Featured Lifestyle

ആധാർ മുതൽ UPI വരെ: ഈ മാറ്റങ്ങള്‍ ഇന്നു മുതല്‍, നിങ്ങളുടെ പണമിടപാടുകൾ മാറും!

ആദായനികുതി റിട്ടേണ്‍ സമര്‍പ്പണം, ക്രെഡിറ്റ്‌ കാര്‍ഡുകളുടെ ഉപയോഗവും ചാര്‍ജുകളും, തത്‌കാല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്കിങ്‌ എന്നിവയുള്‍പ്പെടെ ഇന്ത്യയിൽ നിരവധി സാമ്പത്തിക നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുന്നു.

പുതിയ പാന്‍ കാര്‍ഡ്‌ അപേക്ഷകള്‍ക്ക്‌ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കുന്നതും മാറ്റങ്ങളില്‍ ഉള്‍പ്പെടും. എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ, എസ്‌.ബി.ഐ. എന്നീ ബാങ്കുകളുടെ നിരക്കുകളിലും ഇന്നു മുതല്‍ മാറ്റമുണ്ടാകും. ഓരോ മാറ്റങ്ങളെക്കുറിച്ചും കൂടുതൽ വിശദമായി നോക്കാം.

പുതിയ പാന്‍ കാര്‍ഡിന്‌ ആധാര്‍ നിര്‍ബന്ധം

ഇന്നു മുതല്‍, പാന്‍ കാര്‍ഡ്‌ അപേക്ഷകള്‍ക്ക്‌ ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാ(സി.ബി.ഡി.ടി) ണ്‌ ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്‌. നിലവിലുള്ള പാന്‍ ഉടമകള്‍ ഡിസംബര്‍ 31 നുള്ളില്‍ തങ്ങളുടെ ആധാര്‍ നമ്പറുകള്‍ ലിങ്ക്‌ ചെയ്യണം. നിലവില്‍, പുതിയ പാന്‍ കാര്‍ഡ്‌ അപേക്ഷകള്‍ക്ക്‌ ൈഡ്രവിങ്‌ ലൈസന്‍സ്‌, ജനന സര്‍ട്ടിഫിക്കറ്റ്‌ തുടങ്ങിയ സര്‍ക്കാര്‍ നല്‍കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖ മതിയായിരുന്നു.

തത്‌കാല്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്കിംഗ്

തത്‌കാല്‍ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിനും ആധാര്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധമാണ്‌. ജൂലൈ 15 മുതല്‍, രജിസ്‌റ്റര്‍ ചെയ്‌ത മൊബൈല്‍ ഫോണിലേക്ക്‌ അയയ്‌ക്കുന്ന ഒ.ടി.പി. വഴിയാകും ബുക്കിംഗ്. അതായത്, ഐആർസിടിസി അക്കൗണ്ടും ആധാറും തമ്മിൽ ലിങ്ക് ചെയ്താൽ മാത്രമേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കൂ.

ട്രെയിന്‍ ടിക്കറ്റ്‌ നിരക്കില്‍ വര്‍ധന

ട്രെയിന്‍ ടിക്കറ്റ്‌ നിരക്കില്‍ ഇന്നു മുതല്‍ വര്‍ധന. നോണ്‍ എസി കോച്ചുകളില്‍ കിലോമീറ്ററിന്‌ ഒരു പൈസയും എസി കോച്ചുകളില്‍ രണ്ട്‌ പൈസയുമാകും വര്‍ധന. വന്ദേഭാരത്‌ ഉള്‍പ്പടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക്‌ വര്‍ധന ബാധകമാണ്‌. സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ്‌ ക്ലാസ്‌ യാത്രകള്‍ക്കും ടിക്കറ്റ്‌ നിരക്കില്‍ മാറ്റമുണ്ടാകില്ല. 500 കിലോമീറ്ററിനു മുകളില്‍ വരുന്ന സെക്കന്‍ഡ്‌ ക്ലാസ്‌ ടിക്കറ്റിന്‌ കിലോമീറ്ററിന്‌ അര പൈസ എന്ന നിലയില്‍ വര്‍ധനയുണ്ടാകും. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കു വര്‍ധന ഉണ്ടാകില്ല. അഞ്ചര വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ്‌ ഇന്ത്യന്‍ റെയില്‍വേ നിരക്ക്‌ വര്‍ധിപ്പിക്കുന്നത്‌.

ആദായനികുതി റിട്ടേണ്‍

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സി.ബി.ഡി.ടി കൂടുതല്‍ സാവകാശം അനുവദിച്ചു. അതിനുള്ള തീയതി സെപ്‌റ്റംബര്‍ 15 വരെ നീട്ടി. ഇത്‌ ശമ്പളക്കാര്‍ക്ക്‌ 46 ദിവസം വരെ സാവകാശം നല്‍കും.

ക്രെഡിറ്റ്‌ കാര്‍ഡ്‌ മാറ്റങ്ങള്‍

എലൈറ്റ്‌, മൈല്‍സ്‌ എലൈറ്റ്‌, മൈല്‍സ്‌പ്രൈം തുടങ്ങിയ പ്രീമിയം കാര്‍ഡുകള്‍ ഉപയോഗിച്ച്‌ വിമാന ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന വിമാന അപകട ഇന്‍ഷുറന്‍സ്‌ എസ്‌.ബി.ഐ. നിര്‍ത്തലാക്കും എച്ച്‌.ഡി.എഫ്‌.സി, ഐ.സി.ഐ.സി.ഐ ബാങ്കുകളും ചില ഇടപാടുകളുടെ ചാര്‍ജുകളില്‍ പരിഷ്‌കാരം വരുത്തും.

യുപിഐ (UPI) ചാർജ്ബാക്ക് സംവിധാനം ലളിതമാക്കുന്നു എന്നുള്ളതാണ് മറ്റൊരു മാറ്റം. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (UPI) ചാർജ്ബാക്ക് പോളിസി പുതുക്കി നിശ്ചയിച്ചു. ഇതിലൂടെ യഥാർത്ഥ റീഫണ്ട് ക്ലെയിമുകളിലെ സങ്കീർണ്ണതകളും കാലതാമസവും കുറയ്ക്കാൻ ലക്ഷ്യമിടുന്നു