വൈറല്‍ പനിയും അതേ തുടര്‍ന്നുണ്ടാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസും കുറച്ചൊന്നുമല്ല നമ്മുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്നത് . പനിക്കുശേഷം സന്ധികളില്‍ അനുഭവപ്പെടുന്ന നീര്‍ക്കെട്ടും വേദനയും പലരേയും അലട്ടുന്ന പ്രശ്നമാണ്. പനി മാറിയാലും സന്ധിവേദന തുടരും.
വൈറല്‍ രോഗബാധയെത്തുടര്‍ന്ന് സന്ധികളിലുണ്ടാകുന്ന നീര്‍വീക്കവും വേദനയുമാണ് വൈറല്‍ ആര്‍ത്രൈറ്റിസ്.
ഈ അവസ്ഥ കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരെയാണ് കൂടുതലും ദുരിതത്തിലാക്കുന്നത്. മുണ്ടിവീക്കം, ഹെപ്പാറ്റൈറ്റിസ് ബി, സി തുടങ്ങിയ വൈറല്രോഗബാധയെ തുടര്‍ന്നും സന്ധിവേദന ഉണ്ടാകാറുണ്ട്.
സന്ധിവാതരോഗങ്ങള്‍ പലതുണ്ടെങ്കിലും വൈറല്‍ ആര്‍ത്രൈറ്റിസ് ഏറ്റവും കൂടുതല്‍ ആളുകളിലും കാണപ്പെടുന്നു. വൈറല്‍ രോഗങ്ങള്‍ ഏതു നിമിഷവും പടര്‍ന്നു പിടിക്കാനുള്ള സാധ്യത ഉള്ളതുകൊണ്ടാണിത്. കൂടാതെ വൈറല്‍ രോഗങ്ങളെ തടയുകയും അത്ര എളുപ്പമാവില്ല.
വൈറല്‍ പനിയും അതേ തുടര്‍ന്നുണ്ടാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസും കുറച്ചൊന്നുമല്ല നമ്മുടെ നിത്യ ജീവിതത്തെ താറുമാറാക്കുന്നത്. ചിക്കന്‍ ഗുനിയ വ്യാപകമായിരുന്ന കാലത്ത് ഓഫീസില്‍ ഹാജര്‍നില വലിയ തോതില്‍ കുറഞ്ഞതും വിപണിയില്‍ കച്ചവടം കുറഞ്ഞതും നമുക്ക് അനുഭവമുള്ളതാണ്.
തകരുന്ന പ്രതിരോധ സംവിധാനം
വൈറസ് അണുബാധയിലൂടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകരാറിലാകുന്ന വൈറല്‍ ആര്‍ത്രൈറ്റിസ്. വൈറല്‍ പനികളുടെയെല്ലാം ഭാഗമായി വൈറല്‍ ആര്‍ത്രൈറ്റിസ് ഉണ്ടാകാം.
ആര്‍ത്രൈറ്റിസ് ഉള്ള വ്യക്തികളില്‍ ചിക്കുന്‍ഗുനിയപോലുള്ള പനികള്‍ പിടികൂടുമ്പോള്‍ വേദനയുടെ തോതും കൂടുന്നു. പനിക്കുശേഷം മാസങ്ങളോളം നീണ്ടു നില്ക്കുന്ന വേദനയും നീര്‍ക്കെട്ടുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.
അരയ്ക്കു താഴേക്കുള്ള സന്ധികളിലാണ് വേദന കൂടുതലായും അനുഭവപ്പെടുന്നത്. കൈകാലുകളിലെ ചെറിയ സന്ധികള്‍, മണിബന്ധം, ഇടുപ്പ്, നടുവ്, കണങ്കാല് തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. വൈറല്‍ ആര്‍ത്രൈറ്റിസ് ഉള്ളവര്‍ക്ക് വിരലുകള്‍ മടക്കാന്‍ ബദ്ധിമുട്ട് അനുഭവപ്പെടും.
രോഗചികിത്സ
ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗശമനം നല്‍കുകയാണ് ആയുര്‍വേദത്തില്‍ ചെയ്യുന്നത്. ശാരീരിക പ്രത്യേകതകള്‍കൊണ്ട് മധ്യവയസ് പിന്നിട്ടവരില്‍ രോഗത്തിന് ശാശ്വതമായ ശമനം ലഭിക്കണമെന്നില്ല.
ഓരോരുത്തരുടെയും ശാരീരികാവസ്ഥ അനുസരിച്ച് കിടത്തിചികിത്സ ചെയ്യുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും. നീര് കുറഞ്ഞു കഴിഞ്ഞാല്‍ കിഴി, അഭ്യംഗം, പിഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍ ചെയ്യാവുന്നതാണ്.
