിഎംഡബ്ല്യു 5 സീരീസ് എന്നിങ്ങനെ നിരവധി ഹൈ എന്‍ഡ് വാഹനങ്ങള്‍ നടിക്കുണ്ട്. ഇതിന് പുറമേ ഒരു സ്വകാര്യ ജെറ്റും താരത്തിനുണ്ട്. ഇതിന് മാത്രം ഏകദേശം 50 കോടി രൂപ വിലമതിക്കുന്നു. ശില്‍പ ഷെട്ടി, പ്രിയങ്ക ചോപ്ര, മാധുരി ദീക്ഷിത് തുടങ്ങിയ ബോളിവുഡ് താരങ്ങള്‍ക്കൊപ്പം പരസ്യവിപണിയില്‍ എലൈറ്റ് ഗ്രൂപ്പിലാണ് നയന്‍സിന് സ്ഥാനം.

ലിപ് ബാം കമ്പനിയിലും യുഎഇ ആസ്ഥാനമായുള്ള എണ്ണക്കമ്പനിയിലും നയന്‍താരയ്ക്ക് നിരവധി ബിസിനസ് സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭര്‍ത്താവ് വിഘ്‌നേഷിനോടൊപ്പം പ്രൊഡക്ഷന്‍ ഹൗസായ റൗഡി പിക്‌ചേഴ്‌സ് ബാനറിന്റെ ഉടമയുമാണ് അവര്‍.