Featured Lifestyle

നരച്ച മുടി പിഴുതാല്‍ കൂടുതല്‍ നരയ്ക്കുമോ? എന്താണ് വാസ്തവം ?

നരച്ച മുടി പൊതുവേ ആര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമാകില്ല. പ്രായമേറുന്നു എന്നതിന്റെ ലക്ഷണമാണ് നര എന്നതാണ് അതിന്റെ പിന്നിലെ കാര്യം. മുടി നരയ്ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. അതുകൊണ്ട് ചെറുപ്പക്കാര്‍ക്കിടയിലും ഈ പ്രശ്‌നം പ്രായമാകുന്നതിന്റെ ലക്ഷണം തന്നെയാണെന്ന് പറയാനാകില്ല. എന്നാല്‍ നരച്ച മുടി കറുപ്പിക്കാന്‍ ഹെയര്‍ ഡൈ പോലുള്ള മാര്‍ഗങ്ങള്‍ മിക്കവാറും ആളുകള്‍ ഉപയോഗിക്കാറുണ്ട്.

അധികം മുടി നരച്ചിട്ടില്ലെങ്കില്‍ ചിലരെങ്കിലും നരച്ച മുടി പിഴുതു മാറ്റാറുണ്ട്. മുടി കൂടുതല്‍ നരച്ചിട്ടുണ്ടെങ്കില്‍ പിഴുതുമാറ്റല്‍ പ്രായോഗികമല്ല. നരച്ച മുടി പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്ന് പഴമക്കാര്‍ പറഞ്ഞ് നാം പലരും കേട്ടിട്ടുണ്ട്. വാസ്തവത്തില്‍ നരച്ച മുടി പിഴുതുമാറ്റിയാല്‍ കൂടുതല്‍ മുടി നരയ്ക്കാന്‍ ഇടയുണ്ടോ ?

ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവും ഇതിന് ഇല്ലെന്നുള്ളതാണ് വാസ്തവം. തലയിലെ മെലാനോസൈറ്റ് എന്ന കോശങ്ങള്‍ ഉല്‍പാദിപ്പിയ്ക്കുന്ന മെലാനിന്‍ എന്ന ഘടകമാണ് മുടിയ്ക്ക് കറുപ്പു നിറം നല്‍കുന്നത്. ഇതിന്റെ ഉല്‍പാദനം കുറഞ്ഞാലോ നിലച്ചാലോ മുടി നരയ്ക്കും. സ്വാഭാവിക രീതിയില്‍ ഉല്‍പാദനമെങ്കില്‍ മുടിയ്ക്ക് കറുപ്പുണ്ടാകും. വിദേശങ്ങളിലുള്ളവര്‍ക്ക് പൊതുവേ ഈ മെലാനിന്‍ കുറവാണ്. ഇതാണ് അവരുടെ മുടി ജന്മനാ കറുപ്പല്ലാത്തതാകാന്‍ കാരണം.

മെലാനോസൈറ്റ് രണ്ടു തരമുണ്ട്. ഫിയോമെനാനോസൈറ്റുകള്‍, യൂമെലാനോസൈറ്റുകള്‍ എന്നിവയാണ് ഇവ. ഇതില്‍ രണ്ടാമത്തേത്‌ ചുവപ്പും മഞ്ഞയും പിഗ്മെന്റുകളുണ്ടാക്കുന്നു. ആദ്യത്തേത് ബ്രൗണ്‍, ബ്ലാക്ക് പിഗ്മെന്റുകളും. പ്രായമേറുന്തോറുംമെലാനോസൈറ്റുകളുടെ ഉല്‍പാദനം കുറയുന്നു ഇത് നരച്ച മുടിയ്ക്ക് കാരണമാകുന്നു. വിദേശികളിലെ പല വര്‍ണങ്ങളിലെ മുടിയ്ക്ക് കാരണവും ഇത്തരത്തിലെ മെലാനോസൈററുകളുടെ വ്യത്യാസമാണ്.

ഹെയര്‍ ഫോളിക്കിളുകളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന മെലാനിന്റെ അളവിന് അനുസരിച്ചാകും ഓരോ മുടിയുടേയും നിറം. മുടി പിഴുതെടുക്കുമ്പോള്‍ പുതിയ മെലാനോസൈറ്റുകള്‍ ഉല്‍പാദിപ്പിയ്ക്കാനോ ഉള്ളത് വര്‍ദ്ധിയ്ക്കാനോ ഇടയാക്കുന്നില്ല. ഇതിനാല്‍ തന്നെ പുതുതായി വരുന്ന മുടിയും നരച്ച രൂപത്തില്‍ തന്നെയാകാനാണ് സാധ്യത കൂടുതല്‍. ഏതെങ്കിലും കാരണവശാല്‍ ആ കോശങ്ങളില്‍ മെലാനിന്‍ ഉല്‍പാദനം കൂടിയാല്‍ മാത്രമേ കറുത്ത മുടി വീണ്ടും അതില്‍ നിന്നുണ്ടാകൂ.

ഇതല്ലാതെ മുടി ഒരെണ്ണം പിഴുതാല്‍ കൂടുതല്‍ മുടി നരയ്ക്കും എന്നു പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. നരച്ച മുടി പിഴുതു കളയുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ലെന്ന് പറയാം. ഹെയര്‍ ഫോളിക്കിളുകളെ തന്നെ കേടാക്കാവുന്ന ഒന്നാണിത്. ഇതിനാല്‍ പുതിയ മുടി വരാതിരുന്നേക്കാം. മുടി ഒരെണ്ണം പിഴുതുകളയുമ്പോള്‍ സമീപത്തുള്ള മറ്റ് രോമകൂപങ്ങളും കേടാകാന്‍ ഇടയുണ്ട്. ഇതിനാല്‍ ആ മുടിവേരുകള്‍ക്കും പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ നരച്ച മുടി പിഴുതു കളയുന്നത് നല്ലൊരു പ്രവണതയല്ല.