മലയാളി എക്കാലവും ഓർത്തിരിക്കുന്ന അപൂര്‍വം നായികമാരിൽ ഒരാളാണ് സുഹാസിനി . തമിഴിലെ പ്രശസ്ത സംവിധായകൻ മണിരത്നത്തെയാണ് സുഹാസിനി വിവാഹം കഴിച്ചത്. എൺപതുകൾ മുതൽ അഭിനയ ലോകത്ത് നിൽക്കുന്ന സുഹാസിനിയുടെ സൗന്ദര്യം ഇന്നും ആരാധകരെ അമ്പരപ്പിയ്ക്കുന്നതാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യം. 63 വയസ്സായിട്ടും സുഹാസിനിയുടെ മുഖത്തെ ആ അഴകും പ്രസരിപ്പും ഹൈവോള്‍ട്ടേജ് ചിരിയും മാറുന്നില്ല.
ഒരു പൊതു പരിപാടിയിൽവച്ച് സുഹാസിനിയുടെ ഈ സൗന്ദര്യത്തെക്കുറിച്ച് നടന് പാർത്ഥിപൻ സംസാരിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സ്വന്തം സൗന്ദര്യത്തിൽ അത്രയധികം ആത്മവിശ്വാസമുള്ള ആളാണ് സുഹാസിനി എന്നാണ് പാർത്ഥിപൻ പറയുന്നത്. അതുകൊണ്ടാണ് സുഹാസനി എല്ലായിടത്തും തന്റെ പ്രായം വിളിച്ചു പറയുന്നത് .
‘‘‘അഹങ്കാരം’ ഈ ലോകത്ത് ഏറ്റവും അധികമുള്ളത് സുഹാസിനിയ്ക്ക് മാത്രമാണ്. സുഹാസനി മാമിന്റെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും, എന്നാൽ ഇപ്പോഴും താനൊരു സുന്ദരിയാണ് എന്നതിന്റെ അഹങ്കാരം ഈ ലോകത്ത് ഏറ്റവും അധികം സുഹാസിനിയ്ക്ക് മാത്രമാണ്. എനിക്ക് ഇന്ന് 50 വയസ്സായി എന്ന് ഒരിക്കൽ അവർ എന്നെ വിളിച്ചു പറഞ്ഞു. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസ്സിൽ ഒരു സ്ത്രീ തനിക്ക് 50 വയസ്സായി എന്ന് ഉറക്കെ പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. അതാണ് സുഹാസിനിയുടെ സെൽഫ് കോൺഫിഡൻസ് ’’ പാർത്ഥിപൻ പറഞ്ഞു.
പ്രായത്തിന്റെ പേര് പറഞ്ഞ് പാർത്ഥിപൻ തന്നെ കളിയാക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ സുഹാസിനിയും സംസാരിച്ചിരുന്നു. എനിക്കിപ്പോൾ 63 വയസ്സായി. എൺപത് കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതിൽ എനിക്കൊരു മടിയും ഇല്ല. ഞാൻ പറയും. വയസ്സ് എന്നാൽ അനുഭവമാണ്, അത് പറയുന്നതിൽ എന്താണ് പ്രയാസം. എനിക്ക് അതൊരു അഭിമാനമാണ്- സുഹാസിനി പറഞ്ഞു.
1980ൽ പുറത്തിറങ്ങിയ ‘നെഞ്ചത്തെ കിള്ളാതെ’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ സുഹാസിനി, ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടിയാണ്. 1983ൽ പത്മരാജൻ്റെ കൂടെവിടെയിലൂടെ മലയാളത്തിലെത്തി. സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് 1986ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. പ്രശസ്ത സംവിധായകൻ മണിരത്നമാണ് ഭർത്താവ്.