ലണ്ടൻ മെട്രോയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കൈകൊണ്ട് ഭക്ഷണം കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. ചിലർ സ്ത്രീയെ വിമർശിക്കുകയും അവൾ “ഇന്ത്യക്കാരിയാണെന്ന് തോന്നുന്നു” എന്ന് പറഞ്ഞപ്പോൾ, മറ്റുള്ളവർ അവളെ ന്യായീകരിച്ചു.
എന്തായാലും ലണ്ടന്‍ ട്യൂബില്‍ (“ട്യൂബ്” എന്നത് ലണ്ടനും ചുറ്റുമുള്ള അണ്ടർഗ്രൗണ്ട് മെട്രോയുടെ വിളിപ്പേരാണ് ) ഇരുന്ന് ബിരിയാണി കഴിക്കുന്ന ഇന്ത്യക്കാരിയുടെ വീഡിയോ വൈറലായി. ഫോണില്‍ സംസാരിച്ചുകൊണ്ട് ആഹാരം കഴിക്കുന്ന യുവതിയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലുള്ളത്. ഇതിന് താഴെ ഒട്ടേറെപ്പേരാണ് യുവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റ് ചെയ്തത്.
പല ദക്ഷിണേഷ്യൻ സംസ്കാരങ്ങളിലും കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ പാശചാത്യരുടെ കാര്യത്തില്‍ ഇത് അപരിഷ്കൃതമായി കരുതുന്നു. ട്യൂബ് പോലുള്ള പൊതു ഇടത്തിലുള്ള ഈ പ്രവൃത്തിയെ വൃത്തിഹീനം, അല്ലെങ്കിൽ അനുചിതം എന്നാണ് എന്നാണ് അവര്‍ കരുതുന്നത്. കൂടാതെ ഫോണിൽ ഉച്ചത്തിൽ സംസാരിച്ച് മറ്റ് യാത്രക്കാരെ ശല്യപ്പെടുത്തുന്നതിനും പലരും അവരെ വിമർശിച്ചു.
കണ്ടിട്ട് അറപ്പ് തോന്നുന്നുവെന്നും ഇവര്‍ എവിടെനിന്നാണ് വരുന്നതെന്നും നിലവാരമില്ലെന്നും ചിലര്‍ കമന്റ് ചെയ്തു. സ്പൂണും ഫോര്‍ക്കും ഉപയോഗിക്കാതെ കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന യുവതിക്ക് വൃത്തിയില്ലെന്നാണ് ചിലരുടെ പക്ഷം. ഇത് അടുക്കളയല്ലെന്നും പൊതുഗതാഗത സംവിധാനമാണെന്നും ഇവരെയൊക്കെ തിരികെ നാട്ടിലേക്ക് അയയ്‌ക്കേണ്ട സമയമായെന്നും വരെ പറയുന്നവരുണ്ട്.
യുവതിയെ പിന്തുണച്ചും ഒട്ടേറെപ്പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. അവര്‍ അവരുടെ ഭക്ഷണം ആസ്വദിക്കുകയാണെന്നും അവര്‍ മറ്റാരെയും ശല്യപ്പെടുത്തുന്നില്ലല്ലോ എന്നുമാണ് ഇവരുടെ പ്രതികരണം.




