Lifestyle

ലിപ്സ്റ്റിക്കും ഫെയ്സ് മാസ്കും ബ്ലഷും ആഹാരമാക്കി; ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

ശ്രദ്ധേയരാകാനും കൂടുതല്‍ ഫോളോവേഴ്‌സിനെ കിട്ടാനുമായി വ്യത്യസ്ത രീതിയിലുള്ള അവതരണവുമായി എത്തുന്നവരാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ്. എന്നാല്‍ വ്യത്യസ്ത രീതിയിലുള്ള അവതരണരീതി കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ തായ്വാനീസ് ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സറുടെ മരണ വാര്‍ത്തയാണ് ഫോളോവേഴ്‌സിനെ ഞെട്ടിപ്പിച്ചിരിയ്ക്കുന്നത്. ഇരുപത്തിനാലുകാരിയായ തായ്വാനീസ് ബ്യൂട്ടി ഇന്‍ഫ്‌ലുവന്‍സര്‍ കോസ്മറ്റിക് വസ്തുക്കള്‍ കഴിച്ചതിനെ തുടര്‍ന്നാണ് മരണമടഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് മേയ് 24നാണ് യുവതി മരിച്ചത്. മരണവാര്‍ത്ത യുവതിയുടെ കുടുംബം തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ‘വളരെ സങ്കടകരമായ സമയത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോകുന്നത്. ഗുവ ബ്യൂട്ടി അവളുടെ മേക്കപ്പ് ബ്രഷുകള്‍ ഉപേക്ഷിച്ച് സ്വര്‍ഗത്തിലേക്കു പറന്നു. നിങ്ങളുടെ ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും നന്ദി. ചിലപ്പോള്‍ നമ്മള്‍ വീണ്ടും കാണും.’ എന്ന കുറിപ്പോടെയാണ് ഗുവയുടെ മരണ വാര്‍ത്ത കുടുംബം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ചൈനയിലും ഏഷ്യയിലുമായി ഗുവയ്ക്ക് നിരവധി ഫോളവേഴ്‌സുണ്ട്.

ലിപ്സ്റ്റിക്, ബ്ലഷ്, ഫെയ്‌സ് മാസ്‌കുകള്‍ എന്നിവ കഴിക്കുന്നത് യുവതി ‘മേക്കപ്പ് മുക്ബാങ്’ എന്ന വിഡിയോയിലൂടെ പങ്കുവച്ചിരുന്നു. സമൂഹമാധ്യമത്തില്‍ ഗുവ ബ്യൂട്ടി എന്ന പേരിലുള്ള പേജിലൂടെയാണ് യുവതി വിഡിയോകള്‍ പങ്കുവച്ചിരുന്നതെന്ന് ‘സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. കോസ്മറ്റിക് വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന വിഷപദാര്‍ഥമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജെല്ലി പോലെയുള്ള ഒരു ബ്ലഷ് ചുണ്ടിലും കവിളിലും പുരട്ടിയ ശേഷം അത് വായിലിട്ടു ചവയ്ക്കുന്ന ഒരു വിഡിയോ യുവതി പങ്കുവച്ചിരുന്നു. അഗര്‍ ജെല്ലിപോലെ ക്രിസ്പിയാണിതെന്നും എന്നാല്‍ രുചി അസഹനീയമാണെന്നും യുവതി വിഡിയോയില്‍ പറയുന്നുണ്ട്.

യുവതിയുടെ ഇത്തരത്തിലുള്ള വിഡിയോകള്‍ സമൂഹമാധ്യമത്തില്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഫോളവേഴ്‌സില്‍ പലരും അഭിപ്രായപ്പെട്ടു. ഇത്തരം വസ്തുക്കളില്‍ അപകടകരമായ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും കഴിക്കരുതെന്നും നിരവധിപേര്‍ കമന്റ് ചെയ്തു. യുവതലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന ഇത്തരം വിഡിയോകള്‍ നീക്കം ചെയ്യാന്‍ ഇടപെടലുണ്ടാകണമെന്ന രീതിയിലുള്ള കമന്റുകളും എത്തിയിരുന്നു.