Sports

രണ്ടുലോകകപ്പുകളും ഒരു IPL കിരീടവും ; ഇന്ത്യന്‍ താരം എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

രണ്ടു ലോകകപ്പുകളില്‍ കപ്പടിച്ച ടീമിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ ക്രിക്കറ്റ്താരം എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം തീരുമാനം വെളിപ്പെടുത്തിയത്. മികച്ച ബാറ്ററും കൂടിയായ ലെഗ് സ്പിന്നര്‍ 2006ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യക്കായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. മൂന്ന് ഫോര്‍മാറ്റിലും രാജ്യത്തെ പ്രതിനിധീകരിച്ചു. 2007ലെ ടി20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

മൂന്ന് ടെസ്റ്റുകളിലും 25 ഏകദിനങ്ങളിലും ഏഴ് ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ച അദ്ദേഹം ഫോര്‍മാറ്റുകളില്‍ യഥാക്രമം 7, 32, 4 വിക്കറ്റുകള്‍ വീഴ്ത്തി. 2012ലാണ് ചൗള അവസാനമായി ഒരു അന്താരാഷ്ട്ര മത്സരം കളിച്ചത്. 2012-ല്‍ മുംബൈയിലെ വാങ്കഡെയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ടി20 ആയിരുന്നു അദ്ദേഹം ഇന്ത്യയ്ക്കായി കളിച്ച അവസാന മത്സരം.

2014ല്‍ ഐപിഎല്‍ കിരീടം ഉയര്‍ത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെ ഒരു പ്രധാന കളിക്കാരനായിരുന്നു ചൗള. തന്റെ കരിയറില്‍ ആകെ നാല് വ്യത്യസ്ത ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി കളിച്ച ലെഗ് സ്പിന്നര്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അവസാനമായി ലീഗില്‍ കളിച്ചത്.