Sports

ഡേവിഡ് ബെക്കാമിന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്; താരത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര ഒക്‌ടോബര്‍ 4 മുതല്‍

ലോകഫുട്‌ബോളിലെ ബെക്കാം മാഡ്‌നെസ്സ് എന്താണെന്ന് അറിയണമെങ്കില്‍ 1990 കളുടെ അവസാനവും 2000 ന്റെ ആദ്യവുമായി ഫുട്‌ബോള്‍ സജീവമായി വീക്ഷിച്ചിരുന്നവരോട് ചോദിച്ചാല്‍ മതി. ഡേവിഡ് ബെക്കാം എന്ന ഫുട്‌ബോള്‍ താരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മാസ്മരികതയെക്കുറിച്ചും അറിയാം.

ഫ്രീകിക്കുകളും ക്രോസുകളും കൊണ്ട് കളത്തില്‍ മഴവില്ല് വിരിയിച്ചിരുന്ന താരം സൗന്ദര്യവും സ്‌റ്റൈലും കൊണ്ട് കളത്തിന്പുറത്ത് ഫാഷന്‍ ഐക്കണുമായിരുന്നു. ഇക്കാര്യമെല്ലാം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. നെറ്റ്ഫ്‌ലിക്‌സ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററി കൊണ്ടുവരികയാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ കളിക്കുമ്പോള്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണുമായുള്ള തന്റെ കുപ്രസിദ്ധ ഡ്രസ്സിംഗ് റൂം സംഭവം ഡേവിഡ് ബെക്കാം ഇതില്‍ വെളിപ്പെടുത്തുന്നതിന്റെ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്.

1998 ലോകകപ്പിലെ സംഭവവും പറയുന്നുണ്ട്. 1998 ലോകകപ്പില്‍ അര്‍ജന്റീനയുടെ ഡീഗോ സിമിയോണിയെ ചവിട്ടിയതിന് താരത്തിന് മാര്‍ച്ചിംഗ് ഓര്‍ഡര്‍ കിട്ടിയിരുന്നു. പിന്നാലെ ഇംഗ്‌ളണ്ട് 10 പേരായി ചുരുങ്ങുകയും ടീം തോറ്റ് പുറത്തു പോകുകയും ചെയ്തു. സംഭവം തന്നെ വല്ലാതെ ബാധിച്ചതായി ബെക്കാം പറയുന്നു. ഉണ്ണാനോ ഉറങ്ങാനോ കഴിയാതെ സ്വയം അറിയുക പോലും ചെയ്യാനാകാത്തെ അവസ്ഥയിലാക്കി.

ഒക്ടോബര്‍ 4 മുതലാണ് ‘ബെക്കാം’ നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാകുന്നത്. നാല് ഭാഗങ്ങളുള്ള പരമ്പരയ ആരാധകര്‍ക്ക് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളുടെ ജീവിതം കാണാന്‍ അവസരം നല്‍കുന്നു.