Sports

ക്രിക്കറ്റിലെ ഒന്നാംറാങ്കുകാരായി ഇന്ത്യ ലോകകപ്പിന് ; മൂന്ന് ഫോര്‍മാറ്റിലും ഒന്നാമന്മാരായി

ഒന്നാം റാങ്കുകാരായി തന്നെ ഇന്ത്യയ്ക്ക് അടുത്തമാസം നടക്കുന്ന ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാം. വെള്ളിയാഴ്ച ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് മറികടന്നതോടെ ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ കളിയുടെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യ അഭിമാനകരമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏകദിന റാങ്കിംഗില്‍ ഇന്ത്യ പാകിസ്താനെ പിന്നിലാക്കിയാണ് ഒന്നാം റാങ്ക് നേട്ടം ആഘോഷിച്ചത്.

ഏഷ്യാ കപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര തുടങ്ങും മുമ്പ് വരെ ഇന്ത്യ പാകിസ്ഥാന് താഴെ രണ്ടാം സ്ഥാനത്തായിരുന്നു. ഓസീസിനെതിരേയുള്ള ആദ്യ ഗെയിമിലെ വിജയം തന്നെ അവരെ 116 പോയിന്റിലേക്ക് നയിച്ചു. ബദ്ധവൈരികളെക്കാള്‍ ഒരു പോയിന്റ് മുന്നില്‍. ഇതോടെ മൂന്ന് ഫോര്‍മാറ്റുകളിലും ഒരേസമയം ഒന്നാം സ്ഥാനം നേടുന്ന ഐസിസി അംഗീകരിച്ച ചരിത്രത്തിലെ രണ്ടാമത്തെ ടീമായി ഇന്ത്യ മാറി. 2012 ഓഗസ്റ്റില്‍ ഇംഗ്ലണ്ടില്‍ നിന്ന് ടെസ്റ്റ് പരമ്പര നേടിയ ദക്ഷിണാഫ്രിക്കയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ടീം, മൂന്ന് ഫോര്‍മാറ്റുകളിലും അന്ന് അവര്‍ ഒന്നാം റാങ്ക് നേടി.

വെള്ളിയാഴ്ച, ശുഭ്മാന്‍ ഗില്ലും ഋതുരാജ് ഗെയ്ക്വാദും നടത്തിയ തകര്‍പ്പന്‍ ബാറ്റിംഗും മുഹമ്മദ് ഷമിയുടെ അഞ്ചുവിക്കറ്റ് നേട്ടവുമാണ് ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഇന്ത്യയ്ക്ക് തുണയായത്. 277 റണ്‍സ് എന്ന വെല്ലുവിളി പിന്തുടര്‍ന്ന ഇന്ത്യയ്ക്കായി ഗില്‍ 63 പന്തില്‍ 74 റണ്‍സെടുത്തപ്പോള്‍ ഗെയ്ക്വാദ് 77 പന്തില്‍ 71 റണ്‍സ് നേടി. ടി20 യില്‍ ഇന്ത്യ ഇംഗ്‌ളണ്ടിനെ മറികടന്ന് ഒന്നാമതാണ്. ടെസ്റ്റിലും ഓസ്‌ട്രേലിയയാണ് ഇന്ത്യയ്ക്ക് തൊട്ടു പിന്നില്‍. ഏകദിന റാങ്കില്‍ ഓസീസ് മൂന്നാം സ്ഥാനത്തേക്കാണ് വീണിരിക്കുന്നത്.