Featured Health

അമിതമായ ഫോൺ ഉപയോഗം; തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു! ‘ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം’, മുന്നറിയിപ്പുമായി ഡോക്ടർമാർ

ജപ്പാനിൽ അടുത്തിടെ നടന്ന ഒരു വിചിത്ര സംഭവമാണ്, എങ്ങനെ ഒരു സാധാരണ ശീലത്തിനു കൊടിയ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുന്നത്. കാര്യം എന്താണന്നല്ലേ? 25 വയസ്സുള്ള ഒരു ജാപ്പനീസ് യുവാവിന് അപൂർവമായ ഒരു അവസ്ഥ കണ്ടെത്തി, ഈ രോഗിക്ക് ഭൂരിഭാഗം സമയവും തന്റെ ഫോണിൽ നോക്കിയിരിക്കുന്ന ശീലം ഉണ്ടായിരുന്നു. അങ്ങനെ ഇയാൾക്ക് തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു. ഡോക്ടർമാർ അദ്ദേഹത്തിന്റെ അപൂർവ അവസ്ഥയെ “ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം” എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

യുവാക്കളിൽ ഈ അവസ്ഥ വളരെ അപൂർവമാണ്. അതിനാൽ മെഡിക്കൽ ജേണലായ JOS കേസ് റിപ്പോർട്ട്‌സ് അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് ആഴത്തിൽ പഠിച്ചു. കൂടാതെ വളരെ മണിക്കൂറുകളോളം കഴുത്ത് വളച്ച് ഇരിക്കുന്നതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അതിൽ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ആ മനുഷ്യന്റെ കഴുത്തിന്റെ പിൻഭാഗത്ത് ഒരു വലിയ വീക്കം വികസിച്ചതായും 2023 ൽ കഴുത്തിലെ പേശികളുടെ കാര്യക്ഷമതയില്ലായ്മ കാരണം തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടതായും കണ്ടെത്തി. കഠിനമായ കഴുത്ത് വേദന, വിഴുങ്ങാനുള്ള ബുദ്ധിമുട്ടുകൾ, ശരീരഭാരം കുറയൽ എന്നിവയായിരുന്നു പ്രകടമായ ലക്ഷണങ്ങൾ. കൂടുതൽ നേരം കുനിഞ്ഞിരിക്കുന്നത് അദ്ദേഹത്തിന്റെ പേശികളെ അങ്ങേയറ്റം ദുർബലവുമാക്കി. ഇത് കഴുത്ത് നേരെ പിടിക്കുന്ന കാര്യക്ഷമതയില്ലായ്മയ്ക്ക് കാരണമായി.

അതേസമയം രോഗിയുടെ കുട്ടിക്കാലത്തും സമാനമായ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങളിൽ, പ്രത്യേകിച്ച് കൗമാരപ്രായത്തിൽ, ഇയാൾക്ക് മറ്റുള്ളവരിൽ നിന്ന് കഠിനമായ പീഡനങ്ങളും ഒറ്റപ്പെടലും നേരിടേണ്ടി വന്നിരുന്നു. ഇത് ഇയാളിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതിനു കാരണമായി. ഒറ്റപ്പെടലിന്റെ ആഘാതം മൂലം യുവാവ് സ്കൂളിൽ നിന്ന് ഇറങ്ങിപ്പോയി. ഒടുവിൽ മൊബൈൽ ഫോൺ അവന്റെ ഏക സുഹൃത്തും ലോകവുമായിമാറി. മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ യുവാവ് തിരഞ്ഞെടുത്ത ഇരുപ്പാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായത്.

കഴുത്തിലെ അസ്ഥിയുടെ പ്രശ്നം മൂലം സെർവിക്കൽ കശേരുക്കൾ അകലുകയും അവയ്ക്ക് സ്ഥാനഭ്രംശം സംഭവിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഡോക്ടർമാർ യുവാവിന് സ്കാനിംഗ് നിർദ്ദേശിക്കുകയായിരുന്നു. ചികിത്സയ്ക്കായി കോളറുകളാണ് യുവാവ് ഉപയോഗിച്ചിരുന്നത്. എന്നാൽ രോഗിയുടെ കഴുത്തിൽ സംവേദനക്ഷമത കുറവായതിനാൽ ഡോക്ടർമാർ ശസ്ത്രക്രിയ തിരഞ്ഞെടുക്കാൻ നിർബന്ധിതരായി എന്നാണ് റിപ്പോർട്ട്. സുഖം പ്രാപിക്കാൻ അദ്ദേഹത്തിന് ഏകദേശം 6 മാസമെടുത്തു. പൂർണമായി ആരോഗ്യം വീണ്ടെടുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്.

സംഭവത്തിന്‌ പിന്നാലെ സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗം, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ഇത്തരം വിനാശകരമായ അവസ്ഥകൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥിരമായി ഒരേ ശാരീരിക നിലയിൽ മണിക്കൂറുകളോളം മൊബൈൽ ഉപയോഗിക്കുന്നത് വൻ വിപത്തിലേക്കാണ് നയിക്കുന്നത്.

ഈ സിൻഡ്രോം അപൂർവമാണ്, കൂടാതെ സ്മാർട്ട്‌ഫോണുകളുടെ അമിത ഉപയോഗവും ദീർഘനേരമുള്ള അനാരോഗ്യകരമായ കഴുത്ത് പോസുകളും, നട്ടെല്ലിന് ഉണ്ടാകുന്ന വൈകല്യങ്ങൾ മൂലവും സംഭവിക്കാവുന്ന ഒരു ന്യൂറോമസ്കുലാർ രോഗമാണ് ഇത്. അതിനാൽ മൊബൈൽ ഫോണുകൾ മിതമായി ഉപയോഗിക്കാനും ഉപയോഗത്തിനിടയിൽ പതിവായി ഇടവേളകൾ എടുക്കാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *