Lifestyle

മിക്സി ജാറിലെ അഴുക്കും കറയും കളഞ്ഞ് പുതുപുത്തനാക്കാം: അനായാസം കളയാൻ വഴികളുണ്ട്

അടുക്കളയില്‍ പ്രധാനപ്പെട്ട ഉപകരണം തന്നെയാണ് മിക്‌സി. വീട്ടമ്മമാരുടെ ജോലി വളരെ എളുപ്പമാക്കുന്ന ഒന്നു കൂടിയാണ് മിക്‌സി. എന്നാല്‍ ഈ മിക്‌സി വൃത്തിയാക്കി വെയ്ക്കുക എന്നത് കുറച്ച് പണിപ്പെട്ട കാര്യം തന്നെയാണെന്ന് പറയാം. കാരണം ബ്ലേഡുകള്‍ക്കിടയിലും വാഷറിലും എല്ലാം അഴുക്ക് അടിഞ്ഞുകൂടുമ്പോള്‍ വൃത്തിയാക്കല്‍ കുറച്ച് പ്രയാസമുള്ളതാകും. ബ്ലേഡുകള്‍ക്കിടയിലും വാഷറിലും എല്ലാം അഴുക്ക് അടിഞ്ഞു കൂടിയാല്‍ ദുര്‍ഗന്ധവും വിട്ടുമാറാത്ത പാടുകളും ഉണ്ടാകുകയും ചെയ്യും. എന്നാല്‍ ഇനി പറയുന്ന സാധനങ്ങള്‍ നമുക്ക് മിക്‌സി വൃത്തിയാക്കാനായി പ്രയോജനപ്പെടുത്താവുന്നതാണ്…..

നാരങ്ങയുടെ തോട് – പിഴിഞ്ഞെടുത്ത ശേഷം വലിച്ചെറിയുന്ന നാരങ്ങയുടെ തോടിന് ഒട്ടേറെ ഗുണങ്ങളുണ്ട്. അഴുക്കും ദുര്‍ഗന്ധവും അകറ്റാനുള്ള  പ്രത്യേക കഴിവാണ് നാരങ്ങയുടെ തോടിനുള്ളത്. മിക്‌സിയുടെ ജാര്‍ വെള്ളമൊഴിച്ച് കഴുകിയതിനു ശേഷം നാരങ്ങയുടെ തോട് ഉപയോഗിച്ച് അതില്‍ നന്നായി ഉരയ്ക്കുക. ഏതാനും മിനിറ്റുകള്‍ അതേ നിലയില്‍ വച്ചശേഷം വീണ്ടും നന്നായി വെള്ളമൊഴിച്ച് കഴുകി കളയാവുന്നതാണ്.

ബേക്കിങ് പൗഡര്‍ പേസ്റ്റ് – അടുക്കളയില്‍ എപ്പോഴും ലഭ്യമായ ബേക്കിങ് പൗഡര്‍ ഉപയോഗിച്ചാണ് മറ്റൊരു വിദ്യ. ഒരു ബൗളില്‍ അല്പം ബേക്കിങ് പൗഡറെടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കട്ടിയുള്ള പേസ്റ്റ് രൂപത്തില്‍ ആക്കുക. ഈ പേസ്റ്റ് ജാറിന്റെ അകത്തും പുറത്തും നന്നായി തേച്ചു പിടിപ്പിക്കാം. അല്‍പസമയം ഇതേനിലയില്‍ തുടരാന്‍ അനുവദിച്ച ശേഷം കഴുകി കളഞ്ഞാല്‍ ജാര്‍ പുതുപുത്തന്‍ പോലെ വെട്ടിത്തിളങ്ങും.

വിനാഗിരി – വിനാഗിരി മിക്‌സിയുടെ ജാറുകള്‍ വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ് വിനാഗിരി. അല്‍പം വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി ഒഴിച്ച് നന്നായി കലര്‍ത്തുക. ശേഷം ഈ മിശ്രിതം ജാറിലേക്ക് ഒഴിച്ച് ഏതാനും സെക്കന്‍ഡുകള്‍ നന്നായി മിക്‌സ് ചെയ്യാം. പറ്റിപ്പിടിച്ച കറകളും ദുര്‍ഗന്ധവും എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവും. മാസത്തില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാം.