ചൈന: വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിൽ നിന്നുള്ള 37 വയസ്സുള്ള ഒരു വനിതാ ഇന്‍ഫ്ളുവന്‍സര്‍ പങ്കുവച്ച തന്റെ കഥ കേട്ട് അന്തംവിട്ട് സോഷ്യൽ മീഡിയ. കാരണം കഴിഞ്ഞ 22 വർഷമായി അവരുടെ മുഖത്തെ മേക്കപ്പ് തുടച്ചു നീക്കാറില്ലെന്ന് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നു.
വർഷങ്ങളായി മേക്കപ്പുപയോഗിക്കുകയും വേണ്ടവിധത്തിൽ കഴുകിക്കളയാതിരിക്കുകയും ചെയ്തതിനെ തുടർന്ന് തനിക്കുണ്ടായ ദുരനുഭവമാണ് ചൈനയിൽ നിന്നുള്ള യുവതി പങ്കുവെച്ചത്. ശരിയായ രീതിയിൽ മേക്കപ്പ് നീക്കം ചെയ്യാത്തതിനാൽ ചർമ്മത്തിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതിന്റെ ഞെട്ടിക്കുന്ന കഥയാണ് അവര്‍ പറഞ്ഞത് .
“ന്യൂമിയൻ” എന്ന് ഓൺലൈനിൽ അറിയപ്പെടുന്ന ഇന്‍ഫ്ളുവന്‍സര്‍ ജൂൺ ആദ്യം പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് വേദനാജനകമായ അവസ്ഥയിൽ മുഖം വീർക്കുകയും, ചുവന്നു തുടുത്ത്, കട്ടിയുള്ള ചുണങ്ങുകൾ കൊണ്ട് മൂടുകയും ചെയ്യുന്ന വീഡിയോ ഇട്ടത് .
പതിനഞ്ചാം വയസ്സിൽ മേക്കപ്പ് ഉപയോഗിക്കാൻ തുടങ്ങിയ അവര്‍, സാമ്പത്തിക പരിമിതികൾ കാരണം പലപ്പോഴും ബജറ്റ് ഫ്രണ്ട്ലി ലിക്വിഡ് ഫൗണ്ടേഷനാണ് ഉപയോഗിച്ചിരുന്നത്. രാത്രിയിൽ, ശരിയായ മേക്കപ്പ് റിമൂവർ ഉപയോഗിച്ച് മുഖം കഴുകാതെ അവൾ വെള്ളം ഉപയോഗിച്ച് മുഖം കഴുകുമായിരുന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ, അവളുടെ ചർമ്മം വേദനിക്കാൻ തുടങ്ങി. ചുണങ്ങു, ചുവപ്പ്, വീക്കം, ചൊറിച്ചിൽ എന്നിവ പ്രത്യക്ഷപ്പെട്ടു.
ദുരിതപൂർണമായ അവസ്ഥ ഉണ്ടായിരുന്നിട്ടും, അവർ ഡെർമറ്റോളജിസ്റ്റുകളെ സമീപിക്കാതെ, കോസ്മെറ്റിക് ക്ലിനിക്കുകളിൽ നിന്ന് സഹായം തേടി. 2011 ൽ, അവർ ഫേഷ്യൽ ഇൻജക്ഷനുകളും “സ്കിൻ ബൂസ്റ്റർ” ചികിത്സകളും ചെയ്തു, പക്ഷേ ചർമ്മം മെച്ചപ്പെടുത്തുന്നതിനുപകരം, ഇത് അസുഖത്തെ കൂടുതൽ വഷളായി. അവളുടെ ചർമ്മം ഇരുണ്ട് കടുപ്പമുള്ളതായി. വീഡിയോയിൽ അവളുടെ മുഖം പൂർണ്ണമായും ചുവന്നു തുടുത്തതും, ഇടതൂർന്ന ചുണങ്ങുകൾ നിറഞ്ഞതും കാണിക്കുന്നു.
“എനിക്ക് 25 വയസ്സ് തികയുന്നതിനുമുമ്പ്, ഹോർമോൺ ചർമ്മ പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് എനിക്ക് മനസ്സിലായില്ല. ചെറിയ ചുവപ്പ് അല്ലെങ്കിൽ ചൊറിച്ചിൽ എന്തെങ്കിലും തൈലം ഉപയോഗിച്ച് പരിഹരിക്കാമെന്ന് ഞാൻ കരുതി. എന്നാൽ 25 വയസ്സിനു ശേഷം എല്ലാം മാറി. ഏറ്റവും മോശം അവസ്ഥയിൽ, ആയിരക്കണക്കിന് ചെറിയ ഉറുമ്പുകൾ എന്റെ മുഖത്ത് ഇഴയുന്നത് പോലെയാണ് തോന്നുന്നത്” അവൾ പറഞ്ഞു.
രോഗം മൂര്‍ഛിച്ചതിനാൽ ഇപ്പോൾ അവർ വീടിനുള്ളിൽ തന്നെ തുടരാൻ ഇഷ്ടപ്പെടുന്നു, താൻ “വീട്ടിൽ ഒളിച്ചിരിക്കുന്നു” എന്നും “ആളുകളെ കാണാൻ ധൈര്യപ്പെടുന്നില്ല” എന്നും അവള് സമ്മതിക്കുന്നു.
അവസാനം ഒരു മുന്നറിയിപ്പ് കൂടി നൽകിയാണ് അവൾ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. തന്റെ അവസ്ഥ വരരുത്. ചർമ്മം തരുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. മറ്റുള്ളവർ ഉപയോഗിക്കുന്നത് കണ്ട് മാറിമാറി പ്രൊഡക്ടുകൾ ഉപയോഗിക്കരുത്, എല്ലാം എല്ലാവരിലും ഒരുപോലെയാവില്ല പ്രവർത്തിക്കുന്നത് എന്നും അവൾ പറയുന്നു.
“എനിക്ക് കൗതുകമുണ്ട് – 22 വർഷം മേക്കപ്പ് നീക്കം ചെയ്യാതെ ജീവിക്കാൻ അവളെ പ്രേരിപ്പിച്ചത് എന്താണ്? അത് മടിയാണോ അതോ സൗന്ദര്യത്തോടുള്ള അനാരോഗ്യകരമായ അഭിനിവേശമാണോ? 15 വയസ്സിൽ അവൾ മേക്കപ്പ് ചെയ്യാൻ തുടങ്ങി. അവളുടെ കുടുംബം എന്തെങ്കിലും മാർഗനിർദേശം നൽകിയില്ലേ?” അവരുടെ അവസ്ഥയെക്കുറിച്ച് ഇന്റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.




