Celebrity

വിജയ് ദേവരകൊണ്ടയ്ക്ക് എതിരേ കേസ് ; പഹല്‍ഗാം ഭീകരാക്രമണത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ യുദ്ധത്തോടുപമിച്ചു

ന്യൂഡല്‍ഹി: ഈ വര്‍ഷമാദ്യം ഒരു സിനിമയുടെ പ്രീ-റിലീസ് ഇവന്റിനിടെ ഗോത്രവര്‍ഗക്കാരെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് വിജയ് ദേവരകൊണ്ടക്കെതിരെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് പ്രകാരം കേസെടുത്തതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ 500 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഗോത്രവര്‍ഗ യുദ്ധങ്ങളുമായി താരതമ്യപ്പെടുത്തിയതാണ് വിവാദമായത്. പരാതിയുടെ അടിസ്ഥാനത്തില്‍, ജൂണ്‍ 17 ന് അദ്ദേഹത്തിനെതിരെ എസ്സി / എസ്ടി നിയമപ്രകാരം കേസെടുത്തു .

ആദിവാസി വിഭാഗങ്ങളുടെ സംയുക്ത കര്‍മസമിതി സംസ്ഥാന പ്രസിഡന്റ് അശോക് റാത്തോഡ് എന്ന നേനാവത് അശോക് കുമാര്‍ നായികാണ് പരാതി നല്‍കിയത്. നടന്‍ സൂര്യ നായകനായ റെട്രോ എന്ന സിനിമയുടെ പ്രീ-റിലീസ് ചടങ്ങിനിടെ ദേവരകൊണ്ട ആദിവാസി വിഭാഗങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയെന്നും അവരെ ഗുരുതരമായി അവഹേളിച്ചുവെന്നും റാത്തോഡ് ആരോപിച്ചു. നടന്‍ ഗോത്രങ്ങളെ പാകിസ്ഥാന്‍ ഭീകരരുമായി താരതമ്യപ്പെടുത്തിയെന്നും പരാമര്‍ശങ്ങള്‍ വംശീയ വിദ്വേഷമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സംഭവത്തെത്തുടര്‍ന്ന്, വിജയ് ദേവരകൊണ്ട മെയ് 3 ന് എക്സില്‍ (മുമ്പ് ട്വിറ്റര്‍) ഒരു പോസ്റ്റിലൂടെ ഒരു വിശദീകരണം നല്‍കി. താന്‍ ആഴത്തില്‍ ബഹുമാനിക്കുകയും രാജ്യത്തിന്റെ അവിഭാജ്യ ഘടകമായി കണക്കാക്കുകയും ചെയ്യുന്ന ഏതെങ്കിലും സമുദായത്തെ, പ്രത്യേകിച്ച് പട്ടികവര്‍ഗക്കാരെ, ഉപദ്രവിക്കാനോ ലക്ഷ്യമിടാനോ തനിക്ക് ഉദ്ദേശ്യമില്ലെന്നും പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

‘എന്റെ സന്ദേശത്തിന്റെ ഏതെങ്കിലും ഭാഗം തെറ്റിദ്ധരിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, ഞാന്‍ എന്റെ ആത്മാര്‍ത്ഥമായ ഖേദം പ്രകടിപ്പിക്കുന്നു. സമാധാനം, പുരോഗതി, ഐക്യം എന്നിവയെക്കുറിച്ച് സംസാരിക്കുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. ഉന്നമനത്തിനും ഏകീകരണത്തിനും-ഒരിക്കലും ഭിന്നിക്കാതിരിക്കാന്‍ എന്റെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതില്‍ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്,’ താരം എഴുതി. ഏപ്രിലില്‍ നടന്ന ഒരു സിനിമാ പരിപാടിയില്‍ ആദിവാസി സമൂഹങ്ങളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്നാരോപിച്ച് എസ്സി/എസ്ടി ആക്ട് പ്രകാരം വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസെടുത്തിരുന്നു. ആദിവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഭീകരവാദത്തോട് അദ്ദേഹം ഉപമിച്ചതായി പരാതിയില്‍ പറയുന്നു. പിന്നീട് താരം പരസ്യമായി ക്ഷമാപണം നടത്തി