പരിപൂര്‍ണമായ രോഗ ശമനത്തിന് 14 – 21 ദിവസത്തോളം കിടത്തിചികിത്സ ആവശ്യമാണ്. മരുന്നു കഴിക്കുന്നവരില്‍ രോഗശമനത്തിന് ആറുമാസത്തിലധികം സമയം വേണ്ടിവരാം.
ചിക്കുന്ഗുനിയമൂലമുള്ള വൈറല്‍ ആര്‍ത്രൈറ്റിസിന് രാസ്നാദി കഷായം, ഗോരോചനാദി ഗുളിക, രാസനണ്ഡാദി കഷായം, പുനര്നവാദി കഷായം മുതലായ ഔഷധങ്ങള്‍ ഫലപ്രദമാണ്.
ജീവിതക്രമത്തില്‍ ശ്രദ്ധിക്കാന്‍
- സന്ധിവേദനയ്ക്കൊപ്പം കൈകാലുകളില്‍ നീരുള്ളവര്‍ തൈരിന്റെ ഉപയോഗം കുറയ്ക്കണം.
- പാത്രം ചൂടാക്കി ഒരു തോര്‍ത്ത് മൂന്നോ നാലോ ആയി മടക്കി അതില്‍വച്ച് ചൂടാകുമ്പോള്‍ എടുത്ത് വേദനയുള്ള ഭാഗത്ത് വയ്ക്കുക.
- തണുത്ത ആഹാരവും ചുറ്റുപാടുകളും ഒഴിവാക്കുക.
- തോടുള്ള മീനുകള്‍ കഴിക്കാതിരിക്കുക.
- പഴയതും വീണ്ടും ചൂടാക്കിയതുമായ ഭക്ഷണം ഒഴിവാക്കണം. വേദന കുറയ്ക്കാന്‍ പൊടികൈകള്‍
- ശരീരം മുഴുവന്‍ ഔഷധമിട്ട് കാച്ചിയ എണ്ണ തേച്ച് കുളിക്കുക. സന്ധികള്‍ക്ക് അയവ് കിട്ടാന്‍ ഇത് സഹായിക്കും. എണ്ണ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞുവേണം കുളിക്കാന്‍.
- ഇന്ദുകാന്തം കഷായം, ച്യവനപ്രാശം, ഖോരോചനാദി ഗുളിക തുടങ്ങിയ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്ന മരുന്നുകള്‍ കഴിക്കുക.
- എണ്ണയില്‍ വറുത്തവ, ബേക്കറി സാധനങ്ങള്‍, കോക്കോ ചേര്‍ന്ന വിഭവങ്ങള്‍ ഇവ ഒഴിവാക്കുക.
- മത്സ്യമാംസാദികള്‍ കഴിക്കണമെന്ന് നിര്ബന്ധമുള്ളവര് വറുത്തു കഴിക്കാതെ ചാറായി കഴിക്കുക.
- തഴുതാമ, ജീരകം, കരിങ്ങാലി ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
- കമ്മ്യൂണിസ്റ്റുപച്ചയിട്ട് തിളപ്പിച്ച വെള്ളംകൊണ്ട് വേദനയുള്ള ഭാഗത്ത് ധാര കോരുക.
- ഉമ്മത്തിന്റെ ഇല അരച്ച് പുകച്ചിലും നീരും ഉള്ള ഭാഗത്ത് കെട്ടിവയ്ക്കുന്നത്. ഇവ കുറയാന്‍ സഹായിക്കും.
- മുരിങ്ങയില, പുളിയില, വാതംകൊല്ലി ഇവ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുക.
- പ്രായമുള്ളവര്‍ സ്റ്റെപ്പ് കയറുക, തൂത്തുവാരുക, അലക്കുക തുടങ്ങിയ ആയാസമുള്ള ജോലികള്‍ ചെയ്യുന്നത് കുറയ്ക്കുക. വ്യായാമം
വൈറല്‍ ആര്‍ത്രൈറ്റിസിന്റെ ഫലമായി സന്ധികളില്‍ ഉണ്ടാകുന്ന വേദനയുടെ തീക്ഷ്ണത കുറയ്ക്കാന്‍ വ്യായാമങ്ങള്‍ സഹായിക്കും. ചികിത്സയ്ക്കുശേഷം ലഘുവായ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം.
- കൈകളില്‍ നന്നായി തൈലം തേച്ചുപിടിപ്പിച്ച ശേഷംചെറുചൂടുവെള്ളത്തില് മുക്കിവച്ച് വിരലുകള്‍ ചലിപ്പിക്കുക.
- കഴുത്ത് വശങ്ങളിലേക്ക് ചലിപ്പിക്കുക.
- കാല്‍വിരലുകളില്‍നിന്ന് പൊങ്ങുകയും താഴുകയും ചെയ്യുക.
- കിടന്നുകൊണ്ട് മുട്ട് നിവര്‍ത്തുകയും മടക്കുകയും ചെയ്യുക.
- നടത്തവും സന്ധികള്‍ക്ക് ആയാസം നല്കുന്നു.




