Healthy Food

മഴക്കാല രോഗങ്ങളെ ചെറുക്കാം; പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുകയാണ്. മുതിര്‍ന്നവര്‍ ആയാലും കുട്ടികള്‍ ആയാലും വളരെയധികം ശ്രദ്ധിയ്ക്കേണ്ട സമയമാണ് ഇപ്പോള്‍. രോഗം പിടിപെടാതിരിയ്ക്കാന്‍ നമ്മള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുകയാണ് വേണ്ടത്. മഴക്കാലത്ത് പനിയെ കൂടുതല്‍ കരുതണം. കാരണം, ചെറിയ ജലദോഷത്തില്‍ തുടങ്ങി എലിപ്പനി, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, ടൈഫോയിഡ്, കോളറ വരെ പകരാവുന്ന രോഗങ്ങള്‍ ഇക്കാലത്ത് പടര്‍ന്ന് പിടിക്കുന്നു.

ശുചിത്വം പാലിക്കുക എന്നതാണ് പനിയെ കരുതുന്നതിനുള്ള പ്രാഥമിക നടപടി. സ്വയം ചികിത്സ ഒഴിവാക്കുകയും തിളപ്പിച്ചാറിച്ച വെള്ളം കുടിക്കാനും മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. മഴക്കാലത്ത് രോഗങ്ങളെ ചെറുക്കാന്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിയ്ക്കാന്‍ എന്തൊക്കെ ചെയ്യാമെന്ന് നോക്കാം…

ഇലക്കറികള്‍ – ഏത് കാലാവസ്ഥയിലും ഇലക്കറികള്‍ ആരോഗ്യത്തിന് നല്ലതാണ്. വൈറ്റമിന്‍, ആന്റി ഓക്‌സിഡന്റ്‌സ്, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് ഇലക്കറികള്‍. ധാരാളം അയണും ഫോളേറ്റും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിയെ മികച്ചതാക്കാന്‍ ഇത് വളരെയധികം സഹായിക്കും. ദഹന സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കുടലിന്റെയും മറ്റും പ്രവര്‍ത്തനം സുഗമമാക്കാനും ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്.

സിട്രസ് പഴങ്ങള്‍ – ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നീ സിട്രസ് പഴങ്ങള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വൈറ്റമിന്‍ സി കൊണ്ട് സമ്പന്നമാണ് ഈ പഴങ്ങള്‍. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഈ പഴങ്ങള്‍ സഹായിക്കും. മഴക്കാലത്ത് ഈ പഴങ്ങള്‍ കഴിക്കുന്നത് ജലദോഷം, ചുമ പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന അയണ്‍ ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍ സി സഹായിക്കും.

മഞ്ഞള്‍ – നിരവധി ഔഷധ ഗുണങ്ങളാല്‍ പ്രശസ്തമാണ് മഞ്ഞള്‍. ഇതില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ എന്ന സജീവ സംയുക്തത്തിന് ശക്തമായ ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഞ്ഞള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകളും ദഹനനാളത്തിന്റെ തകരാറുകളും ഉള്‍പ്പെടെയുള്ള മഴക്കാല സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. മഞ്ഞള്‍ പോലെ തന്നെ ഏലം, കറുവാപ്പട്ട, ജാതിക്ക എന്നിവയെല്ലാം ആന്റി മൈക്രോബയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ളവയാണ്.

യോഗര്‍ട്ട് – തൈര് കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. തൈര് പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണമാണ്. തൈര് പതിവായി കഴിക്കുന്നത് ദഹനനാളത്തിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ദഹനത്തിന്റെയും ഹൃദയത്തിന്റെയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്ലെയിന്‍, മധുരമില്ലാത്ത തൈര് കഴിക്കുന്നതാണ് എപ്പോഴും നല്ലത്. അധിക പോഷകാഹാരത്തിനായി സീസണല്‍ പഴങ്ങളോ ഫ്‌ളാക്‌സ് സീഡുകളോ ചേര്‍ക്കുന്നത് ഇതിനൊപ്പം ചേര്‍ത്ത് കഴിക്കാം.

വെളുത്തുള്ളി – വെളുത്തുള്ളിയിലെ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് വെളുത്തുള്ളി. ഇതില്‍ അലിസിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ ഗുണങ്ങളുണ്ട്. വെളുത്തുള്ളി പതിവായി കഴിക്കുന്നത് മഴക്കാലത്ത് വ്യാപകമാകുന്ന ജലദോഷം, ചുമ എന്നിവ ഉള്‍പ്പെടെയുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയാന്‍ സഹായിക്കും