Movie News

ആയുധഎഴുത്തിന് ശേഷം സൂര്യയും മാധവനും ഒന്നിക്കുന്നു; സൂര്യ 43 ല്‍ ദുല്‍ഖറും നസ്രിയയും വരും

മണിരത്‌നത്തിന്റെ ആയുധ എഴുത്തിന് ശേഷം നടന്മാരായ സൂര്യയും മാധവനും തമ്മില്‍ മികച്ച സൗഹൃദമാണ് പിന്തുടരുന്നത്. സിനിമയില്‍ സൂര്യ നായകനും മാധവന്‍ വില്ലനുമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ഇരുവരും രണ്ടുപേരുടെയും സിനിമകളില്‍ അതിഥി വേഷത്തില്‍ എത്തുകയും ചെയ്തിരുന്നു. ഇരുവരും ഉടന്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സുധ കൊങ്ങര സംവിധാനം ചെയ്യുന്ന സൂര്യയുടെ വരാനിരിക്കുന്ന ‘സൂര്യ 43’ എന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തിനായി മാധവനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പാന്‍ ഇന്ത്യന്‍ താരം എത്തേണ്ട കഥാപാത്രം എന്ന നിലയിലാണ് മാധവനെ സമീപിച്ചതെന്നാണ് സൂചനകള്‍. സൂര്യയുമായുള്ള സൗഹൃദത്തിന് പുറമേ മാധവന് ഒരു വന്‍ തിരിച്ചുവരവ് നല്‍കിയ ‘ഇരുധി സൂത്രം’ നല്‍കിയ സുധയുമായി അദ്ദേഹത്തിന് അടുപ്പവുമുണ്ട്. ഒരു ചോക്ലേറ്റ് ബോയ്സില്‍ നിന്ന് പരുക്കനായ ഒരു മുന്‍ ബോക്സറായി മാധവന് അഭിനയത്തിന്റെ മറ്റൊരു തലം നല്‍കിയ കഥാപാത്രമായിരുന്നു ഇത്.

ശശികാന്ത് സംവിധാനം ചെയ്യുന്ന ‘ടെസ്റ്റ്’ എന്ന ചിത്രത്തില്‍ നയന്‍താര, മീരാ ജാസ്മിന്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ അഭിനയിക്കുകയാണ് മാധവന്‍ ഇപ്പോള്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’യുടെ ചിത്രീകരണത്തിലാണ് സൂര്യ, അതിനുശേഷം വെട്രിമാരന്റെ ‘വാടിവാസല്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കും. ‘സൂര്യ 43’ല്‍ ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.