Hollywood

മടുത്തിട്ട് ജോണ്‍ വിക്കിനെ ഇനി കൊന്നുകളയാന്‍ കീനുറീവ്‌സ് ആവശ്യപ്പെട്ടു; തയ്യാറാകാതെ നിര്‍മ്മാതാക്കള്‍

നാട്ടിലെ ഹോളിവുഡ് സിനിമാ പ്രാന്തന്മാരായ കൊച്ചുകുട്ടിയോട് വരെ ചോദിച്ചുനോക്കിയാല്‍ അറിയാം ജോണ്‍വിക്ക് പരമ്പര സിനിമ ഉണ്ടാക്കിയ ലഹരി. എന്നാല്‍ സിനിമയിലെ നായകന്‍ കീനു റീവ്‌സിന് സിനിമ അത്ര ലഹരി നല്‍കുന്നില്ല. സിനിമയുടെ നാലു ഭാഗങ്ങള്‍ക്ക് ശേഷം ഇനി ജോണ്‍വിക്കിനെ അങ്ങു കൊന്നുകളയാന്‍ കീനു റീവ്‌സ് ആവശ്യപ്പെട്ടെന്ന് നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് പറഞ്ഞു.

കൊളൈഡറുമായുള്ള ഒരു അഭിമുഖത്തിലാണ് പരമ്പര ചിത്രത്തിന്റെ നിര്‍മ്മാതാവ് ബേസില്‍ ഇവാനിക് ഇക്കാര്യം പറഞ്ഞത്. ഏറ്റവും അവസാനം വന്ന സിനിമയില്‍ പാരീസിലെ സേക്ര-കൂവറില്‍ ജോണ്‍വിക്കും ബില്‍ സ്‌കാര്‍സ്ഗാര്‍ഡ് അവതരിപ്പിച്ച വില്ലന്‍ മാര്‍ക്വിസും തമ്മിലുള്ള ഒരു ഗംഭീര പോരാട്ടം ഉണ്ടായിരുന്നു. ഈ സംഘട്ടനത്തില്‍ കഥാപാത്രത്തിന്റെ മരണം ഉറപ്പാക്കാന്‍ താരം കീനു റീവ്സ് ആഗ്രഹിച്ചിരുന്നു എന്നാണ് ഇവാന്‍സ് പറഞ്ഞത്. ‘രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും സിനിമയ്ക്ക് ശേഷം, ഈ സിനിമകള്‍ വളരെ ക്ഷീണിപ്പിക്കുന്നെന്നും തന്നെ ശാരീരികമായും വൈകാരികമായും നശിപ്പിക്കുന്നു എന്നും തനിക്ക് ഇനിയിത് വീണ്ടും ചെയ്യാന്‍ കഴിയില്ലെന്നും കീനു റീവ്‌സ് പറഞ്ഞു.

സിനിമയുടെ അവസാനത്തില്‍ ജോണ്‍വിക്ക് കഥാപാത്രം തീര്‍ച്ചയായും കൊല്ലപ്പെടണം എന്ന മട്ടിലായിരുന്നു അദ്ദേഹം. എന്നാല്‍ ജോണ്‍വിക്കിന് തിരിച്ചുവരാനായി 10 ശതമാനം സാധ്യതയിട്ടാണ് നാലാം ഭാഗം അവസാനിപ്പിച്ചത്. റീവ്സും വിക്ക് ഡയറക്ടര്‍ ചാഡ് സ്റ്റാഹെല്‍സ്‌കിയും മറ്റൊരു അധ്യായത്തിനായി എപ്പോള്‍ തയ്യാറായാലും താന്‍ അവിടെ ഉണ്ടാകുമെന്ന് ഇവാനിക് പറയുന്നു. നമുക്കെല്ലാവര്‍ക്കും മറ്റൊരു ജോണ്‍ വിക്ക് വേണമെന്നും എന്നാല്‍ അത് എങ്ങനെയാണെന്നും എപ്പോള്‍ സംഭവിക്കുമെന്നും അറിയില്ലെന്നും പറഞ്ഞു.