Featured Movie News

എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പേടി തോന്നി ; കുഞ്ചാക്കോ ബോബന്‍

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രമാണ് ചാവേര്‍. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സിനിമയുടേതായി ഇറങ്ങിയ ടൈറ്റില്‍ പോസ്റ്ററും ടീസറും ഫസ്റ്റ് ലുക്കുമൊക്കെ വളരെയധികം ശ്രദ്ധേയമായിരുന്നു.

‘ചാവേറി’ല്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന കഥാപാത്രത്തിന്റെ ലുക്കും ചര്‍ച്ചയായിരുന്നു. ചാവേറിലെ സഖാവ് അശോകന്‍ എന്ന കഥാപാത്രത്തെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ തനിക്ക് തന്നെ പേടി തോന്നിയെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേക്കുറിച്ച് ചാക്കോച്ചന്‍ തുറന്നു പറഞ്ഞത്.

” ചിത്രത്തിനായി ആദ്യം തന്നെ ഫൈറ്റ് സീക്വന്‍സും കാര്യങ്ങളുമാണ് എടുത്തത്. അതിന്റെ ഒരു വളരെ റോ ആയുള്ള വളരെ റഫ് ആയുള്ള നമ്മള്‍ ഒന്നും ചെയ്യാത്ത ഒരു റഫ് കട്ട് സംവിധായകന്‍ കാണിച്ചപ്പോള്‍ എനിക്ക് സത്യം പറഞ്ഞാല്‍ ആ അശോകനെ കണ്ടപ്പോള്‍ പേടി തോന്നി. എനിക്ക് എന്നെ തന്നെ സ്‌ക്രീനില്‍ കണ്ടപ്പോള്‍ പേടി തോന്നി. അത് ആ ക്രിയേറ്ററിന്റെ മിടുക്കാണ്. പിന്നെ ആഡ് ഓണ്‍ ആയിട്ടുള്ള കുറേ കാര്യങ്ങളാണ് സിനിമാറ്റോഗ്രാഫി, മ്യൂസിക്, ബിജിഎം, സീക്വന്‍സിന്റെ ഒരു ഫീല്‍ അതെല്ലാം ഇതിനെ പിന്നീട് കൊഴുപ്പിയ്ക്കുന്നു. സഖാവ് അശോകനെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്റമ്മേ…..ഇത് ഞാന്‍ തന്നെയാണോയെന്ന് പേടി തോന്നും. അല്ലെങ്കില്‍ സഖാവ് അശോകന്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ അത് എഫക്ട് ചെയ്യുന്ന ആളോട് എനിക്ക് തന്നെ സഹതാപം തോന്നുമായിരുന്നു.” -ചാക്കോച്ചന്‍ പറയുന്നു.

അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്. ജസ്റ്റിന്‍ വര്‍ഗീസ്. ചാവേര്‍ സെപ്റ്റംബര്‍ 21ന് പ്രദര്‍ശനത്തിന് എത്തും.