സുഖകരമായ ഭക്ഷണങ്ങളുടെ ലിസ്റ്റെടുത്താൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് ചൂടുള്ളതും ആവി പറക്കുന്നതുമായ മാഗി നൂഡിൽസിന്റെ ചിത്രമായിരിക്കും. അതിനിപ്പോൾ പ്രത്യേകിച്ച് സമയം വേണമെന്നൊന്നുമില്ല. അർദ്ധരാത്രിയിൽ ആയാലും നീണ്ട ഇടവേളക്ക് ശേഷം നൽകിയാലും ആളുകൾക്ക് മാഗി എപ്പോഴും പ്രിയപ്പെട്ട ഭക്ഷണമാണ്.
എന്നാൽ ജീവിതത്തിൽ ആദ്യമായി മാഗി കഴിക്കുന്ന ഒരു ഇറ്റാലിയൻ യുവാവിന്റെ അപ്രതീക്ഷിത പ്രതികരണം നിങ്ങൾ കണ്ടിട്ടുണ്ടോ? എന്നാൽ അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദമ്പതികളായ സുർഭിയും ഡാരിയോയും ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ക്ലിപ്പിൽ, സുർഭി വീട്ടിൽ നിർമ്മിച്ച മാഗിയുടെ ഒരു പ്ലേറ്റ് ഡാരിയോയ്ക്ക് വിളമ്പുന്നത് കാണാം.
ഒരു സ്പൂൺ മാഗി കഴിക്കാൻ ആവശ്യപ്പെട്ടശേഷം ഇന്ത്യക്കാരിയായ യുവതി തന്റെ ഭർത്താവിന്റെ പ്രതികരണം ചിത്രീകരിക്കുന്നു. വീഡിയോയിൽ, “നിങ്ങൾ ഒരു ഇറ്റാലിയൻ പുരുഷന് മാഗി വിളമ്പുന്നു” എന്ന് കുറിച്ചിരിയ്ക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴുള്ള പതിവ് ആനന്ദത്തിനുപകരം ഡാരിയോയുടെ മുഖഭാവം ആശയക്കുഴപ്പത്തിലേക്ക് മാറുന്നു. ആദ്യം കഴിച്ചതിനുശേഷം, തനിക്ക് അപരിചിതമായ രുചി ആസ്വദിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാൾ നിശബ്ദനായി, ചിന്തയിൽ മുഴുകി.
ശേഷം “എന്താണ് ഇത്?” എന്ന് ഡാരിയോ ചോദിക്കുകയാണ്. “ഇത് സ്പാഗെട്ടി പോലെയാണ്” എന്ന് സുർഭി മറുപടി നൽകുന്നു. ആ ഉത്തരത്തിൽ തൃപ്തനല്ലാത്ത ഡാരിയോ പറയുന്നു: “എന്റെ വായിലുള്ളത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. ഇത് ചവയ്ക്കാന്‍ കഴിയുന്ന എന്തോ ഒന്ന് പോലെയാണ്. കുറച്ച് എരിവുണ്ടെന്ന് മാത്രം. കഴിച്ചിട്ട് വായിൽ കിടന്ന് ഉരുകുന്നപോലെ തോന്നുന്നു. പാസ്ത ഒക്കെ ആണെങ്കിൽ ഇതുപോലെ ഒന്നുമല്ല. ഇതാകട്ടെ ഒരു രുചിയുമില്ല”. ഏതായാലും തന്റെ സമാധാനം കെടുത്തിയതിന് ഡാരിയോ മാഗിക്ക് -1/10 റേറ്റിംഗ് നൽകുന്നതോടുകൂടി വീഡിയോ അവസാനിക്കുകയാണ്.
വീഡിയോയ്ക്കൊപ്പമുള്ള സൈഡ് നോട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “എല്ലാ സാംസ്കാരിക കൈമാറ്റങ്ങളും വിജയമാകില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ ആദ്യമായിട്ടാണ് മിസ്റ്റർ പി ക്ക് മാഗി പരീക്ഷിക്കാൻ നൽകുന്നത്. അദ്ദേഹത്തിന് അത് ഇഷ്ടമാകുമെന്ന് പൂർണ്ണമായും പ്രതീക്ഷിച്ചതാണ്, പക്ഷേ ഇല്ല… അത് ഇറ്റാലിയൻ രുചി പരിശോധനയിൽ മാഗി വിജയിച്ചില്ല”.
നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനകം 2.2 ദശലക്ഷം പേർ കണ്ടുകഴിഞ്ഞു. നിരവധിപേരാണ് രസകരമായ പ്രതികരണമറിയിച്ച് രംഗത്തെത്തിയത്. ഒരു ഉപയോക്താവ് എഴുതി, “ഹാ ഹ ഹ. ഇന്ത്യയ്ക്ക് പുറത്തുള്ള ആർക്കും മാഗി എന്ന ഈ വികാരം മനസ്സിലാക്കാൻ കഴിയില്ല”. മറ്റൊരാൾ കൂട്ടിച്ചേർത്തു, “അദ്ദേഹത്തിന് അത് അറിയില്ല, പക്ഷേ അദ്ദേഹം പെർഫെക്റ്റ് മാഗിയെക്കുറിച്ച് വിവരിച്ചു. എന്റെ വായിൽ വെള്ളമൂറുന്നു” എന്നാണ്.




